ജീവിതത്തിൽ തുടരെത്തുടരെ 31 വിവാഹങ്ങൾ: ഗ്ലിൻ ഡിമോസ് വൂൾഫിയുടെ വിചിത്രകഥ
Mail This Article
ഗ്ലിൻ ഡിമോസ് വൂൾഫി യുഎസിലെ കലിഫോർണിയ സ്വദേശിയായിരുന്നു. വളരെ പ്രശസ്തനായിരുന്നു വൂൾഫി. കാരണമെന്തെന്നോ...തന്റെ ജീവിതത്തിൽ 29 വിവാഹങ്ങൾ വൂൾഫി നടത്തിയിട്ടുണ്ട്. ഒരു സമയം ഒരു ജീവിതപങ്കാളിയുമായി ജീവിക്കുന്ന വിവാഹങ്ങൾ മോണോഗമസ് വിവാഹം എന്നറിയപ്പെടുന്നു. ഇത്തരം മോണോഗമസ് വിവാഹങ്ങൾ ഏറ്റവും കൂടുതൽ കഴിച്ചയാളാണ് വൂൾഫി.
1908ലാണ് വൂൾഫി ജനിച്ചത്. 31 തവണ വിവാഹങ്ങൾ കഴിച്ചെങ്കിലും ഇതിൽ രണ്ടെണ്ണം പഴയ ഭാര്യമാരുമായുള്ള പുനർവിവാഹങ്ങളായിരുന്നു. ആകെ 31 ഭാര്യമാർ വൂൾഫിക്കുണ്ടായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മോണോഗമസ് വിവാഹം കഴിച്ച വനിത ലിൻഡ ടെയ്‌ലർ എന്ന അമേരിക്കക്കാരിയാണ്. 28 തവണയാണ് ലിൻഡ വിവാഹം കഴിച്ചത്. മറ്റൊരു കൗതുകം കൂടിയുണ്ട്. വൂൾഫിയായിരുന്നു ലിൻഡയുടെ 28ാമത്തെ ഭർത്താവ്.
വിവാഹത്തെ സംബന്ധിച്ച് അനേകം കൗതുക വിവരങ്ങളുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ സ്കൂൾ ടീച്ചറായ പട്രീഷ്യ ക്രിസ്റ്റീന കുറച്ചുവർഷങ്ങൾക്കു മുൻപ് തന്നെത്തന്നെ വിവാഹം കഴിച്ചു. ഒരു വിവാഹത്തിനു വേണ്ട എല്ലാ ആഘോഷങ്ങളോടെയും തന്നെയായിരുന്നു പട്രീഷ്യയുടെ ചടങ്ങുകൾ. ആഴ്ചകളോളമെടുത്തു ചടങ്ങുകൾ പ്ലാൻ ചെയ്തു. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള കല്യാണവസ്ത്രവും വാങ്ങി. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി. വരൻ ഇല്ലെന്നതൊഴിച്ചാൽ ബാക്കിയെല്ലാം സാധാരണ ഒരു വിവാഹം പോലെ തന്നെ.
അതിഥികൾക്കു വിവാഹച്ചടങ്ങുകൾക്കു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പട്രീഷ്യ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനു മികച്ച പ്രതികരണങ്ങളും വിമർശനങ്ങളും ധാരാളം ലഭിച്ചു. 2007ൽ ചൈനയിലെ ല്യു യെ എന്ന യുവാവും ഇതുപോലെ തന്നെത്തന്നെ വിവാഹം കഴിച്ചിരുന്നു. തന്റെ അതേ രൂപത്തിലുള്ള ഒരു കട്ടൗട്ട് ഉണ്ടാക്കി അതിൽ വിവാഹമോതിരം അണിയിക്കുകയാണ് ല്യു ചെയ്തത്. 2003ൽ നെതർലൻഡ്സിലെ ഡച്ച് ചിത്രകാരിയായ ജെന്നിഫർ ഹോസും ഇതുപോലെ സ്വയം വിവാഹം കഴിച്ചു. ഒട്ടേറെ അതിഥികളെ വിളിച്ചുകൂട്ടി അവരുടെ സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം. 2010ൽ തയ്‌വാനിൽ മുപ്പതുകാരിയായ ചെൻ വെയ് യിയും ഇത്തരത്തിൽ സ്വയം കല്യാണം കഴിച്ചയാളാണ്.
ഇത്തരത്തിലുള്ള വിചിത്രമായ വിവാഹവാർത്തകൾ ലോകത്തു പലപ്പോഴും സംഭവിക്കാറുണ്ട്. 2008ൽ യുഎസിലെ സൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള എറിക എന്ന മുൻ വനിതാ സൈനിക ഓഫിസർ വിവാഹം കഴിച്ചതാരെയെന്നോ? ഫ്രാൻസിലെ പ്രസിദ്ധമായ ഈഫൽ ടവറിനെ. വിവാഹശേഷം എറിക ലടോർ ഈഫൽ എന്നു പേരുമാറ്റുകയും ചെയ്തു ഇവർ. ഈഫൽ ടവറിനെ വിവാഹം കഴിക്കുന്നതിനു മുൻപ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു വില്ല്, വീടിനു ചുറ്റുമുള്ള മതിൽ എന്നിവരോട് തനിക്കു പ്രണയമായിരുന്നെന്നും എന്നാൽ ഏറ്റവും സ്നേഹം ഈഫൽ ടവറിനോടായതിനാൽ അതിനെ വിവാഹം കഴിക്കുകയായിരുന്നെവെന്നും എറിക പറയുന്നു. 2010ൽ ദക്ഷിണകൊറിയക്കാരനായ ലീ ജിൻ ഗ്യു തന്റെ തലയണയെയാണ് വിവാഹം കഴിച്ചത്.