കുംഭമേള ഇഫക്ട്, രാജ്യത്ത് കുരുമുളകിന് വൻ ഡിമാൻഡ്; വില കുതിച്ചു: ഇന്നത്തെ (28/2/25) അന്തിമ വില

Mail This Article
രാജ്യം കുംഭമേള ആഘോഷമാക്കിയതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക് കുരുമുളകിനു പതിവിലും ഇരട്ടി ഡിമാൻഡ് അനുഭവപ്പെട്ടു. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകൾ പലതും ആഘോഷങ്ങൾ സമാപിച്ചതോടെ ശൂന്യാവസ്ഥയിലേക്കു നീങ്ങിയെന്നാണ് സൂചന. കുംഭമേള ഇത്രമാത്രം തരംഗമായി മാറുമെന്നു വ്യാപാരരംഗം നേരത്തെ കണക്കുകൂട്ടിയില്ല. വൻകിടക്കാരുടെ കരുതൽ ശേഖരം കുറഞ്ഞതിനാൽ പുതിയ മുളകിൽ അവർ പിടിമുറുക്കാനാണ് സാധ്യത. എന്നാൽ വിളവ് കുറഞ്ഞതിനാൽ ഉൽപാദകകേന്ദ്രങ്ങളിൽ പോലും ചരക്കിന്റെ ലഭ്യത എത്രമാത്രം ഉറപ്പു വരുത്താനാകുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രം വിപണിവൃത്തങ്ങൾക്കു പോലും വിലയിരുത്താനാവുന്നില്ല. അൺ ഗാർബിൾഡ് കുരുമുളക് 65,600 രൂപയിൽ വിപണനം നടന്നു.

ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ ഉണർവ് ദൃശ്യമല്ലെങ്കിലും വാങ്ങൽ താൽപര്യം ഉയരാനുള്ള സാധ്യതകൾ ഒരു വിഭാഗം വിലയിരുത്തുന്നു. വ്യവസായികളിൽനിന്നും ഔഷധനിർമാതാക്കളിൽനിന്നും പതിവിലും കൂടുതൽ ഓർഡറുകളെത്തിയാൽ നിരക്ക് വീണ്ടും ഉയരും. വർഷാരംഭം മുതൽ നിലനിൽക്കുന്ന ഉയർന്ന ചൂടുമൂലം പല തോട്ടങ്ങളിലും വ്യാപകമായതോതിൽ കായകൾ അടർന്നു വീണത് മൊത്തം ഉൽപാദനത്തിൽ കുറവ് സംഭവിക്കാൻ ഇടയാക്കും. കയറ്റുമതി മേഖല അറബ് രാജ്യങ്ങളുമായി പുതിയ കരാറുകൾ ഉറപ്പിച്ചതായാണു വിവരമെങ്കിലും വിലക്കയറ്റം ഭയന്ന് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അവർ പുറത്തുവിടുന്നില്ല.
നോമ്പുകാലം മുൻനിർത്തി പനംകുരു വിളവെടുപ്പിൽ നിന്നും മുഖ്യ ഉൽപാദന രാജ്യങ്ങൾ പിൻതിരിയുന്നു. പുതിയ സാഹചര്യത്തിൽ മുന്നിലുള്ള ഒരു മാസകാലയളവിൽ രാജ്യാന്തര വിപണിയിലേക്കുള്ള പാം ഓയിൽ വരവ് ചുരുങ്ങാനുള്ള സാധ്യതകൾ ഭക്ഷ്യയെണ്ണ വിലകൾ ഉയർത്താം. പെരുന്നാളിന് മുന്നോടിയുള്ള നോമ്പ് കാലത്ത് ഇന്തോനേഷ്യയിലും മലേഷ്യയിലും പനംകുരു വിളവെടുപ്പ് പൂർണമായി നിലയ്‌ക്കും. മലേഷ്യയിൽ പാം ഓയിൽ ടണ്ണിന് ആയിരം ഡോളറിനെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക