ടെലിപ്പതി – സിറാജ് പഴയിടത്ത് എഴുതിയ ചെറുകഥ
Mail This Article
അന്നൊരു തിരക്ക് പിടിച്ച ദിവസം ആയിരുന്നു. ധൃതി പിടിച്ചുള്ള എറണാകുളം യാത്രയിൽ ഒരു വളവ് തിരിഞ്ഞ് ഞാൻ നേരെ കയറിച്ചെന്നത് ഒരു ബസ്സിന്റെ മുന്നിലേക്ക്. കണ്ണുകൾ അടഞ്ഞു പോയതാണോ, ഒരു നിമിഷം ബോധമനസ്സ് ഷോർട്ട് ആയതാണോ എന്തോ.. ഞാൻ ലെഫ്റ്റ് വെട്ടിച്ചിരുന്നെങ്കിലും ഞാനാകെ ഒന്ന് ആടിയുലഞ്ഞത് ഞാനറിഞ്ഞു.. ബൈക്കിൽ നിന്ന് തെറിച്ച് ഞാൻ റോഡിലേക്ക് വീണ് പലതവണ തലകുത്തി മറിഞ്ഞ് പിന്നെ ഉരുണ്ട് പോയി. പതിയെ ഞാൻ എഴുന്നേറ്റിരുന്നു. ബസ് ബൈക്കിനെ കുറച്ച് മുന്നോട്ട് നിരക്കി കൊണ്ട് പോയിട്ടുണ്ട്. ഞാൻ എഴുന്നേറ്റു. എനിക്ക് കുഴപ്പമൊന്നുമില്ല. ഹെൽമറ്റ് ഞാൻ ഊരിയെടുത്തു. ഹെൽമറ്റിൽ കുറച്ച് പോറലുകൾ. ഒരു ഭാഗം നന്നായി ഉരഞ്ഞിട്ടുണ്ട്. ആളുകളും ബസ്സിലെ ജോലിക്കാരുമെല്ലാം ഓടിക്കൂടി.. ഞാൻ എന്റെ കൈകളിൽ നോക്കി. എവിടെയും ചോരയില്ല. തുടയും കാലുകളും തടവി നോക്കി. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. എന്റെ മുഖത്ത് എവിടെ നിന്നെങ്കിലും ചോര വരുന്നുണ്ടോ എന്ന് ഞാൻ ആളുകളോട് ചോദിച്ചു.. ഇല്ല, പക്ഷേ നിങ്ങളുടെ ഷർട്ട് പുറകിൽ നീളത്തിൽ കീറിയിട്ടുണ്ട് എന്നവർ പറഞ്ഞു. നടക്കാൻ ശ്രമിച്ചപ്പോഴാണ് ചെരിപ്പ് പൊട്ടിപ്പോയത് മനസ്സിലായത്. ആളുകൾ ബൈക്കെടുത്ത് ഒരു വീടിന്റെ മുറ്റത്തേക്ക് വെച്ചു.
ഒരു കിലോമീറ്റർ അപ്പുറത്തുള്ള എന്റെ സുഹൃത്ത് ഷിയയ്ക്ക് ഞാൻ ഫോൺ ചെയ്തു. അഞ്ച് മിനിറ്റിനകം അവൻ അവിടെയെത്തി.. അപ്പോഴേക്കും മൊബൈൽ നമ്പർ വാങ്ങി ഞാൻ ബസ്സ്കാരെ പറഞ്ഞു വിട്ടിരുന്നു. അവൻ കൊണ്ട് വന്ന ഷർട്ട് ഞാൻ അവിടെ നിന്ന് മാറി. അതിനിടയിൽ അവൻ നാട്ടുകാരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ അടുത്തേക്ക് വന്ന് ആശുപത്രിയിൽ പോയാലോ എന്നവൻ ചോദിച്ചു. ഒരു പോറൽ പോലുമില്ലാത്ത ഞാൻ എന്തിനാണ് ആശുപത്രിയിൽ പോകുന്നത്. സ്റ്റേഷനിൽ പോയി ജി ഡി എൻട്രി എഴുതി ഞാൻ വീട്ടിൽ പോകുന്നു എന്നും പറഞ്ഞ് ഞാനവന്റെ കാറിൽ കയറി. യാത്രയിൽ അവനൊരു കാര്യം പറഞ്ഞു.. അവിടെ കൂടിയ നാട്ടുകാർ ചോദിച്ചെന്ന്, അവൻ വല്ല ലഹരിയുമാണോ, അതോ അവന്റെ ധൈര്യമോ.. ഇത്രയും വലിയ ആക്സിഡന്റ് നടന്നിട്ടും അവനൊരു കൂസലുമില്ലല്ലോന്ന്... സംഭവിക്കാനുള്ളത് സംഭവിക്കും. അതിലിപ്പോൾ ഭയന്നാലും ഇല്ലെങ്കിലും സംഭവിക്കും. അതാണെന്റെ ധൈര്യം എന്ന് ഞാൻ അവനോട് പറഞ്ഞു..
സ്റ്റേഷനിലെ കാര്യങ്ങളൊക്കെ വേഗത്തിൽ നടത്തി ബസ്സ്കാരെ പറഞ്ഞ് വിട്ട് ഞങ്ങൾ പുറത്തിറങ്ങി.. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അടുത്ത് കണ്ട ഹോട്ടലിൽ കയറി ബീഫ് ബിരിയാണി ഓർഡർ ചെയ്തു. ബിരിയാണിയിൽ കൈയ്യിട്ടതും, ഉമ്മാടെ ഫോൺ.. "നീ എവിടെയാണ്.." "ഞാൻ പെരുമ്പാവൂർ ഉണ്ട്.." "കൂടെയാരാ.." "ഷിയ ഉണ്ട്.. എന്ത്യേ ഉമ്മാ.." "നീ വല്ലതും കഴിച്ചോ.." "ഞാൻ കഴിക്കുകയാണ്.. എന്താണ് കാര്യം.." "ഒന്നൂല, ഞാൻ ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങി. ആ മയക്കത്തിൽ നിന്നെ സ്വപ്നം കണ്ട് ഞാൻ എഴുന്നേറ്റു.. ഒരു പേടിപ്പിക്കുന്ന സ്വപ്നം.." "ഉമ്മ പേടിക്കേണ്ട.. എനിക്ക് ഒന്നുമില്ല." "നിന്റെ കൂടെ ശരിക്കും ഷിയ ഉണ്ടോ.." "ഉണ്ട്ന്നേ.. ഉമ്മാക്ക് സംസാരിക്കണോ.." "വേണ്ട.. നീ കഴിച്ചോ.." എന്നും പറഞ്ഞ് കോൾ കട്ടായി.. വൈകിട്ടോടെ കൂട്ടുകാരന്റെ ബൈക്കുമായി ഞാൻ വീട്ടിൽ എത്തി.. പ്രതിസന്ധികൾ വിലങ്ങായി നിൽക്കുമ്പോഴെല്ലാം ഞാൻ വെല്ലുമ്മാടെ അടുത്ത് ചെന്നിരിക്കും. ഞാൻ ഒന്നും പറയില്ല എങ്കിലും, എന്റെ കൈ പിടിച്ചിരുന്ന് വെല്ലിമ്മ എന്തെങ്കിലും ഒക്കെ പറയും. അവിടെ നിന്നിറങ്ങുമ്പോൾ മനസ്സ് ശാന്തമായിരിക്കും..
അന്നും വൈകിട്ട് ഞാൻ വെല്ലിമ്മാടെ അടുത്ത് ചെന്നിരുന്നു. പക്ഷേ, വെല്ലിമ്മ പഴയ പോലെ അല്ല. പകുതി സമയവും അബോധാവസ്ഥയിൽ ആണ്. ബോധം വരുമ്പോഴും വ്യക്തമായ രീതികൾ ഒന്നും തന്നെയില്ല.. ഞാൻ വെല്ലിമ്മാനെ നോക്കി ഇരുന്നു. പെട്ടെന്ന് റൂമിലേക്ക് വന്ന എളീമ്മ പറഞ്ഞു, സജീ.. ഇന്നുച്ചയ്ക്ക് വെല്ലിമ്മാക്ക് പെട്ടെന്ന് ബോധം വന്നു. സജീ സജീ എന്ന് ഉറക്കെ വിളിച്ചു. ഞാനോടിച്ചെന്ന് എന്താണുമ്മ എന്ന് ചോദിച്ചപ്പോൾ സജി എന്ത്യേ എന്ന് ചോദിച്ചു. സജി ഇവിടെയില്ല എന്ന് പറഞ്ഞപ്പോൾ കുഞ്ഞോനെന്ത്യേ എന്ന് വാപ്പാനെ അന്വേഷിച്ചു. വാപ്പിച്ചിയും അവിടെയില്ല എന്ന് പറഞ്ഞപ്പോൾ ബാക്കിയുള്ളവരൊക്കെ ഏന്ത്യേ എന്ന് ചോദിച്ചു.. ഇവിടെ ഇപ്പോൾ വേറെ ആരുമില്ല ഉമ്മാ എന്ന് പറഞ്ഞപ്പോൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു.. ചോദിച്ചിട്ടും വേറെ ഒന്നും പറഞ്ഞില്ല.. എന്തെങ്കിലും സ്വപ്നം കണ്ടതാകും. ഞാനൊരു ഞെട്ടലോടെയാണ് കേട്ടിരുന്നത്. ഞാൻ തല താഴ്ത്തി വെല്ലുമ്മാടെ ചെവിയിൽ പറഞ്ഞു. സജി ഇവിടെ തന്നെയുണ്ട്. എനിക്ക് ഒരു കുഴപ്പവുമില്ല..
ഞാനാ ചുളിഞ്ഞ കൈകൾ തടവി അവിടെ ഇരുന്നു. ഞാനാ മുഖത്തേക്ക് നോക്കി.. എന്ത് സ്വപ്നമാണ് വെല്ലിമ്മ കണ്ടതെന്ന് ഞാൻ ഓർത്തു. അടുത്തിരുന്ന് ഖുർആൻ ഓതി വെല്ലുമ്മാനെ മന്ത്രിക്കുന്ന ഉമ്മാനേയും ഞാനൊന്ന് നോക്കി.. ഇന്നും എനിക്ക് മനസ്സിലാകാത്തത് എന്താണ് അന്ന് സംഭവിച്ചത്.. ചിലതൊന്നും ഒരിക്കലും നമുക്ക് നിർവചിക്കാൻ ആകാറില്ല എന്ന് ഞാനോർത്തു...