പന്നി ഫാം: ലൈസൻസ് ഇല്ലാതെ വളർത്താവുന്ന എണ്ണം, നിബന്ധനകൾ, തൊട്ടടുത്ത വീട്ടിൽനിന്നുള്ള അകലം: 7 ചോദ്യങ്ങൾ, ഉത്തരങ്ങൾ

Mail This Article
എത്ര പന്നികളെ വരെ ലൈസൻസില്ലാതെ വളർത്താം?
∙ 5 മുതിർന്ന പന്നികളെ വരെ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ വളർത്താം. 6 മാസത്തിനു മേൽ പ്രായമുള്ളതിനെയാണ് മുതിർന്നതെന്നു കണക്കാക്കുന്നത്.
5 എണ്ണത്തിൽ താഴെ വളർത്താൻ മറ്റെന്തെങ്കിലും നിബന്ധനയുണ്ടോ?
∙ ലൈസൻസ് വേണ്ടെങ്കിലും കൂട്ടില്‍ മാലിന്യസംസ്കരണത്തിനായി മേൽക്കൂരയുള്ള വളക്കുഴി, ദ്രവ മാലിന്യ ശേഖരണ ടാങ്ക് എന്നിവ വേണം.
ലൈസൻസോടുകൂടി പന്നിഫാം നടത്താൻ എന്തൊക്കെ ക്രമീകരണങ്ങൾ വേണം?
∙ മാലിന്യ നിർമാർജനത്തിനായി മേൽക്കൂരയുള്ള വളക്കുഴി, ദ്രവമാലിന്യശേഖരണ ടാങ്ക്, കംപോസ്റ്റ് കുഴി, ബയോഗ്യാസ് പ്ലാന്റ് അല്ലെങ്കിൽ ഏതെങ്കിലും ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനം (തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിങ്, ട്രൈക്കോഡെർമ കമ്പോസ്റ്റിങ്, ഇഎം സൊലൂഷൻ ഉപയോഗിച്ചുള്ള കമ്പോസ്റ്റിങ്) എന്നിവ ഉണ്ടാവണം.
പന്നികളെ വളർത്താൻ എത്ര സ്ഥലം ആവശ്യമാണ്?
∙ ഒരു സെന്റ് സ്ഥലത്ത് 2 പന്നികളെ വളർത്താം.
പന്നിഫാമിലേക്ക് തൊട്ടടുത്ത വീട്ടിൽനിന്നുള്ള അകലം എത്രയാവണം?
∙ 5 പന്നികളെ വരെ വളർത്തുന്നതിനു ദൂരപരിധി ബാധകമല്ല. എന്നാൽ, 6 മുതൽ 15 വരെ പന്നികളുള്ള ഫാം 50 മീറ്ററും 16 മുതൽ 50 വരെയുള്ള ഫാം 75 മീറ്ററും 50ൽ കൂടുതലുള്ള ഫാം 100 മീറ്ററും ദൂരപരിധി പാലിക്കണം.

പന്നികൾക്ക് കോഴിമാലിന്യങ്ങളും ഹോട്ടൽ ഭക്ഷണാവശിഷ്ടങ്ങളും കൊടുക്കുന്നതു സംബന്ധിച്ച് നിബന്ധനകൾ നിലവിലുണ്ടോ?
∙ പന്നിഫാമിനു ലൈസൻസിനായി സമര്‍പ്പിക്കുന്ന അപേക്ഷയിൽ ദിവസം എത്ര അളവിൽ, എവിടെനിന്നുമാണ് അറവ് / ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്നത് എന്നു വ്യക്തമാക്കണം. മൂടിയുള്ള വാഹനങ്ങളിലോ അല്ലെങ്കിൽ അടച്ച പാത്രങ്ങളിലോ മാത്രമേ ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാവൂ. ഇപ്രകാരം ശേഖരിക്കുന്ന ഭക്ഷണവസ്തുക്കൾ 12 മണിക്കൂറിനകം വേവിച്ച് പന്നികൾക്കു നൽകേണ്ടതാണ്. ഓരോ ദിവസവും എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും സംബന്ധിച്ച വിവരങ്ങളും വാഹനങ്ങളുടെ വിവരങ്ങളും അടങ്ങിയ റെക്കോർഡ് ബുക്ക് എല്ലാ ഫാമുകളിലും സൂക്ഷിക്കണം. ഫാമുകളിലേക്കു കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ഇറക്കുന്ന സ്ഥലം വെള്ളം വാർന്നുപോകാത്തവിധം ടൈലോ മറ്റു വസ്തുക്കളോ ഉപയോഗിച്ചു നിർമിക്കേണ്ടതുണ്ട്. വാർന്നു വരുന്ന ജലം ശേഖരിക്കുന്നതിനു ടാങ്ക് ഉണ്ടായിരിക്കണം. കൂടാതെ, ഈ സ്ഥലത്ത് പക്ഷി, എലി, നായ എന്നിവയുടെ ശല്യം തടയുന്നതിനു പൂർണമായും കെട്ടിമറച്ച് നെറ്റിങ് നടത്തേണ്ടതാണ്.
പന്നിഫാം സംരംഭത്തിന് എന്തെങ്കിലും സഹായപദ്ധതികളുണ്ടോ?
∙ കേന്ദ്രസർക്കാരിന്റെ നാഷനൽ ലൈവ്‌സ്റ്റോക് മിഷന്റെ ഭാഗമായി പന്നിഫാമുകൾ ആരംഭിക്കാൻ ധനസഹായം നൽകിവരുന്നു. 50 പെൺപന്നികളും 5 ആൺപന്നികളും അടങ്ങിയ യൂണിറ്റിന് 15 ലക്ഷം രൂപ, 100 പെൺപന്നികളും 10 ആൺപന്നികളും അടങ്ങിയ യൂണിറ്റിന് 30 ലക്ഷം എന്ന നിരക്കിലാണ് ധനസഹായം. nlm.udyamimitra.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കാം. കേരള കന്നുകാലി വികസന ബോർഡിന്റെ പട്ടത്തുള്ള ആസ്ഥാനത്താണ് അപേക്ഷകൾ പരിശോധിക്കുന്നത്.
വിലാസം: ഡപ്യൂട്ടി ഡയറക്ടര്‍(റിട്ട.), മൃഗസംരക്ഷണ വകുപ്പ്
ഫോണ്‍: 9387830718