ADVERTISEMENT

വ്യാഴഗ്രഹം അഥവാ ജൂപ്പിറ്ററിന്റെ പ്രധാന ചന്ദ്രൻമാരിലൊന്നായ യൂറോപ്പയിൽ ഒരു പ്രത്യേക ഘടന വെളിപ്പെടുത്തി നാസയുടെ ചിത്രം. യൂറോപ്പയുടെ ഉപരിതലത്തിൽ പ്ലാറ്റിപ്പസ് എന്ന ജീവിയുടെ ആകൃതിയിൽ ഒരു ഘടനയാണ് ഇത്. വിചിത്രമായ ആകൃതി മൂലം ചിത്രം പെട്ടെന്നു ശ്രദ്ധേയമായി. യൂറോപ്പയുടെ മധ്യരേഖയ്ക്കരികിൽ 37 കിലോമീറ്റർ നീളത്തിലും 67 കിലോമീറ്റർ വീതിയിലുമാണ് ഈ മേഖല. നാസയുടെ ജൂനോ പേടകമാണ് ചിത്രം പകർത്തിയത്.

യൂറോപ്പയിൽ ഇടയ്ക്ക് കാർബൺ ഡയോക്സൈഡ് കണ്ടെത്തിയിരുന്നു. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണു കണ്ടെത്തൽ നടത്തിയത്. ഹിമം നിറഞ്ഞ പുറന്തോടുള്ള ഉപഗ്രഹമാണ് യൂറോപ്പ. ഈ ഉപഗ്രഹത്തിന്റെ ഐസ് പാളികൾക്കടിയിൽ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രങ്ങളുണ്ടെന്ന് നേരത്തെ ശാസ്ത്രജ്ഞർക്ക് സംശയമുണ്ട്. ഈ സമുദ്രങ്ങൾ ജീവൻ വഹിക്കുന്നുണ്ടോയെന്നും സംശയിക്കപ്പെട്ടിരുന്നു.

ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്. യൂറോപ്പ കൂടാതെ ഗാനിമീഡ്, ലോ, കലിസ്റ്റോ എന്നിവരാണ് ഇവയിലെ പ്രമുഖൻമാർ. വ്യാഴത്തിന്റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്‌റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു .ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. 

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ജീവികളാണ് പ്ലാറ്റിപ്പസ്. ഇവിടെ മാത്രമേ ഈ ജീവികളെ കാണാൻ സാധിക്കുകയുള്ളൂ. വെള്ളത്തിലേക്കിറങ്ങിയാണ് ഇവയുടെ തീറ്റതേടൽ. വെള്ളത്തിന്റെ അടിത്തട്ടിലേക്കു പോയശേഷം താഴെയുള്ള പ്രാണികളെയും പുഴുക്കളെയും കൊഞ്ചിനെയും വാൽമാക്രികളെയുമൊക്കെ അകത്താക്കും. ഒപ്പം കുറച്ച് കല്ലുകളും.  പല്ലില്ലാത്ത ജീവിയായതിനാൽ ഭക്ഷണം അരച്ചെടുക്കാനാണ് കല്ലുകൾ. ഒറ്റത്തവണ തന്റെ ശരീരഭാരത്തിന്റെ പകുതിയോളം തീറ്റ ഇവ അകത്താക്കുമെന്നാണ് പറയപ്പെടുന്നത്. വളരെ മിടുമിടുക്കനും ചുറുചുറുക്കുള്ളവനും ആയതിനാൽ പ്ലാറ്റിപ്പസിന് ധാരാളം ഭക്ഷണം വേണം. മുട്ടയിടുമെങ്കിലും സസ്തനി വിഭാഗത്തിൽ പെട്ട ജീവികളാണ് പ്ലാറ്റിപ്പസ്. മുട്ടയിടുന്ന ഒരേയൊരു സസ്തനികുടുംബമായ മോണോട്രീമിലെ അംഗമാണ്.

സ്രാവുകളെ പോലെ ഇലക്ട്രിക് സിഗ്നലുകൾ ഉപയോഗിച്ചാണ് പ്ലാറ്റിപ്പസ് ഇര തേടുന്നത്. ദിവസത്തിൽ 12 മണിക്കൂറോളം സമയം പ്ലാറ്റിപ്പസ് വെള്ളത്തിലായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. പ്ലാറ്റിപ്പസിന്റെ കാലിൽ ഒരു ചെറിയ മുള്ളുണ്ട്. ഇതിലൂടെ നല്ല ഒന്നാന്തരം വിഷം ആളുകളുടെ ശരീരത്തിലേക്കു പ്രവഹിപ്പിക്കാൻ ഇവയ്ക്കു കഴിയും. മനുഷ്യരെ കൊല്ലാനൊന്നും ഇതു കൊണ്ടു കഴിയില്ലെങ്കിലും ശക്തമായ വേദന ഇതുമൂലം സംഭവിക്കും. മാസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യും.

ഈ ജീവി എങ്ങനെ വന്നു എവിടുന്നു വന്നു എന്നുള്ളതെല്ലാം ഇന്നും അദ്ഭുതമാണെങ്കിലും ഒരു കാര്യം ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. കാലാ കാലങ്ങളായി പ്ലാറ്റിപ്പസ് ഇവിടെയുണ്ട്. 12 കോടി വർഷങ്ങളായി. ദിനോസറുകൾ ഭൂമിയിൽ വിഹരിച്ചു നടന്ന കാലം മുതൽ ഇവ ഭൂമിയിൽ ജീവിക്കുന്നുണ്ടത്രേ. 

English Summary:

Platypus on Jupiter's Moon! NASA Reveals Astonishing Image of Europa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com