നഗരങ്ങളുടെ റാണി, ലോകത്തിന്റെ പൂന്തോട്ടം... പിന്നെ യുദ്ധത്തിന്റെ പുക ഉയർന്ന ഡമാസ്കസ്
Mail This Article
ലോകത്തെ ഏറ്റവും പഴമയേറിയതും ജനവാസം തുടരുന്നതുമായ നഗരങ്ങളുടെ കൂട്ടത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നതാണ് സിറിയൻ തലസ്ഥാനം ഡമാസ്കസ്. ചില ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ, തുടരുന്ന തലസ്ഥാനങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഈ നഗരമത്രേ. ഏകദേശം 11000 വർഷമായി ഈ മേഖലയിൽ ജനവാസമുണ്ടെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ വർത്തമാനകാലത്തിൽ യുദ്ധത്തിന്റെ പുക ഈ നഗരത്തിൽ നിന്ന് യഥേഷ്ടം ഉയർന്നു. ലോകത്ത് ഏറ്റവും വാസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലും ഈ പൗരാണിക മനോഹരനഗരം ഇടം പിടിച്ചു.
ഡമാസ്കസ് നിലനിൽക്കുന്ന സ്ഥലം പണ്ട് മരുഭൂവിലെ ഒരു മരുപ്പച്ചയായിരുന്നു. പ്രാചീനകാലത്ത് താമസത്തിനായി ആളുകൾ ഇവിടം തിരഞ്ഞെടുത്തതിനു കാരണവും മറ്റൊന്നല്ല. സിറിയയിലെ പ്രമുഖനദിയായ ബറാദയുടെ കരയിലാണു ഡമാസ്കസ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബ് സഞ്ചാരി ഇബ്ൻ ജുബൈർ ഡമാസ്കസിനെ വിശേഷിപ്പിച്ചത്, ‘ചന്ദ്രനു ചുറ്റും നിലാവുപോലെ ഡമാസ്കസിനു ചുറ്റും അവളുടെ പൂന്തോട്ടങ്ങളും പഴത്തോട്ടങ്ങളും പരിലസിക്കുന്നു’ എന്നാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും കവാടമേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഡമാസ്കസിലേക്ക് എന്നും സഞ്ചാരികൾ എത്തിയിരുന്നു.
സിറിയയിൽ കണ്ടെത്തിയ, 3000 ബിസി കാലത്തെഴുതിയ ഒരു കളിമൺഫലകത്തിലാണ് ഡമാസ്കസിനെക്കുറിച്ചുള്ള ആദ്യ വിവരണമുള്ളത്. ഡമാസ്കി എന്നാണ് ഈ നഗരത്തെക്കുറിച്ച് ഫലകത്തിൽ പറയുന്നത്. അരാമിയൻ ഭരണത്തിലെ ബെൻ ഹദാദ് ഒന്നാമൻ രാജാവ് ഡമാസ്കസിനെ ഒരു വ്യാവസായിക നഗരമാക്കി മാറ്റി. അനേകം ബസാറുകളും തെരുവുകളുമൊക്കെ ഇവിടെ സൃഷ്ടിക്കപ്പെട്ടു. പിൽക്കാലത്ത് ബിസി എട്ടാം നൂറ്റാണ്ടിൽ നവ അസീറിയൻ സാമ്രാജ്യം നഗരത്തെ തങ്ങളുടെ അധീനതയിലാക്കി. പിൽക്കാലത്ത് റോമൻ സാമ്രാജ്യം നഗരത്തിൽ അധീനത പുലർത്തി. റോമൻ കാലത്ത് ഗ്രീക്കുകാരും സിറിയക്കാരും അറബികളും മറ്റനേകം വംശങ്ങളും ഡമാസ്കസിലുണ്ടായിരുന്നു.
എഡി 660 കാലഘട്ടത്തിൽ ഉമയ്യാദ് ഭരണകൂടത്തിന്റെ തലസ്ഥാനമായി ഡമാസ്കസ്. ഡമാസ്കസിലെ മനോഹരമായ ഗ്രേറ്റ് ഉമയ്യാദ് മോസ്ക് നിർമിച്ചത് ഉമയ്യാദ് ഖലീഫയായ അൽ വാലിദാണ്. പിൽക്കാലത്ത് ഒട്ടോമൻ സാമ്രാജ്യത്തിന്റെയും പിന്നീട് ഫ്രാൻസിനെയും നിയന്ത്രണത്തിലായി ഡമാസ്കസ്. പ്രാചീന പട്ടുപാത അഥവാ സിൽക്ക് റോഡിൽ ഉൾപ്പെട്ടിരുന്ന നഗരം കൂടിയാണ് ഡമാസ്കസ്. ഈ നഗരത്തിലുണ്ടാക്കിയിരുന്ന ഡമാസ്ക് എന്ന പട്ടുതുണി ലോകമെങ്ങും പ്രചാരം നേടിയതാണ്.