ADVERTISEMENT

ചോദ്യം: എന്റെ മകൾ ഇപ്പോൾ ഒൻപതാം ക്ലാസിലാണു പഠിക്കുന്നത്. ശരാശരി ആയി പഠിക്കും. എന്നാൽ മറവി കൂടുതലാണ്. എഡിഎച്ച്ഡി ഉള്ള കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണെന്ന് എന്ന് വായിച്ചു. മറവിയുടെ കാരണം എഡിഎച്ച്ഡി ആകുമോ?

ഉത്തരം: ശ്രദ്ധക്കുറവ് പ്രധാനമായുള്ള എഡിഎച്ച്ഡി, ബുദ്ധിക്കുറവ്, ബുദ്ധിവളർച്ചയിൽ ഉള്ള മറ്റു പ്രശ്നങ്ങൾ എന്നിവ ഒക്കെ ഓർമക്കുറവിനു കാരണം ആകാറുണ്ട്. എന്നാൽ, ഭൂരിഭാഗം കുട്ടികളിലും പഠിച്ച കാര്യങ്ങൾ ഓർമ നിൽക്കാത്തതിന് അല്ലെങ്കിൽ മറന്നു പോകുന്നതിനു കാരണം എന്തെങ്കിലും അസുഖം അല്ല. പ്രത്യേകിച്ചും ശരാശരി നിലവാരത്തിൽ പഠിക്കുകയും സ്‌കൂളിലും വീട്ടിലും സാധാരണ നിലയിൽ പൊരുത്തപ്പെട്ടു ജീവിക്കുകയും ചെയ്യുന്ന കുട്ടികളിൽ ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്. പഠിച്ച കാര്യങ്ങൾ പെട്ടെന്നു മറന്നു പോകുന്നത് പല കാരണങ്ങൾ കൊണ്ടാകാം. താൽപര്യമില്ലാത്ത കാര്യങ്ങൾ പഠിക്കുന്നതു കൊണ്ടാകാം, തന്റെ ബൗദ്ധിക കഴിവിനും അപ്പുറത്തുള്ള കാര്യങ്ങൾ പഠിക്കാൻ നിർബന്ധിതനാകുന്നതു കൊണ്ടാകാം, പഠിക്കുന്ന രീതിയിലുള്ള പ്രശ്ന‌ങ്ങൾ കൊണ്ടാകാം. 

ഓർമിക്കുന്നതിനുള്ള കഴിവ് ഓരോരുത്തർക്കും വ്യത്യസ്തമാണ്. കാണുന്നത് ഓർക്കാൻ കഴിവ് കൂടുതൽ ഉള്ളവർ ഉണ്ട്. ചിലർക്ക് കേൾക്കുന്നത് ഓർക്കാൻ കഴിവ് കൂടുതൽ ആണ്, ചിലർക്ക് സ്വന്തമായി ചെയ്യുന്നത് ഓർക്കാൻ എളുപ്പം ആകും. അതുകൊണ്ട്, പഠിക്കുന്നതിനു പല രീതികൾ ഉപയോഗിക്കുന്നത് പഠിച്ച കാര്യങ്ങൾ ഓർമിക്കുന്നതിനു സഹായിക്കും. ഉദാഹരണത്തിന് ചില കാര്യങ്ങൾ ഉറക്കെ വായിച്ചു പഠിക്കുക, ചില കാര്യങ്ങൾ എഴുതി പഠിക്കുക, ചിലവരികൾ അടിവരയിട്ടു പഠിക്കുക, ചില കാര്യങ്ങൾ ചിത്രം വരച്ചു പഠിക്കുക അല്ലെങ്കിൽ ചെയ്‌തു പഠിക്കുക ഇങ്ങനെ പലരീതികൾ പഠനത്തിന് ഉപയോഗിക്കുക. 

എന്നും ഒരേ സ്ഥലത്തിരുന്നു പഠിക്കുക, അത് നമ്മുടെശ്രദ്ധ മാറ്റുന്ന തരത്തിലുള്ള ശബ്ദങ്ങളും മറ്റു പ്രശ്നങ്ങളും ഇല്ലാത്ത സ്ഥലം ആയിരിക്കണം. അതുപോലെ നമുക്ക് ശ്രദ്ധ നിലനിർത്താൻ ഏറ്റവും സൗകര്യമുള്ള സമയം പഠിക്കാനായി മാറ്റിവയ്ക്കുക, എന്നും അതേ സമയത്തു തന്നെ പഠിക്കുക. പ്രയാസമുള്ള വിഷയങ്ങൾ പഠിക്കുന്നതിന് അധ്യാപകരുടെയോ മറ്റ് അറിവുള്ളവരുടെയോ സഹായത്തോടെ പഠിക്കുന്ന രീതിയിൽ മാറ്റം വരുത്തുക, പഠിച്ച കാര്യങ്ങൾ ഓർമിച്ചെടുക്കുന്നതിനുള്ള മെമ്മറി ക്ലൂസ്, നെമോണിക്സ‌് എന്നിവ പ്രയോജനം ചെയ്യും. ആവശ്യത്തിന് ഉറങ്ങുക, കൃത്യസമയത്തു ഭക്ഷണം കഴിക്കുക, വിശ്രമം, വ്യായാമം എന്നിവ ഒക്കെ ഓർമശക്തി നിലർത്തുന്നതിനും ആവശ്യമാണ്. ഉറക്കക്കുറവ് പഠിച്ചത് മറക്കാൻ ഇടയാക്കും. അതുപോലെ അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ, വൈറ്റമിനുകളുടെയും മറ്റു പോഷകങ്ങളുടെയും കുറവ് എന്നിവയും മറവി കൂടുന്നതിനു കാരണം ആകും. മറന്നു പോകുമോ എന്ന വേവലാതി പലപ്പോഴും മറവി കൂട്ടാനാണ് ഇടയാക്കുക. മറ്റു തരത്തിലുള്ള മാനസിക സമ്മർദങ്ങളും ഓർമ കുറയ്ക്കുന്നതിന് കാരണം ആകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com