ADVERTISEMENT

വിപ്ലവാനന്തര ചൈനയുടെ രാഷ്ട്രീയത്തെ അടിമുടി മാറ്റിമറിച്ച ഒരു സംഭവമായിരുന്നു സാംസ്കാരിക വിപ്ലവം. 1966 മുതൽ മാവോ മരിച്ച 1976 വരെ പത്തുവർഷമായിരുന്നു സാംസ്കാരിക വിപ്ലവത്തിന്റെ കാലയളവ്. ചൈനയിലെ മുതലാളിത്തത്തിന്റെയും ജന്മിത്വത്തിന്റെയുമൊക്കെ അവശേഷിപ്പുകൾ തുടച്ചുമാറ്റുക എന്ന ലക്ഷ്യം പറഞ്ഞാണു സാംസ്കാരിക വിപ്ലവം തുടങ്ങിയതെങ്കിലും ഇതിന്റെ പേരിൽ വലിയ ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ചൈനയിൽ നടന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ എതിരാളികളെ ഒതുക്കാനുള്ള അവസരവും ഇതു മാവോയ്ക്കു നൽകി. റെഡ് ഗാർഡ്സ് എന്ന യുവജന സംഘടനയായിരുന്നു സാംസ്കാരിക വിപ്ലവത്തിന്റെ പ്രധാന ആണിക്കല്ല്.

the-life-and-death-of-jiang-qing-or-madame-mao2

അഞ്ചു ലക്ഷം മുതൽ 20 ലക്ഷം വരെ ആളുകൾ സാംസ്കാരിക വിപ്ലവ കാലയളവിൽ ചൈനയിൽ കൊല്ലപ്പെട്ടു. കൊടിയ ക്രൂരതകളും ഇക്കാലയളവിൽ നടന്നിരുന്നു. മുതലാളിത്തത്തെ പൂർണമായി ഒഴിവാക്കാനാണു സാംസ്കാരിക വിപ്ലവം നടത്തിയതെങ്കിലും നേരെ വിപരീത ഫലമാണ് ഉണ്ടാക്കിയത്. സാംസ്കാരിക വിപ്ലവത്തിനു ശേഷമുള്ള ചൈന മുതലാളിത്തത്തെ കൂടുതൽ സ്വാഗതം ചെയ്തു. ലക്ഷക്കണക്കിനു പേരുടെ പലായനത്തിനും സാംസ്കാരികനാശത്തിനും കാരണമായ സാംസ്കാരിക വിപ്ലവത്തിന്റെ പ്രധാന സംഘാടകർ ഗാങ് ഓഫ് ഫോർ എന്ന നാലുപേരുടെ സംഘമായിരുന്നു. അതിന്റെ നേതാവ് ജിയാങ് ക്വിങ്. അക്കാലത്തെ ചൈനക്കാർ ഭയഭക്തി ബഹുമാനത്തോടെ അവരെ മാഡം മാവോയെന്നു വിളിച്ചു. 

ജിയാങ് ക്വിങ് 1914 മാർച്ചിലാണു ജനിച്ചത്. ചൈനയിലെ ഷാഡോങ് പ്രവിശ്യയിൽ. ഒരു തടിപ്പണിക്കാരന്റെയും അയാളുടെ രണ്ടാം ഭാര്യയുടെയും മകളായായിരുന്നു പിറവി. തികഞ്ഞ മദ്യപനായിരുന്നു ജിയാങ്ങിന്റെ പിതാവ്. ജിയാങ് പിൽക്കാലത്ത് നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.  ജിയാങ് താമസിയാതെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. എന്നാൽ 1934ൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിൽ നിന്നു പുറത്തിറങ്ങിയശേഷം കൂടുതൽ അവസരങ്ങൾ തേടി ഷാങ്ഹായിയിലേക്കു പോയി. അക്കാലത്ത് ചൈനയെ ജപ്പാൻ ആക്രമിച്ചു. ഇതോടെ ജിയാങ് ഷാങ്ഹായി വിട്ട് യനാൻ എന്ന കമ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രവിശ്യയിലേക്കു പോയി. ഇവിടെ നാടകം പഠിപ്പിക്കലും മറ്റുമായി കഴിഞ്ഞുകൂടുന്നതിനിടെയാണ് അവർ മാവോ സെദുങ്ങിനെ പരിചയപ്പെടുന്നത്. അന്നു നാൽപ്പത്തിയഞ്ചുകാരനായ മാവോ കമ്യൂണിസ്റ്റുകാർക്കിടയിൽ ഹീറോ പരിവേഷമുള്ള നായകനായിരുന്നു.കമ്യൂണിസ്റ്റ് പാർട്ടിയുടെ എതിർപ്പിനിടയിലും ഇരുവരും 1938 നവംബറിൽ വിവാഹിതരായി.

the-life-and-death-of-jiang-qing-or-madame-mao1

1949ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധികാരത്തിലുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായി, മാവോ അതിന്റെ പരമോന്നത നേതാവും. ജിയാങ് പ്രഥമവനിതയെന്ന പെരുമയേറിയ സ്ഥാനത്തെത്തി. താമസിയാതെ രാഷ്ട്രീയത്തിലും ഭരണകാര്യങ്ങളിലുമുള്ള അവരുടെ സ്വാധീനം വർധിച്ചു. ചൈനയുടെ കലാ സാംസ്കാരിക, സാഹിത്യ, സിനിമാമേഖലകളിൽ ജിയാങ് കൈകടത്തിത്തുടങ്ങി. എന്നാൽ 1958 മുതൽ 61 വരെ മാവോ ചൈനയിൽ നടപ്പാക്കിയ ഗ്രേറ്റ് ലീപ് പദ്ധതി വമ്പൻരീതിയിൽ പൊളിഞ്ഞതോടെ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ തന്നെ മാവോയ്ക്കെതിരെ എതിർസ്വരങ്ങൾ ഉയർന്നു തുടങ്ങി. ഇതിൽ നിന്നു രക്ഷ നേടാൻ മാവോ ആശ്രയിച്ചത് ഭാര്യയായ ജിയാങ്ങിനെയായിരുന്നു. ഇതൊരു അവസരമായി മനസ്സിലാക്കി എല്ലാത്തരം കലാ സാംസ്കാരികപ്രവ‍ൃത്തികളെയും തന്റെ ഇഷ്ടപ്രകാരമാക്കി ജിയാങ്.

ഇതേ സമയത്താണ് ചൈനയിൽ സാംസ്കാരിക വിപ്ലവം അരങ്ങേറുന്നത്. നിലവിലുള്ള എല്ലാത്തരം സാംസ്കാരിക പ്രവർത്തനങ്ങളെയും കലകളെയും തച്ചുടച്ച ഈ വിപ്ലവത്തിനു ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ടത് ജിയാങ്ങിനൊപ്പം ഴാങ് ചുങ്ഖ്യോ, യോ വെന്യുവാൻ, വാങ് ഹോങ്‌വെൻ എന്നീ നേതാക്കളാണ്. ഗാങ് ഓഫ് ഫോർ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. പിൽക്കാലത്ത് ചൈനയിലെ കുപ്രസിദ്ധ പേരുകളിലൊന്നായി ഇതു മാറി. സാംസ്കാരിക വിപ്ലവത്തോടെ, വർഷങ്ങളുടെ പാരമ്പര്യമുള്ള ചൈനയുടെ കല, സാംസ്കാരിക, സാഹിത്യരംഗം പല്ലെല്ലാം കൊഴിഞ്ഞ്, ജിയാങ്ങിന്റെ ആജ്ഞകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു യന്ത്രമായി മാറി. മാവോ സെദുങ്ങിന്റെ വീരസ്യങ്ങളും പാർട്ടി നിലപാടുകളും വിളിച്ചുപറയാനായിരുന്നു മേഖലയുടെ നിയോഗം. 

തനിക്കെതിരെ നിൽക്കുന്നവർ അല്ലെങ്കിൽ തനിക്ക് താൽപര്യമില്ലാത്തവരെ യാതൊരു ദയയുമില്ലാതെ ആക്രമിക്കുന്നതിൽ ജിയാങ് യാതൊരു മടിയും കാട്ടിയില്ല. മാവോയ്ക്കു താഴെ പദവികൾ വഹിച്ച പാർട്ടി വൈസ് ചെയർമാനും പ്രസിഡന്റുമായ ല്യു ഷാഓഖി, ലിൻ ബയോ തുടങ്ങിയ നേതാക്കൾക്കെതിരെ ഇവർ നിശിതമായ ആക്രമണം അഴിച്ചുവിട്ടു. മാവോ കഴിഞ്ഞാൽ ഇതുവരെയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ ഏറ്റവും കരുത്തനായ ഡെങ്സിയാവോയെ പോലും കടന്നാക്രമിക്കാൻ ഇവർ ധൈര്യപ്പെട്ടു. മാവോയുടെ മരണത്തിനുശേഷം ജിയാങ് ഉൾപ്പെടെ ഗ്യാങ് ഓഫ് ഫോറിലെ എല്ലാ അംഗങ്ങളും താമസിയാതെ അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ഡെങ്സിയാവോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറിയിരുന്നു.

ജിയാങ്ങിനെതിരെ കേസെടുത്ത് കോടതി വാദം കേട്ടു തുടങ്ങി. താമസിയാതെ വാദം അവസാനിച്ചു. ജിയാങ്ങിനെ കോടതി വധശിക്ഷയ്ക്കു വിധിച്ചു. തുടർന്ന് രണ്ടുവർഷത്തിനു ശേഷം ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. തന്റെ തടവിന്റെ പത്താം വർഷത്തിൽ, 1991 മേയിൽ ജിയാങ് ആത്മഹത്യ ചെയ്തു. ഏറെ കൊട്ടിഘോഷിച്ചു ജിയാങ് നടത്തിയ സാസ്കാരിക വിപ്ലവത്തിന് രജതജൂബിലി തികയുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ആ തൂങ്ങിമരണം. 

English Summary:

The Cultural Revolution's Reign of Terror: Jiang Qing, The Tigress Who Held China Captive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com