ADVERTISEMENT

സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ട വാൽനക്ഷത്രങ്ങളിൽ വലുപ്പം കൊണ്ട് രണ്ടാമനാണ് ബെർണാഡിനെലി-ബ്രെയ്ൻസ്റ്റീൻ മെഗാകോമറ്റ്. 100 കിലോമീറ്റർ വിസ്തീർണമുള്ള ഈ വാൽനക്ഷത്രം സാധാരണ വാൽനക്ഷത്രങ്ങളേക്കാൾ 1000 മടങ്ങ് ഭാരമുള്ളതാണ്. ഭൂമിയിൽ നിന്നു ശതകോടിക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഊർട്ട് ക്ലൗഡ് എന്ന മേഖലയിലാണു വാൽനക്ഷത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. 

2031ലാകും വാൽനക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്ത ദൂരമെത്തുന്നത്. അപ്പോഴും വളരെ സുരക്ഷിതമായ അകലത്തിലാകും ഇതു നിൽക്കുകയെന്ന് ഗവേഷകർ പറയുന്നു. ശനിയുടെ ഭ്രമണപഥത്തിനപ്പുറം വരെ ഇതെത്തും. എന്നാൽ ഇന്നർ സോളർ സിസ്റ്റം എന്നറിയപ്പെടുന്ന ചൊവ്വ മുതൽ സൗരയൂഥത്തിന്റെ ഉള്ളിലേക്കു നീളുന്ന മേഖലയിൽ ഇതെത്തില്ല. ‌ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ അന്ന് ഭൂമിയിലുള്ളവർക്ക് ഈ വാൽനക്ഷത്രത്തെ കാണാം.

2014ൽ ആണ് വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. ഭീകരമായ വലുപ്പം മൂലം ഒരു കുള്ളൻ ഗ്രഹമാണെന്നായിരുന്നു ശാസ്ത്രജ്ഞർ ആദ്യം വിചാരിച്ചത്. വമ്പൻ പാറകളും കുള്ളൻഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന ഇടമാണ് ഊർട്ട് ക്ലൗഡ്. എന്നാൽ കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ 'വാൽ' കണ്ടെത്തുകയും ഇതു വാൽനക്ഷത്രമാണെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേരുകയും ചെയ്തു. മറ്റൊരു കൗതുകകരമായ കാര്യം കൂടി ശാസ്ത്രജ്ഞർ കണ്ടെത്തി.

35 ലക്ഷം വർഷം മുൻപാണ് ബെർഡാഡിനെലി ഭൂമിക്ക് തൊട്ടരികിൽ ഇതുപോലെ എത്തിയതത്രേ... വളരെക്കാലങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ രണ്ടാംവരവെന്ന് അർഥം. പണ്ടുവന്നപ്പോൾ എത്തിയതിനേക്കാൾ അടുത്താണ് ഇത്തവണ എത്തുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഡാർക്ക് എനർജി സർവേ എന്ന ബഹിരാകാശ പ്രോജക്ടാണ് ഈ വാൽനക്ഷത്രത്തിന്റെ കണ്ടെത്തലിനു വഴിയായത്. 30000 കോടി ബഹിരാകാശവസ്തുക്കളെ പഠിച്ച ഈ പ്രോജക്ട് നെപ്റ്റിയൂണിനപ്പുറമുള്ള 800 വസ്തുക്കളെ കണ്ടെത്തുകയും ചെയ്തു. 

ഇതു ശേഖരിച്ച ചിത്രങ്ങളിൽ നിന്ന് ബഹിരാകാശ ശാസ്ത്രജ്ഞരായ പെട്രോ ബെർണാഡിഡെലി, ഗാരി ബേൺസ്റ്റീൻ എന്നീ ശാസ്ത്രജ്ഞരാണ് വാൽനക്ഷത്രത്തിനെ കണ്ടെത്തിയത്. അതോടെ ഇവരുടെ പേരും ഇതിനു ലഭിച്ചു. 2060 കൈറോൺ എന്ന വാൽനക്ഷത്രമാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ വാൽനക്ഷത്രമായി കണക്കാക്കപ്പെടുന്നത്. ഇടക്കാലത്ത് ഛിന്നഗ്രഹമെന്നും ചെറുഗ്രഹമെന്നുമൊക്കെ ഇതറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇതിനെ വാൽനക്ഷത്ര ഗണത്തിലുള്ള ചെറുഗ്രഹമായി കണക്കാക്കാൻ തുടങ്ങി.

English Summary:

Bernardinelli-Bernstein: Second Largest Comet Ever Discovered Headed Our Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com