ഭരണഘടനയുടെ ബാലപാഠം
Mail This Article
ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികം പ്രമാണിച്ച് മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളും ചിത്രങ്ങളുമൊക്കെ കാണുകയായിരുന്നു ചിന്നുമോൾ.
‘അച്ഛാ, ഈ ഭരണഘടനയെക്കുറിച്ചു പഠിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കുറെ ലേഖനങ്ങളൊക്കെ വായിക്കുകയും ചെയ്തു. എന്നാലും ഇതിൽ പറയുന്ന പല കാര്യങ്ങളും എനിക്കു പൂർണമായി പിടികിട്ടുന്നില്ല. മനസ്സിലാകുന്ന പോലെ ഒന്നു പറഞ്ഞുതരാമോ..?’
‘ഭരണഘടന എന്താണെന്നു പറഞ്ഞുതന്നെ തുടങ്ങാം. ഒരു രാജ്യത്ത് ധാരാളം നിയമങ്ങൾ ഉണ്ടായിരിക്കുമെന്ന് അറിയാമല്ലോ? അവയ്ക്കെല്ലാം ഉപരിയായി ഒരുകൂട്ടം ചട്ടങ്ങൾ ഉണ്ടായിരിക്കും. പൗരന്മാർക്ക് അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി സർക്കാരിനു നിയമങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ചട്ടങ്ങൾ. ഈ ചട്ടങ്ങളുടെ സമന്വയത്തെ ഭരണഘടന എന്നു വിളിക്കാം. രാജ്യത്തെ അടിസ്ഥാന നിയമസംഹിതയാണിത്’. അച്ഛൻ പറഞ്ഞു നിർത്തി.
‘സത്യം പറയാമല്ലോ അച്ഛാ, എല്ലായ്പോഴും കേൾക്കുന്നതാണെങ്കിലും ഈ പൗരത്വം എന്നതിന്റെ ശരിയായ അർഥം എനിക്കറിയില്ല’. ചിന്നുമോൾ സംശയങ്ങളുടെ കെട്ടഴിച്ചു തുടങ്ങി.
‘നമ്മുടെ ഭരണഘടന പ്രകാരം 3 വ്യവസ്ഥകളനുസരിച്ച് ഒരു വ്യക്തിയെ ഇന്ത്യൻ പൗരത്വമുള്ള ആളായി കണക്കാക്കാം. ഇന്ത്യയിൽ ജനിച്ച ആളായിരിക്കണം, അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചിരിക്കണം, അതുമല്ലെങ്കിൽ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനു മുൻപ് 5 വർഷമെങ്കിലും ഇന്ത്യയിൽ താമസിച്ചിരിക്കണം’
‘ഓഹോ, അപ്പോൾ മദർ തെരേസ ഇന്ത്യൻ പൗരയാണോ?’
‘അതെ, മദർ തെരേസ ജനിച്ചത് ഇന്ത്യയിലല്ലെങ്കിലും പൗരത്വത്തിനായി അപേക്ഷിച്ചു. നിയമ നടപടികളിലൂടെ സർക്കാർ അവർക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനാൽ ഇന്ത്യക്കാരിയാവുകയും ചെയ്തു. ഇത് ആർജിത പൗരത്വം എന്നാണ് അറിയപ്പെടുന്നത്’
‘അപ്പോൾ മുൻപ് പറഞ്ഞത് സ്വാഭാവിക പൗരത്വം അല്ലേ?... പിന്നെ, നമ്മുടെ ഭരണഘടന ആരാണ് ഉണ്ടാക്കിയത്?’ കറങ്ങിത്തിരിഞ്ഞ് വീണ്ടും ചിന്നു മോൾ ഭരണഘടനയിലേക്ക് എത്തി.
‘രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെട്ട ഒരു സമിതിയാണ് ഭരണഘടന നിർമിച്ചത്. ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ഡോ. ബി.ആർ.അംബേദ്കർ ആണെന്ന് നീ പഠിച്ചിട്ടുണ്ടാകുമല്ലോ?’
‘അതെയതെ, ഡോ.രാജേന്ദ്ര പ്രസാദിന്റെയും ഡോ.അംബേദ്കറിന്റെയും പേരുകളാണ് ഭരണഘടന എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് എത്തുന്നത്. പക്ഷേ, ഇന്ത്യ ജനാധിപത്യ ഫെഡറൽ രാഷ്ട്രം ആണ് എന്നൊക്കെ പറഞ്ഞാൽ എനിക്കങ്ങു പൂർണമായും പിടികിട്ടുന്നില്ല’– ചിന്നുമോൾ നിസ്സഹായത വെളിപ്പെടുത്തി.
‘അതു പറഞ്ഞുതരാം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഭരണം നടത്തുകയും ജനങ്ങൾ അടിസ്ഥാന സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ രാജ്യം വിവിധ സംസ്ഥാനങ്ങളായി തിരിച്ചിരിക്കുകയും ഓരോന്നിനും പ്രത്യേക സർക്കാരുണ്ടായിരിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും രാഷ്ട്രമേധാവി’.
‘ശരി, ഇപ്പോൾ പിടികിട്ടി. ഇനി മൗലികാവകാശങ്ങൾ എന്താണെന്നു പറയൂ..’
‘അന്തസ്സും വ്യക്തിത്വവും നിലനിർത്തുവാൻ ഒഴിവാക്കാൻ പാടില്ലാത്ത പ്രാഥമിക അവകാശങ്ങളാണു മൗലിക അവകാശങ്ങൾ. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമൊക്കെയുള്ള അവകാശങ്ങൾ എല്ലാം ഇതിൽപെടും. അവയുടെ ലംഘനമുണ്ടായാൽ സുപ്രീംകോടതിയിൽ നേരിട്ടു പരാതി നൽകാം’.
‘അപ്പോൾ നിർദ്ദേശക തത്വങ്ങളോ?’– ചിന്നുമോൾ വിടുന്ന പ്രശ്നമില്ല.
‘സർക്കാരുകൾക്കു നേടിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങളെ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളാണിവ .ഭരണഘടനയുടെ ഭാഗം IVൽ 37 മുതൽ 51 വരെ അനുച്ഛേദങ്ങളിലായാണ് ഇവ പരാമർശിച്ചിട്ടുള്ളത്’.
‘ഈ ഭേദഗതി, അനുച്ഛേദം എന്നൊക്കെ പറഞ്ഞാൽ എന്താ?’
‘ലളിതമായി പറഞ്ഞാൽ ഭരണഘടനയിൽ വരുത്തുന്ന മാറ്റങ്ങളെയാണ് ഭേദഗതികൾ എന്ന് വിളിക്കുന്നത്. എന്നാൽ ഭരണഘടനയുടെ ഉദ്ദേശ്യങ്ങൾ കൃത്യമായി വെളിവാക്കുന്നവയാണ് അനുച്ഛേദങ്ങൾ’.
‘ഇതുവരെ എത്ര ഭരണഘടന ഭേദഗതികൾ ഉണ്ടായിട്ടുണ്ടച്ഛാ?’
‘106 എണ്ണം. അവസാനത്തേതു നിങ്ങളുമായി ബന്ധപ്പെട്ടതാണ്. ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ഭേദഗതി. നാരീശക്തീവന്ദൻ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.’
‘ഓ അപ്പോൾ സ്ത്രീകൾക്ക് ഭരണത്തിൽ മികച്ച പ്രാതിനിധ്യം കിട്ടും അല്ലേ..’
‘അതെയതെ. ഇനിയുള്ള നിന്റെ സംശയങ്ങൾ വൈകുന്നേരം തീർക്കാം. എനിക്ക് ഓഫിസിൽ പോകാൻ നേരമായി’
‘എനിക്ക് സ്കൂളിലും’.