തിരഞ്ഞെടുപ്പിൽ മത്സരിച്ച കാണ്ടാമൃഗം! ഒന്നരലക്ഷം വോട്ടിനു ജയിച്ചു, ചില ഇലക്ഷൻ വിശേഷങ്ങൾ
Mail This Article
1959ലെ കാക്കറെക്കോ സംഭവം കേട്ടിട്ടുണ്ടോ?. ബ്രസീൽ തലസ്ഥാനം സാവോ പോളോയിൽ മേയർ തിരഞ്ഞെടുപ്പ്. 540 സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. എന്നാൽ ഒറ്റെയൊരാളെയും ഇഷ്ടപ്പെടാതിരുന്ന കുറേ വിദ്യാർഥികൾ ചേർന്ന് ഒരു പണിയൊപ്പിച്ചു. സാവോ പോളോ മൃഗശാലയിലെ കാക്കറെക്കോ എന്ന കാണ്ടാമൃഗത്തെ സ്ഥാനാർഥിയായി നിയമിച്ചു. ഒരു ലക്ഷത്തിലധികം വോട്ടു നേടി കാക്കറെക്കോ വിജയിച്ചു. ഇതെത്തുടർന്ന് സാവോ സാവോപോളോയുടെ മേയറായി കാക്കറെക്കോ നിയമിക്കപ്പെട്ടു എന്ന രീതിയിൽ പ്രചരണം ഉയർന്നെങ്കിലും സാവോപോളോ നഗരസഭാ അധികൃതർ നിഷേധിച്ചതോടെ പറ്റിക്കലിന് അവസാനമായി.
തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇത്തരം കൗതുകകരമായ ധാരാളം സംഭവങ്ങളുണ്ട്. ലോകത്തിൽ തന്നെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും തട്ടിപ്പു നടന്ന തിരഞ്ഞെടുപ്പായിരുന്നു 1927ൽ ലൈബീരിയയിൽ നടന്നത്. അന്നത്തെ പ്രസിഡന്റായിരുന്ന ചാൾസ് ഡി.ബി. കിങ് രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് തിരഞ്ഞെടുപ്പിൽ ജയിച്ചു. ആകെ 15000 വോട്ടർമാർ മാത്രമായിരുന്നു അന്ന് ലൈബീരിയയിൽ ഉണ്ടായിരുന്നത്. ആഫ്രിക്കയിലെ ആദ്യ റിപ്പബ്ലിക്കായിരുന്നു ലൈബീരിയ.
പൊതുവെ പല രാജ്യങ്ങളിലും ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. എന്നാൽ യുഎസിൽ ഇത് ചൊവ്വാഴ്ചയാണ്. കാനഡയിൽ തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. ഓസ്ട്രേലിയയിൽ പതിനെട്ടു വയസ്സു തികഞ്ഞവരെല്ലാം വോട്ട് ചെയ്യണമെന്നത് നിർബന്ധമാണ്. വോട്ട് ചെയ്യാനെത്താത്തവരെ കണ്ടെത്തി ഫൈനടിക്കുന്ന ഏർപ്പാടും ഇവിടെയുണ്ട്. ഈ ഫൈൻ സമയത്തടച്ചില്ലെങ്കിൽ കൂടുതൽ ഫൈനോ ചിലപ്പോൾ ശിക്ഷയോ ലഭിക്കാം.
ബ്രസീലിൽ 16 വയസ്സുള്ളവർക്ക് വോട്ട് ചെയ്യാം. മറ്റു ചില രാജ്യങ്ങളിലും പതിനെട്ടിൽ താഴെ വയസ്സുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എസ്തോണിയയിൽ ഓൺലൈനായി വോട്ട് ചെയ്യാനുള്ള സൗകര്യം അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ബൂത്തിലെത്തി വോട്ട് നൽകുന്നതാണ് ഇപ്പോഴും ആളുകൾക്ക് പ്രിയം. ഏകാധിപത്യ രാജ്യങ്ങളിൽ ഏറ്റവും പ്രശസ്തമായ രാജ്യമാണെങ്കിലും ഉത്തര കൊറിയയിലും തിരഞ്ഞെടുപ്പ് നടക്കാറുണ്ട്.