800 വർഷങ്ങൾ പൊട്ടക്കിണറ്റിൽ ഒരു മനുഷ്യൻ: പിന്നിലുള്ളത് ഞെട്ടിപ്പിക്കുന്ന മഹാരഹസ്യം
Mail This Article
1938ൽ നോർവേയിലെ സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിൽ സ്ഥിതി ചെയ്തിരുന്ന പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു ഒരു പുരാവസ്തു സംഘം. സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ഈ കോട്ട. കിണറിന് 21 അടി താഴ്ചയിൽനിന്നു മനുഷ്യ അവശിഷ്ടങ്ങൾ അവർ കണ്ടെത്തി. എന്നാൽ അന്നത്തെ നിലയിൽ അവർക്കത് പുറത്തെത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു. അതിനാൽ ഫോട്ടോയെടുത്തശേഷം പര്യവേക്ഷകർ സ്ഥലം വിട്ടു. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലം. കൂടുതൽ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല.
പിന്നീടൊരുപാടു കാലം കഴിഞ്ഞാണ് വെൽമാൻ എന്നറിയപ്പെടുന്ന ഈ മനുഷ്യശേഷിപ്പ് ഗവേഷണത്തിനു വിധേയമായത്. ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് തുടർഗവേഷണത്തിൽ തെളിഞ്ഞത്. വെൽമാൻ ഒരു മനുഷ്യമൃതദേഹം മാത്രമായിരുന്നില്ല, മറിച്ചൊരു ജൈവായുധമായിരുന്നു.സ്വെറെ സിഗഡ്സൻ രാജാവിനെ ആക്രമിക്കാനെത്തിയ ബാഗ്ളർ എന്ന സായുധവിഭാഗമാണ് ഈ മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞത്.
ആ മേഖലയിലെ ജലവിതരണം മലിനമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ നീക്കം. സ്വെറിസ് സാഗ എന്ന നോർവീജിയൻ ലിഖിതത്തിൽ ഇതെപ്പറ്റി പറയുന്നുണ്ട്. എന്നാൽ എഴുത്തല്ലാതെ ഇതിനുള്ള തെളിവുകൾ ലഭിച്ചിരുന്നില്ല. അതാണു വെൽമാനിലൂടെ പിന്നീട് ലഭിച്ചത്. ജനിതക പരീക്ഷണങ്ങൾ ഉൾപ്പെടെ ഈ ശേഷിപ്പിൽ നടത്തിയിട്ടുണ്ട്.