ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകാൻ കുട്ടിക്ക് മടിയുണ്ടോ? പാനിക് ഡിസോർഡറിന്റെ തുടക്കമാകാം
Mail This Article
ചോദ്യം : എന്റെ മകന് പതിമൂന്നു വയസ്സാണ്. ചില സമയങ്ങളിൽ ഭയങ്കരമായ പേടിയും വെപ്രാളവും ഉണ്ടാകും കുറച്ചു നേരം മാത്രമേ നിണ്ടു നിൽക്കുകയുള്ളൂ എങ്കിലും അത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പാനിക് ഡിസോർഡർ ആണ് എന്ന് ഡോക്ടർ പറഞ്ഞു. ചെറിയ കുട്ടികളിൽ ഇങ്ങനെയുള്ള അസുഖം ഉണ്ടാകുമോ?
ഉത്തരം: പാനിക് ഡിസോർഡർ എന്നത് ഉത്കണ്ഠാ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ്. തീവ്രമായ പേടി, (ഉദാഹരണത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന പേടി), നെഞ്ച് പട പട ഇടിക്കുക, വിയർപ്പ്, വിറയൽ, ശ്വാസം കിട്ടുന്നില്ല എന്ന തോന്നൽ, തലചുറ്റൽ, ഇപ്പോൾ മരിച്ചു പോകും എന്ന ഭയം ഇതൊക്കെയാണ് പാനിക് അറ്റാക്ക് വരുമ്പോൾ ഉണ്ടാകുന്നത്. ഹാർട്ട് അറ്റാക്ക് പോലുള്ള ശാരീരികാസുഖം ആണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. പാനിക് അറ്റാക്ക് സാധാരണ നിലയിൽ കുറച്ചു നേരം മാത്രം (ചിലപ്പോൾ ഏതാനും മിനിറ്റുകൾ മാത്രം) നീണ്ടു നിൽക്കുന്നതാണ്. എന്നാൽ, അത്രമേൽ ഭയപ്പെടുത്തുന്ന അനുഭവം ആയതുകൊണ്ട് ഇനിയും അങ്ങനെ ഉണ്ടാകുമോ എന്ന ഭയം സ്ഥിരമായി ഉണ്ടായേക്കാം. ഇത്തരം പാനിക് അറ്റാക്കുകൾ കൂടക്കൂടെ ഉണ്ടാകുമ്പോളാണ് പാനിക് ഡിസോർഡർ എന്നു പറയുന്നത്. സ്ഥിരമായി നിൽക്കുന്ന ഇത്തരത്തിലുള്ള ഉത്കണ്ഠ കുട്ടികളുടെ പെരുമാറ്റത്തെയും പഠനത്തെയും ഒക്കെ വലിയ അളവിൽ ബാധിക്കാനുള്ള സാധ്യത ഉണ്ട്.
ചില പ്രത്യേക സ്ഥലങ്ങളിൽ (ഉദാഹരണത്തിന് ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ, അല്ലെങ്കിൽ ഇടുങ്ങിയ സ്ഥലങ്ങളിൽ) പോകുന്നതിനു പേടി പാനിക് ഡിസോർഡർ ഉള്ള ആളുകളിൽ കാണാറുണ്ട്. അഗൊറാഫോബിയ (agoraphobia) എന്നാണ് വൈദ്യശാസ്ത്രത്തിൽ ഇതിനുള്ള പേര്. കുട്ടികളിൽ ഇത് സ്‌കൂളിൽ പോകാനും വീട്ടിൽ നിന്നു പുറത്തു പോകാനും ഉള്ള മടിയും പേടിയും ഉണ്ടാകുന്നതിനും അതുവഴി പഠനപ്രശ്നങ്ങൾക്കും പെരുമാറ്റപ്രശ്‌നങ്ങൾക്കും ഒക്കെ കാരണമാകും. ചെറിയ കുട്ടികളിൽ പാനിക് അറ്റാക്ക് ഉണ്ടാകുന്നത് അത്ര സാധാരണം അല്ല. കൗമാരപ്രായത്തിലാണ് മിക്കപ്പോഴും ഈ അസുഖം ആരംഭിക്കുന്നത്. കുട്ടികളിൽ ശാരീരികരോഗങ്ങളുടെ ഭാഗമായി തെറ്റിദ്ധരിക്കപ്പെടുന്നതും അതുവഴി ഈ പ്രശ്നം തിരിച്ചറിയാൻ വൈകുന്നതും സാധാരണം ആണ്. പാനിക് ഡിസോർഡർ ചികിത്സ കൊണ്ട് പൂർണമായും നിയന്ത്രിക്കാൻ പറ്റുന്ന അസുഖം ആണ്.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)