'സ്‌പേസ്ഡ് റിപിറ്റിഷനും ആക്റ്റീവ് റീകാളും'; ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്
Mail This Article
പഠിച്ചതെല്ലാം പെട്ടന്നു മറന്നുപോകുന്നത് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും വിഷമിപ്പിക്കുന്ന വിഷയമാണ്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ചിലതൊക്കെ പരാജയപ്പെട്ടേക്കാം എന്നാല്‍ മറ്റു ചിലതൊക്കെ വിജയിക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കാവുന്ന പ്രധാനപ്പെട്ട നാലു മാര്‍ഗങ്ങള്‍ പരിശോധിക്കാം.
∙ സ്‌പേസ്ഡ് റിപിറ്റിഷന്‍
പഠിക്കാനുള്ള കാര്യങ്ങള്‍ ഇടവേളകളില്‍ ആവര്‍ത്തിച്ച് പഠിക്കുന്ന രീതിയാണ് സ്‌പേസ്ഡ് റിപിറ്റിഷന്‍. ജര്‍മന്‍ മനഃശാസ്ത്രജ്ഞനായ ഹെര്‍മന്‍ എബ്ബിംഗ്ഹൗസ് അവതരിപ്പിച്ച 'ഫോര്‍ഗെറ്റിംഗ് കര്‍വ്' എന്ന സിദ്ധാന്തം ഇത്തരം പഠന രീതിയുടെ അടിത്തറയാണ്. ഈ സിദ്ധാന്തപ്രകാരം സാധാരണ ഗതിയില്‍ ഒരാള്‍ കേട്ട കാര്യങ്ങളുടെ പകുതിയും ആദ്യ മണിക്കൂറിലും കേട്ട കാര്യങ്ങളുടെ തൊണ്ണൂറ് ശതമാനവും ആദ്യ ആഴ്ചയിലും മറന്ന് പോകുന്നു. എന്നാല്‍ മറക്കുന്നതിന് തൊട്ടു മുന്‍പ് അക്കാര്യം വീണ്ടും പഠിക്കുന്നതോടെ കൂടുതല്‍ കാലം അക്കാര്യം ഓര്‍മയില്‍ നിലനിൽക്കും
ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടി തിങ്കളാഴ്ച ഗുണനപട്ടിക പഠിച്ചുവെന്ന് കരുതുക. തുടര്‍ന്ന് വരുന്ന ബുധനാഴ്ചയും അടുത്ത തിങ്കളാഴ്ചയും രണ്ടു ആഴ്ചകള്‍ക്കു ശേഷവും ഗുണനപട്ടിക ആവര്‍ത്തിച്ചു പഠിപ്പിക്കുക. പഠിച്ച കാര്യങ്ങള്‍ മറക്കുന്നതിന് തൊട്ടുമുമ്പ് ആവര്‍ത്തിക്കുന്നത് ന്യൂറല്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും കുട്ടിക്ക് ദീര്‍ഘകാല ഓര്‍മ്മ ശക്തി ഉറപ്പാക്കുകയും ചെയ്യുന്നു.
∙ നിമോണിക്ക് പഠനരീതി
പഠനത്തിന് ചില സൂത്രവാക്യങ്ങളും അക്രോണിംസുമെല്ലാം ഉപയോഗിക്കുന്ന രീതിയാണിത്. നമുക്ക് ഏറ്റവും പരിചയമുള്ള ഒരു ഉദാഹരണം തന്നെയെടുക്കാം. പ്രകാശത്തില്‍ ഏഴ് വര്‍ണ്ണങ്ങളുണ്ടെന്ന് നമുക്കറിയാം. ആ നിറങ്ങള്‍ ഓര്‍ത്തിരിക്കുന്നതിന് സാധാരണ നമ്മള്‍ VIBGYOR എന്ന അക്രോണിം ഉപയോഗിക്കാറുണ്ട്. പ്രകാശത്തിലെ നിറങ്ങള്‍ ഏതൊക്കെയാണെന്ന് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാനുള്ള ഒരു കുറുക്ക് വഴിയാണിത്. മറ്റൊരു ഉദാഹരണം കൂടെ നോക്കാം. സൂര്യനില്‍ നിന്നുമുള്ള ദൂരമനുസരിച്ചു ഗ്രഹങ്ങളുടെ സ്ഥാനം പഠിക്കാന്‍, 'My Very Educated Mother Just Served Us Noodles' എന്ന വാക്യം ഓര്‍ത്തിരുന്നാല്‍ മതി. (മര്‍ക്കുറി, വീനസ്, എര്‍ത്ത്, മാര്‍സ്, ജ്യുപിറ്റര്‍, സാറ്റേണ്‍, യുറാനസ്, നെപ്റ്റിയുന്‍). ഇത് പോലെയുള്ള ചെറിയ വാക്കുകളും മറ്റും ഉപയോഗിച്ചു ഒരു കാര്യത്തെ കൂടുതല്‍ അടുക്കും ചിട്ടയോടെ മെമ്മറിയില്‍ സൂക്ഷിക്കുവാനും അങ്ങനെ കുട്ടികളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുവാനും സാധിക്കും.
∙ അക്ഷരങ്ങളെ ചിത്രങ്ങളാക്കാം
പഠിക്കുന്ന കാര്യങ്ങള്‍ ചിത്രങ്ങളായി മനസ്സില്‍ കണ്ട് മനസ്സിലാക്കുന്നത് മസ്തിഷ്‌കത്തിന്റെ ഓര്‍ക്കാനുള്ള കഴിവിനെ സഹായിക്കുന്നു. പുസ്തകത്തില്‍ അക്ഷരങ്ങളായി എഴുതിയതിനെ മനസ്സില്‍ ജീവനുള്ള ചിത്രങ്ങളാക്കി മാറ്റണം. വിവരങ്ങളെ സജീവ ദൃശ്യരൂപങ്ങള്‍ ആക്കുന്നത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന്, 'ഫോട്ടോ-സിന്തസിസിനെ' കുറിച്ച് പഠിക്കുമ്പോള്‍, ഒരു വൃക്ഷം സൂര്യപ്രകാശം സ്വീകരിക്കുന്നതും ഭൂമിയില്‍ നിന്നും ജലം ശേഖരിക്കുന്നതും ഓക്‌സിജന്‍ പുറത്തേക്ക് വിടുന്നതുമെല്ലാം മനസ്സില്‍ ചിത്രങ്ങളായി കാണാന്‍ കുട്ടികളെ പഠിപ്പിക്കണം. അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ചിത്രങ്ങളായി മനസ്സില്‍ തെളിയുമ്പോള്‍ അക്കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ സാധിക്കും.
∙ ആക്റ്റീവ് റീകാള്‍
പഠിച്ച കാര്യങ്ങള്‍ പുസ്തകത്തില്‍ നോക്കാതെ മനഃപാഠം പറയുകയാണ് ആക്റ്റീവ് റീകോളില്‍ ചെയ്യുന്നത്. ഓര്‍മശക്തി വര്‍ധിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മസ്തിഷ്‌ക്കത്തിന് നല്‍കുന്ന ഈ ശീലം. പഠനത്തിന് ശേഷം പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്‍ നിന്ന് ഉത്തരം പറയാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട പാഠഭാഗം പഠിച്ചതിനു ശേഷം, 'വിവിധ തരം ആവാസവ്യവസ്ഥകള്‍ ഏതെല്ലാം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്‍ നിന്നും ഉത്തരം കണ്ടെത്തുക.