‘കുട്ടികളിലെ അമിത ദേഷ്യം മഹത്വവത്കരിക്കരുത്’; ദേഷ്യക്കാരായ കുട്ടികളുള്ള മാതാപിതാക്കൾ ശ്രദ്ധിക്കാന്
Mail This Article
കുട്ടികളിലെ അമിത ദേഷ്യം പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും അതിഥികൾക്ക് മുന്നിൽവച്ചാകും അവർ കടുത്ത ദേഷ്യം പ്രകടിക്കുക. ഈ സമയങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോകുന്ന മാതാപിതാക്കളുണ്ട്.
ഒരൽപം കൂടി കടന്നു ചിന്തിക്കുന്നവരാണെങ്കിൽ കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്തുള്ള മനഃശാസ്ത്ര വിദഗ്ധനെ കാണിക്കാൻ ഓടും. പിന്നെ സ്വഭാവ വൈകല്യം മാറ്റിയെടുക്കാനുള്ള തെറാപ്പിയും കൗൺസിലിങ്ങുമായി മുന്നോട്ടുപോകുകയാണ് പതിവ്. അതേസമയം അമിത ദേഷ്യക്കാരായ കുഞ്ഞുങ്ങളെ മെരുക്കിയെടുക്കാൻ വീട്ടിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
. കുട്ടി അമിത ദേഷ്യം കാണിച്ചാൽ പിന്നീട് അവൻ ആവശ്യപ്പെടുന്ന ഒന്നും സാധിച്ചുകൊടുക്കരുത്.
. കുട്ടിയുടെ ദേഷ്യ സ്വഭാവത്തെപ്പറ്റി അവന്റെ മുന്നിൽ വച്ചുതന്നെ മറ്റുള്ളവരോട് വിശദീകരിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വഴി ഈ സംഭവം തുടരാനുള്ള പ്രവണത കൂടും. ദേഷ്യം വലിയൊരു കേമത്തമാണെന്ന് അവൻ ധരിച്ചു വയ്ക്കരുത്. അമിത ദേഷ്യം ഒരു ചീത്ത സ്വഭാവമാണെന്ന് തന്നെ കുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം.
. ശിക്ഷ നൽകുന്നതിൽ വീട്ടിൽ എല്ലാവരും ഒരേ മനോഭാവവും രീതിയും ആകണം.
. കുട്ടി സമാധാനത്തിൽ ഇരിക്കുന്ന സമയത്ത് അവന്റെ സ്വഭാവത്തിലെ പ്രശ്നങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
. നല്ല സ്വഭാവത്തെ പ്രശംസിക്കുക, പ്രോത്സാഹിപ്പിക്കുക.
. കൊച്ചുകുട്ടികൾ ദേഷ്യം കാണിച്ചാൽ ആ സാഹചര്യത്തിൽ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
. മാതാപിതാക്കളായിരിക്കും എപ്പോഴും മക്കളുടെ റോൾ മോഡൽ. അതുകൊണ്ട് നിങ്ങളുടെ ദേഷ്യം ഒരിക്കലും കുട്ടികൾക്ക് മുന്നിൽ വച്ച് പ്രകടിപ്പിക്കരുത്. ദാമ്പത്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മുറിക്കുള്ളിൽ വച്ചുതന്നെ പറഞ്ഞുതീർക്കാൻ ശ്രമിക്കുക.
. മറ്റു കുട്ടികളുമായി നിങ്ങളുടെ കുഞ്ഞിനെ താരതമ്യം ചെയ്യരുത്. ഒപ്പം അവന് വേണ്ട പരിഗണന നൽകി എന്തും തുറന്നുപറയാനുള്ള അവസരം നൽകുക.