മലയാള രാജ്യം; കേരങ്ങളുടെ നാട് ‘കേരള’മായതാണോ?
Mail This Article
കേരളം എന്ന പേര് എങ്ങനെ കിട്ടിയെന്നതു സബന്ധിച്ച് എത്രയെത്ര വാദങ്ങളാണെന്നോ. അവയിൽ ചിലതു നോക്കാം. ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്നത് കേരങ്ങളുടെ നാട് ‘കേരള’മായി എന്നതാണ്. കേരങ്ങളിൽ നിന്നു കേരളമുണ്ടായതിനെ മിക്കവാറും ചരിത്രകാരൻമാർ അംഗീകരിക്കുന്നില്ല. പ്രകൃതി പ്രതിഭാസങ്ങൾ നിമിത്തം കടൽ പിൻവാങ്ങി രൂപംകൊണ്ട ഭൂപ്രദേശമാണ് കേരളമെന്ന് ഭൂഗർഭശാസ്‌ത്രജ്‌ഞർ പറയുന്നു. ഇതിനോട് ചേരുന്ന ഒരു ഐതിഹ്യവും നമുക്കുണ്ട്. മഹാവിഷ്‌ണുവിന്റെ ത്രേതായുഗ അവതാരമായ പരശുരാമൻ തന്റെ ആയുധമായ പരശു (മഴു) ഗോകർണത്തുനിന്നു കന്യാകുമാരിയിലേക്കെറിഞ്ഞെന്നും മഴു പതിച്ച ഭാഗം (ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള ഭൂമി) കടൽ പിൻവാങ്ങി, ആ പ്രദേശം കേരളമായെന്നും വിശ്വസിക്കപ്പെടുന്നു.
അറബിക്കടലിനും സഹ്യപർവതത്തിനുമിടയ്‌ക്കുള്ള ദേശത്തെ സംസ്‌കൃത സാഹിത്യത്തിൽ കേരളമെന്നുതന്നെ വിളിച്ചു കാണുന്നുണ്ട്. പ്രാചീന ഗ്രന്ഥങ്ങളിൽ കേരളത്തിന് ചേരം എന്നു പര്യായപദമുപയോഗിച്ചു കാണുന്നു. ദക്ഷിണേന്ത്യയിലെ ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നല്ലോ നമ്മുടെ നാടും. ചേര രാജ്യത്തെ പിന്നീട് ‘ചേരം’ എന്നും ‘ചേരളം’ എന്നും വിളിച്ചുവന്നത് കാലക്രമത്തിൽ ‘കേരള’മായെന്ന് ചരിത്രം പറയുന്നു. ചേര ശബ്‌ദത്തിന്റെ കർണാടക ഉച്ചാരണമാണ് കേരളമെന്ന് ഗുണ്ടർട്ട് പറയുന്നുണ്ട്. ‘ചേരളം’ എന്നതിന് മറ്റൊരഭിപ്രായംകൂടി പറയപ്പെടുന്നു. ചേർ, ചേർന്ത എന്നിവയ്‌ക്ക് കൂടിച്ചേർന്നത് എന്ന് അർഥം വരും. കടൽമാറി കരയോടിങ്ങനെ ചേർന്ന പ്രദേശത്തെ ചേരളം എന്നു വിളിച്ചു എന്നാണിവിടെ പറയുന്നത്.
ചാരൽ എന്നാൽ മലഞ്ചെരിവ് എന്നർഥമുണ്ട്. കേരളമാവട്ടെ, മലകളുടെ നാടുമാണ്. ഈ ചാരൽ ഉച്ചാരണ മാറ്റം സംഭവിച്ച് ചേരലായെന്നും അത് പിന്നീട് ചേരനാടായ ചേരളമായെന്നും അത് തന്നെയാണ് ഇന്നത്തെ കേരളമെന്നും ചില ചരിത്രകാരൻമാർ പറയുന്നു. ‘ചേരള’ത്തിൽ നിന്നു ‘കേരളം’ വന്നതിന് സംസ്‌കൃത ഭാഷയുടെ പിൻബലം ഏറെയുണ്ടെന്നു ഭാഷാ പണ്ഡിതർ അഭിപ്രായപ്പെടുന്നു.