തുർക്കിയിൽ വീടിനടിയിൽ നിന്ന് സ്വർണനാണയങ്ങൾ നിറഞ്ഞു കവിഞ്ഞ കുടം ! പ്രാചീന കാലത്ത് ഒളിപ്പിക്കപ്പെട്ട നിധി
Mail This Article
തുർക്കിയിലെ ഒരു പുരാവസ്തു മേഖലയിൽ നിന്ന് സ്വർണനാണയങ്ങൾ നിറഞ്ഞുകവിഞ്ഞ ഒരു കുടം ശാസ്ത്രജ്ഞർ കണ്ടെത്തി. തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് പാരമ്പര്യമുള്ള നഗരമായ നോഷനിലെ ഒരു വീടിന് അടിയിൽ നിന്നാണ് നിധിക്കുടം കിട്ടിയത്. നാണയങ്ങളിൽ ഒരു അമ്പെയ്ത്ത് പോരാളിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പേർഷ്യൻ സാമ്രാജ്യം പുറത്തിറക്കുന്ന പേർഷ്യൻ ഡാരിക് എന്നറിയപ്പെടുന്ന സ്വർണനാണയങ്ങളിൽ കാണപ്പെടുന്ന ചിഹ്നമാണ് ഇത്.
നോഷനിൽ നിന്ന് 97 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന സർദീസ് നഗരത്തിലാണ് ഈ സ്വർണനാണയങ്ങൾ നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. കൂലിപ്പട്ടാളക്കാരാണ് ഈ നിധി ഇവിടെ ഒളിപ്പിച്ചതെന്ന് മിഷിഗൻ സർവകലാശാലയിലെ ഗവേഷകർ കരുതുന്നു. എന്നാൽ എന്തിനാണ് അവർ അതു ചെയ്തതെന്ന് ആർക്കുമറിയില്ല.
എന്നാൽ നാണയങ്ങളിൽ ചില സൂചനകളുണ്ടെന്നും ബിസി അഞ്ചാം നൂറ്റാണ്ടിലാണ് ഈ നാണയങ്ങൾ പുറത്തിറക്കിയതെന്ന വസ്തുതയിലേക്ക് ഇതു വിരൽ ചൂണ്ടുന്നെന്നും ഗവേഷകർ പറയുന്നു. ആദിമകാലത്ത് വൻ മൂല്യമുള്ള നാണയമായിരുന്നു പേർഷ്യൻ ഡാറിക്. ഒരു ഡാരിക് ഒരു സൈനികന്റെ ഒരുമാസത്തെ ശമ്പളമായിരുന്നു.
പ്രാചീന കാലഘട്ടത്തിൽ അനറ്റോളിയൻ മേഖലയുടെ പടിഞ്ഞാറൻ തീരത്താണ് നോഷൻ സ്ഥിതി ചെയ്തത്. ഒരു ഗ്രീക്ക് നാട്ടുരാജ്യമായിരുന്നു ഇത്. ഇന്നത്തെ തുർക്കിയിലെ ഇസ്മിറിൽ നിന്ന് 50 കിലോമീറ്റർ തെക്കായിട്ടാണ് ഇതിന്റെ സ്ഥാനം. ഇതൊരു തുറമുഖ നഗരം കൂടിയായിരുന്നു. ഗ്രീക്ക് പണ്ഡിതനായ ഹെറഡോട്ടസാണ് ഈ പ്രാചീന നഗരത്തെപ്പറ്റി ആദ്യം പരാമർശിച്ചിട്ടുള്ളത്.