നാവിൽ മധുരമൂറുന്ന, ഉള്ളു തണുപ്പിക്കുന്ന ഐസ്‌ക്രീം! ഉദ്ഭവിച്ചത് പഴയകാല ഇറാനിൽ
Mail This Article
ലോകവ്യാപകമായി ആളുകൾക്ക് പ്രത്യേകിച്ചും കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഐസ്‌ക്രീം. മധുരതരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള തയാറാക്കലും ഏറ്റവും പ്രധാനമായി തണുപ്പുമാണ് ഐസ്‌ക്രീമിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങൾ. ഇന്ന് ലോകത്ത് പല വകഭേദങ്ങളിലും രുചികളിലുമായി അനേകമനേകം ഐസ്‌ക്രീമുകളുണ്ട്. ഐസ്‌ക്രീമിന്റെ ചരിത്രത്തിനു നല്ല പഴക്കമുണ്ട്. 2500 വർഷം മുൻപ് പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) ജനങ്ങൾ മലകളിൽ നിന്നു ശേഖരിക്കുന്ന മഞ്ഞിലേക്ക് മുന്തിരിച്ചാറൊഴിച്ച് കഴിച്ചിരുന്നു. ഇത് ഐസ്‌ക്രീമിന്റെ പ്രാചീന വകഭേദമാണ്. ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോൾ പേർഷ്യയിലെ രാജാവിന്റെ പാചകക്കാർ പനിനീരും വെർമിസിലിയും കുങ്കുമപ്പൂവും മധുരവസ്തുക്കളും പഴങ്ങളുമൊക്കെ ഐസുമായി കൂട്ടിക്കലർത്തി രുചികരമായ ഐസ്‌ക്രീം രാജാവിനായി ഉണ്ടാക്കി.
റോമൻ ചക്രവർത്തിയായ നീറോയ്ക്കും ഐസ്‌ക്രീം വളരെ ഇഷ്ടമായിരുന്നു. 800-900 എഡി കാലഘട്ടത്തിൽ അറബികളാണ് ഐസ്‌ക്രീമിൽ പാൽ ഉപയോഗിച്ചു തുടങ്ങിയത്. ഇന്നത്തെ കാലത്തെ ഐസ്‌ക്രീമുകളുടെ ആദിമരൂപങ്ങൾ തയാറാക്കിയത് അറബികളാണെന്നു പറയാം. എഡി പത്താം നൂറ്റാണ്ടായപ്പോഴേക്കും ഐസ്‌ക്രീം പല അറബ് മേഖലകളിലും തയാർ ചെയ്തിരുന്നു. പിൽക്കാലത്ത് യൂറോപ്പിലും ഐസ്‌ക്രീം തരംഗമായി. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ് വടക്കേ അമേരിക്കയിൽ ഐസ്‌ക്രീം എത്തിയത്. എന്നാൽ അവിടെ അത് വ്യാപകമായി ഉത്പാദിപ്പിക്കപ്പെട്ടു. ലോകത്തിന്റെ പല കോണുകളിലേക്കും അമേരിക്കൻ റെസിപ്പികളിലുള്ള ഐസ്‌ക്രീം എത്തപ്പെട്ടു. ഐസ്‌ക്രീം ഉദ്ഭവിച്ചത് അമേരിക്കയിലാണെന്നുപോലും തെറ്റിദ്ധരിക്കാൻ ഇതിടയാക്കി.
ഐസ്ക്രീമിന്റെ രുചിയുള്ള ഒരു വാഴപ്പഴമുണ്ടെന്നറിയാമോ? ബ്ലൂ ജാവ ബനാന എന്നറിയപ്പെടുന്ന വാഴപ്പഴം. വാനില ഐസ്‌ക്രീമിന്റെ രുചിയാണ് ഈ വാഴപ്പഴത്തിന്. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ അമേരിക്ക, ഹവായ് തുടങ്ങിയിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. 1920ല്‍ ഹവായിയിലെത്തിയ ഇവ ഇവിടെ വ്യാപകമായി കൃഷി ചെയ്യപ്പെട്ടു. അതിനാല്‍ തന്നെ ഹവായിയന്‍ ബനാന എന്നും ഇതിനു പേരുണ്ട്. ഐസ്‌ക്രീം ബനാന, നയെ മന്നന്‍, കാരി, കെന്‍ജി തുടങ്ങിയ പേരുകളിലും ഇതറിയപ്പെടുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ബല്‍ബിസിയാന, അക്യൂമിനാറ്റ എന്നീ വാഴകളുടെ സങ്കരയിനമാണു ബ്ലൂ ജാവ ബനാന. പഴത്തൊലിയിലെ പ്രത്യേക മെഴുകുപാളിയാണ് ഇവയ്ക്ക് നീല നിറം നല്‍കുന്നത്. പഴം പഴുത്തു മൂക്കുന്നതിനൊപ്പം ഈ നീലനിറം പതിയെ മാഞ്ഞു തുടങ്ങും. തൊലിക്കകത്തുള്ള ദശയ്ക്ക് വാനിലയുടെ ഏകദേശ രുചിയാണ്. സാധാരണ വാഴപ്പഴങ്ങളേക്കാള്‍ കനമുള്ളവയാണ് ഈ പഴങ്ങള്‍. ഫൈബര്‍, മാന്‍ഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, സെലീനിയം തുടങ്ങിയ മൂലകങ്ങളാല്‍ സമ്പന്നവുമാണ് ബ്ലൂ ജാവ ബനാന. ഐസ്‌ക്രീം രുചി കാരണം ഹവായിയിലും മറ്റും സ്മൂത്തികളിലും ഡെസേര്‍ട്ടുകളിലും കസ്റ്റര്‍ഡുകളിലുമെല്ലാം ഇതുപയോഗിക്കുന്നുണ്ട്. ബ്ലൂ ജാവ വാഴകള്‍ക്ക് 14 അടി വരെ പൊക്കമുണ്ടാകും. ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ കായ്ക്കുകയും ചെയ്യും.