ഗണിതശാസ്ത്ര കയ്യാങ്കളിയിൽ മൂക്കുപോയി! സ്വർണമൂക്ക് ഫിറ്റ് ചെയ്തു നടന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ
Mail This Article
ദ്വിമാനസമവാക്യത്തിന്റെ സാമാന്യരൂപം ചോദിച്ച് ഉത്തരം പറയാതിരുന്നതിന് ചാക്കോ മാഷ് തോമായെ ശകാരിക്കുകയും ക്ലാസിൽ വച്ചു താഴ്ത്തിക്കെട്ടുകയും ചെയ്തു. ഇതിന്റെ പ്രതികാരത്തിനാണ് തോമാ സഹപാഠിയായ ബാലുവിന്റെ കയ്യിൽ കോംപസു കൊണ്ട് കുത്തിയത്. കണക്കിലെ ഒരു ഫോർമുല കാരണം മലയാള സിനിമയിൽ പണികിട്ടിയത് ബാലുവിന് മാത്രമായിരിക്കും. സ്ഫടികത്തിന്റെ കഥയാണ് പറഞ്ഞത്.
എന്നാൽ കണക്കിലെ ഒരു ഫോർമുല സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് മൂക്ക് പോയ ഒരു ശാസ്ത്രജ്ഞനെപ്പറ്റി കേട്ടിട്ടുണ്ടോ? അദ്ദേഹമാണ് ടൈക്കോ ബ്രാഹി. ഇരുപതു വയസ്സുള്ളപ്പോഴായിരുന്നു ബ്രാഹിയും മറ്റൊരു ശാസ്ത്ര വിദ്യാർഥിയുമായി തർക്കം ഉടലെടുത്തത്. താമസിയാതെ തർക്കം മൂത്ത് കയ്യാങ്കളിയായി. എതിരാളിയുടെ ഇടിയിൽ മൂക്കും നഷ്ടപ്പെട്ടു. തുടർന്ന് സ്വർണം കൊണ്ടുണ്ടാക്കിയ ഒരു മൂക്ക് വച്ചാണ് ബ്രാഹി നടന്നിരുന്നത്. വെള്ളിയിലായിരുന്നു ഈ മൂക്ക് നിർമിച്ചതെന്ന് മറ്റു ചിലർ പറയുന്നു. പിൽക്കാലത്ത് ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിശാസ്ത്രജ്ഞരിലൊരാളായി ബ്രാഹി മാറി.
ഡെൻമാർക്കിലെ പ്രഭുകുടുംബത്തിൽ ജനിച്ച ബ്രാഹി അക്കാലത്തെ ഒരു ശാസ്ത്രസെലിബ്രിറ്റി കൂടിയായിരുന്നു. എപ്പോഴും അത്താഴവിരുന്നുകളും പാർട്ടികളുമൊക്കെയായി അദ്ദേഹം നടന്നു. വിചിത്രമായ താൽപര്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അരുമമൃഗമായി വീട്ടിൽ ഒരു കലമാനിനെ വളർത്തിയത് ഇതിൽ ഉൾപ്പെടും. 1560ൽ 14 വയസ്സുള്ളപ്പോഴാണ് ബ്രാഹിക്ക് ജ്യോതിശാസ്ത്രത്തിൽ കമ്പം കയറിയത്. 1563ൽ അദ്ദേഹം അന്നുണ്ടായിരുന്ന പല ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും തെറ്റായിരുന്നെന്ന് പ്രവചിച്ചു. പിൽക്കാലത്ത് ബ്രാഹി ഒരു അസിസ്റ്റന്റിനെ നിയമിച്ചു. ആരായിരുന്നെന്നോ അത്. ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിശ്ശാസ്ത്രജ്ഞരിൽ ഒരാളും ഗണിതശാസ്ത്ര പ്രതിഭയുമായ യൊഹാനസ് കെപ്ലർ.