ബിൽ ഗേറ്റ്സിന്റെ ഏറ്റവും വലിയ സ്വത്ത് ഒരു പുസ്തകം! എഴുതിയത് ഡാവിഞ്ചി
Mail This Article
ഒട്ടേറെ സ്വത്തുവകകൾ ബിൽ ഗേറ്റ്സിനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തുശേഖരങ്ങളിലൊന്ന് ഒരു പുസ്തകശേഖരമാണ്. വലിയ ഒരു വായനക്കാരനായ ഗേറ്റ്സിന്റെ ലൈബ്രറിയിലെ ഏറ്റവും മൂല്യമുള്ള ഗ്രന്ഥമാണ് കോഡക്സ് ലീസസ്റ്റർ. മൂന്നുകോടി യുഎസ് ഡോളറിലധികം വില നൽകിയാണ് ഈ പുസ്തകം അദ്ദേഹം സ്വന്തമാക്കിയത്.
ഇതെഴുതിയ ഗ്രന്ഥകർത്താവ് ചില്ലറക്കാരനല്ല, വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭയും മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ സ്രഷ്ടാവുമായ ലിയണാഡോ ഡാവിഞ്ചിയാണ് കോഡക്സ് ലീസസ്റ്റർ എഴുതിയത്.
1506– 1510 കാലഘട്ടത്തിലാണ് ഇറ്റാലിയൻ ഭാഷയിലുള്ള ഈ ഗ്രന്ഥം ഡാവിഞ്ചി രചിച്ചത്. ഇറ്റലിയിലെ ഫ്ലോറൻസിലും മിലാനിലുമായി തന്റെ ജീവിതം അദ്ദേഹം ചെലവിട്ട നാളുകളിൽ. 4 ഭാഗങ്ങളായി 18 പേജു വീതം മൊത്തം 72 താളുകളുള്ള ഈ പുസ്തകത്തിൽ ഡാവിഞ്ചി തന്റെ ആശയങ്ങൾ കോറിയിട്ടു. അതിനൊപ്പം അതിന്റെ ചിത്രങ്ങളും സ്കെച്ചുകളും. മിറർ റൈറ്റിങ് എന്ന തനതു ഡാവിഞ്ചിയൻ ശൈലിയിലാണു പുസ്തകത്തിന്റെ രചന. സാധാരണയിൽ നിന്നു മാറി വലതു നിന്ന് ഇടത്തോട്ട് വായിക്കേണ്ട ആഖ്യാനശൈലിയാണ് ഇത്. മധ്യകാലഘട്ട ഇറ്റാലിയൻ ഭാഷയാണു പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരേസമയം കലാകാരനും ശാസ്ത്രജ്ഞനും എൻജിനീയറും ചിന്തകനുമായിരുന്നു ഡാവിഞ്ചി. മൊണാലിസയിലൂടെയും ലാസ്റ്റ് സപ്പറിലൂടെയും അദ്ദേഹത്തിന്റെ കലാവൈഭവം ലോകത്തിനെ കീഴ്പ്പെടുത്തിയെങ്കിൽ കോഡക്സ് ലീസെസ്റ്ററിൽ ശാസ്ത്രപരവും സാങ്കേതികപരവുമായ ആശയങ്ങളാണ് അദ്ദേഹം പങ്കിടുന്നത്. ശാസ്ത്രവും കലയും സമന്വയിക്കുന്ന നിമിഷങ്ങളും ഈ നോട്ടുപുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
ജലം, അതിന്റെ ചലനങ്ങൾ, അതിന്റെ ഭാവങ്ങൾ, അതിനെ വരുതിയിലാക്കാൻ നടപ്പിൽ വരുത്താവുന്ന സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളാണ് പുസ്തകത്തിന്റെ നല്ലൊരു പങ്കും.പർവതങ്ങൾക്കു മുകളിൽ കടൽജീവികളുടെ ഫോസിലുകൾ എങ്ങനെയെത്തി തുടങ്ങിയ അക്കാലത്തെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് തന്റേതായ വ്യാഖ്യാനം നൽകാൻ ഡാവിഞ്ചി കോഡക്സ് ലീസസ്റ്ററിലൂടെ ശ്രമിച്ചിട്ടുണ്ട്.
ചന്ദ്രന്റെ പ്രകാശത്തിന്റെ ശാസ്ത്രീയകാരണങ്ങൾ കണ്ടെത്താനും എന്തുകൊണ്ട് ചന്ദ്രപ്രകാശം സൂര്യപ്രകാശത്തേക്കാൾ തിളക്കം കുറഞ്ഞതാണെന്ന് അറിയാനും ഡാവിഞ്ചി ശ്രമിക്കുന്നത് നമുക്ക് പുസ്തകത്തിൽ കാണാം. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനോട് ഒപ്പം തന്നെ ഭൂമിയിൽ നിന്നു പ്രതിഫലനം ചെയ്യപ്പെടുന്ന പ്രകാശവും ചന്ദ്രനിൽ പതിച്ച് ഒരു പ്രകാശമണ്ഡലം ഉണ്ടാക്കുന്നുണ്ടെന്നും ഡാവിഞ്ചി പറഞ്ഞു വയ്ക്കുന്നു. ഒരു നൂറ്റാണ്ടിനിപ്പുറം ഈ നിഗമനം ശരിയാണെന്നു വിഖ്യാത ജ്യോതിശ്ശാസ്ത്രജ്ഞനായ യോഹാൻ കെപ്ലർ കണ്ടെത്തി. 500 വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ നോട്ടുപുസ്തകം പലരുടെ കൈമറിഞ്ഞാണ് ഒടുക്കം ബിൽ ഗേറ്റ്സിന്റെ സ്വന്തമായത്.