മുത്തശ്ശി വിളിച്ചപ്പോൾ ഓടിയെത്തി, വിവാഹവേദിയിൽ 'സാഷ്ടാംഗം പ്രണമിച്ച്' കുഞ്ഞ് പൃഥ്വിയുടെ 'സൂപ്പർ ലാൻഡിങ്ങ്'
Mail This Article
വിവാഹവേദികൾ എപ്പോഴും രസകരമാകുന്നത് കുഞ്ഞുങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. ഓടിപ്പാഞ്ഞ് നടക്കുന്ന കൊച്ചു കുട്ടികൾ വിവാഹവേദികളിലെ ഹൈലൈറ്റ് ആണ്. അതിപ്പോൾ ലോകം കണ്ട ഏറ്റവും ചിലവേറിയ വിവാഹമായ അനന്ത് അംബാനി - രാധിക മർച്ചന്റെ വിവാഹവേദിയിൽ ആണെങ്കിലും ശരി. അത്തരത്തിൽ ഓടിപ്പാഞ്ഞു നടന്ന്, ഒറ്റ വീഴ്ചയിലൂടെ സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ കൊച്ചുമകനും അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ പൃഥ്വി എന്ന കുസൃതിക്കുടുക്ക.
ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും മൂത്ത മകനാണ് പൃഥ്വി. അനന്ത് അംബാനി - രാധിക മർച്ചന്റ് വിവാഹ സൽക്കാര വേദിയിൽ ആയിരുന്നു കുഞ്ഞ് പൃഥ്വിയുടെ സാഷ്ടാംഗ പ്രണാമം. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹപരിപാടികൾ ജൂലൈ 14ന് മംഗൾ ഉത്സവത്തോടെ ആയിരുന്നു സമാപിച്ചത്. സമാപനവേളയിൽ വിവാഹ ആഘോഷങ്ങളിൽ തങ്ങൾക്കൊപ്പം ചേർന്നവർക്ക് അംബാനി കുടുംബം നന്ദി അറിയിച്ചു. ഈ ചടങ്ങിനിടെ ആയിരുന്നു മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത കൊച്ചുമകനായ പൃഥ്വി തന്റെ കുസൃതികൾ കൊണ്ട് എല്ലാവരുടെയും മനസ് കവർന്നത്.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ. സമാപന ചടങ്ങുകൾ പുരോഗമിക്കുമ്പോൾ അംബാനി കുടുംബവും വധു രാധിക മർച്ചന്റിന്റെ കുടുംബവും വേദിയിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് നിത അംബാനി കൊച്ചുമകനായ പൃഥ്വിയെ വേദിയിലേക്ക് ക്ഷണിച്ചത്. അച്ഛമ്മ വിളിക്കേണ്ട താമസം ചാടിയോടി പൃഥ്വി വേദിയിലേക്ക് എത്തി. എന്നാൽ ഓടിവന്ന പൃഥ്വി വേദിയിലേക്ക് തെന്നി വീഴുകയായിരുന്നു. ആ വീഴ്ച ഒരു സാഷ്ടാംഗ പ്രണാമം പോലെ ആയിരുന്നു. വേദിയിൽ ഉള്ള മുത്തച്ഛനെയും മുത്തശ്ശിയെയും അച്ഛനെയും അമ്മയെയും കുടുംബത്തിലെ മറ്റ് അംഗങ്ങളെയും പ്രണമിച്ച് ഒരു വീഴ്ച. പക്ഷേ, വീണ് സെക്കൻഡുകൾക്കുള്ളിൽ പൃഥ്വി ചാടിയെഴുന്നേറ്റ് അച്ഛമ്മയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങി. പിന്നെ മുന്നോട്ട് രണ്ടടി വെച്ച് മൈക്കിലൂടെ ‘ജയ് ശ്രീ കൃഷ്ണ'’എന്ന് പറഞ്ഞു. സദസിലുണ്ടായിരുന്നവരും പൃഥ്വിക്ക് മറുപടിയായി ജയ് ശ്രീ കൃഷ്ണ ഏറ്റു പറഞ്ഞു.
മനോഹരമായ കമന്റുകളാണ് പൃഥ്വിയുടെ ഈ സൂപ്പർ ലാൻഡിങ്ങിന് ലഭിച്ചിരിക്കുന്നത്. ‘കുഞ്ഞ് എല്ലാവരുടെയും അനുഗ്രഹം തേടുകയാണ്. നാം എപ്പോഴും മുതിർന്നവരെ ബഹുമാനിക്കണം’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘വൗ, എന്താ ഒരു ലാൻഡിങ്ങ്. ഏതായാലും അവരുടെ കുടുംബത്തിലും നമ്മളെ പോലെ ഒരാളെങ്കിലും ഉണ്ടല്ലോ’ എന്നായിരുന്നു വിഡിയോ പങ്കുവെച്ചു കൊണ്ട് ഒരാൾ ട്വീറ്റ് ചെയ്തത്. ജൂലൈ 12ന് ശുഭ് വിവാഹ് ആഘോഷത്തോടെ ആരംഭിച്ച വിവാഹ ചടങ്ങുകൾ ജൂലൈ 14ന് മംഗൾ ഉത്സവത്തോടെയാണ് അവസാനിച്ചത്.