ശീതയുദ്ധകാലത്ത് നാസ അയച്ച സർവേയർ 2; അരനൂറ്റാണ്ടിനു ശേഷം തിരികെയെത്തിയ ദുരൂഹവസ്തു
Mail This Article
യുഎസും സോവിയറ്റ് യൂണിയനും കടുകിടെ വിട്ടുവീഴ്ചയില്ലാത്ത മൽസരിച്ച ശീതയുദ്ധകാലത്തെ നാസയുടെ ദൗത്യമാണ് സർവേയർ 2. ശീതയുദ്ധത്തിന്റെ തീവ്രത അന്നു ബഹിരാകാശ രംഗത്തും പ്രകടമായിരുന്നു. അന്യോന്യം തോൽപിക്കാനായി യുഎസിന്റെ നാസയും സോവിയറ്റ് യൂണിയന്റെ എസ്എസ്പിയും തമ്മിൽ ജീവന്മരണപോരാട്ടം നടന്നു. 1966 ഫെബ്രുവരിയിൽ സോവിയറ്റ് യൂണിയന്റെ ലൂണ 9 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതും ചന്ദ്രന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തതും നാസയെ സമ്മർദ്ദത്തിലാക്കിയിരുന്നു. അതിനുള്ള മറുപടി എന്ന നിലയിൽ ഒരു ലാൻഡർ (ചന്ദ്രോപരിതലത്തിൽ ഇറങ്ങി തൊടുന്ന) ദൗത്യമായാണ് സർവേയർ 2 വികസിപ്പിക്കപ്പെട്ടത്.
1966 സെപ്റ്റംബറിലാണ് സർവേയർ ഭൂമിയിൽ നിന്നു പറന്നു പൊങ്ങിയത്. അറ്റലസ് സെന്റോർ എന്ന റോക്കറ്റിലേറി. ചന്ദ്രോപരിതലത്തിനടുത്ത് വരെ എത്തിയ ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ പിഴവ് സംഭവിച്ചതോടെ സർവേയർ 2 ചന്ദ്രനിലെ കോപ്പർനിക്കസ് പടുകുഴിക്ക് സമീപം തകർന്നു വീണു. എന്നാൽ സർവേയർ മറവിയിലേക്ക് പോയില്ല.
54 വർഷങ്ങൾക്കു ശേഷം 2020ൽ തിളക്കമേറിയ ഒരു വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. രണ്ടാം ചന്ദ്രൻ. എന്നാണ് ഈ വസ്തുവിനെ ലോകം വിളിച്ചത്. ഹവായിയിലെ ഹേലെകല നിരീക്ഷണകേന്ദ്രത്തിന്റെ റഡാറിലാണ് ഇത് ആദ്യമായി പതിഞ്ഞത്. നാസ ഇതിന് ‘2020 എസ്ഒ’ എന്ന പുതിയ പേരു നൽകി. ആദ്യം ആർക്കും ഒന്നും മനസ്സിലായില്ല. എന്താണ് ഈ വരുന്നത്, വാൽനക്ഷത്രമോ, അതോ ഛിന്നഗ്രഹമോ, ഇതു ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമോ...അഭ്യൂഹങ്ങൾ തുടർന്നു.
നിരീക്ഷണങ്ങൾ നടന്നു കൊണ്ടേയിരുന്നു. ഭൂമിയെ സമീപിക്കുന്ന വസ്തു ഛിന്നഗ്രഹമോ മറ്റ് ബഹിരാകാശ വസ്തുവോ അല്ലെന്ന് ഇതിനിടയ്ക്ക് ശാസ്ത്രജ്ഞർക്ക് മനസ്സിലായി. കാരണം അതിന്റെ ചലനത്തിലെ പ്രത്യേകതയായിരുന്നു. ഒടുവിൽ നാസയുടെ ഇൻഫ്രറെഡ് ടെലിസ്കോപ് സൗകര്യവും ജെറ്റ് പ്രൊപ്പൽഷൻ സെന്ററിലെ വിദഗ്ധരുടെ സേവനവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തി. നിരീക്ഷണത്തിൽ ഒരു കാര്യം തെളിഞ്ഞു. ഈ ബഹിരാകാശ വസ്തു നിർമിച്ചിരിക്കുന്നത് കല്ലും പാറയുമൊന്നും കൊണ്ടല്ല, മറിച്ച് നല്ല ഒന്നാന്തരം സ്റ്റീലുകൊണ്ടാണ്. അതിനർഥം......ഇതൊരു മനുഷ്യനിർമിത വസ്തുവാണെന്നാണ്. സർവേയർ 2 എന്ന റോക്കറ്റിന്റെ ഭാഗമായിരുന്നു ഇത്. അന്നത്തെ റോക്കറ്റിന്റെ ഭാഗം വേർപെട്ട ശേഷം സൂര്യനു ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലെ ഒരു ഭ്രമണപഥത്തിൽ എത്തിയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. അത് ഭൂമിക്കു സമീപമെത്തുകയും ഭൂമിയുടെ ഗുരുത്വബലം ഇതിനെ ഇങ്ങോട്ട് ആകർഷിച്ച് കുറച്ചു മാസങ്ങളിൽ നിലനിർത്തുകയായിരുന്നു, ഒരു ചെറിയ ചന്ദ്രനെപ്പോലെ പിന്നീട് ഇതു ഭൗമമേഖലയിൽ നിന്ന് വിടപറഞ്ഞു.
ഗൗരവതരമായ ഒരു പരിസ്ഥിതി പ്രശ്നത്തെക്കൂടിയാണ് എസ്ഒ 2020 സൂചിപ്പിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്ന ബഹിരാകാശ മാലിന്യം. ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.