ADVERTISEMENT

ഇന്ന് ലോകത്തിലുള്ള ഏറ്റവും വലിയ മണി മോസ്‌കോവിലെ ക്രെംലിനിലുള്ള സാർ ബെല്ലാണ്. രണ്ടുലക്ഷത്തിലധികം കിലോ ഭാരമുള്ള (200 ടണ്ണിലധികം) ഈ മണി ഇവാൻ, മിഖായേൽ മോട്ടോറിൻ എന്ന ശിൽപികൾ 1730ൽ ആണ് നിർമിച്ചത്. 614 മീറ്റർ പൊക്കമുള്ള ഈ മണി അന്ന ലോനോവ്‌ന എന്ന സാർ ചക്രവർത്തിനിയുടെ കാലത്താണു പണികഴിപ്പിച്ചത്. എന്നാൽ നിർമാണസമയത്ത് ക്രെംലിനിൽ ഒരു അഗ്നിബാധ ഉടലെടുത്തു. ഇതിന്റെ ഫലമായി മണിയെ താങ്ങി നിർത്തിയിരുന്ന തടിച്ചട്ടക്കൂടിന് തീപിടിച്ചു. ഇതു കെടുത്താനായി ക്രെംലിനിലെ സുരക്ഷാ ഉദ്യോഗസ്ഥർ ബെല്ലിലേക്ക് ഉൾപ്പെടെ വെള്ളം കോരിയൊഴിച്ചു. മൂശയിൽ നിന്ന് എടുത്തുവച്ച് ബെല്ലിന്റെ ലോഹനിർമിതി തണുത്തു വരുന്നതേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് അതിലേക്കു വെള്ളം വീണപ്പോൾ മണിയുടെ ലോഹനിർമിതിയിൽ പൊട്ടലുകൾ വരികയും ഇതിൽ നിന്നു വലിയൊരു കഷണം ഇളകി വീഴുകയും ചെയ്തു.

ഇതുമൂലം ബെൽ ഉപയോഗശൂന്യമായി കിടന്നു. പിന്നീട് ഇതൊരു പീഠത്തിലേക്ക് മാറ്റി സംരക്ഷിച്ചു. ഉപയോഗയോഗ്യമായിരുന്നെങ്കിൽ ഈ മണിയിലെ അടിയൊച്ച 60 കിലോമീറ്റർ വരെ ദൂരത്തു കേൾക്കാൻ കഴിഞ്ഞേനെയെന്ന് വിദഗ്ധർ പറയുന്നു. ഇന്നത്തെ കാലത്ത് ഉപയോഗത്തിലുള്ള ഏറ്റവും വലിയ മണി മ്യാൻമറിലാണ്. 92 ടൺ ഭാരമുള്ള മിൻഗുൻ ബെൽ എന്ന മണിയാണ് ഇത്. 16 അടി, എട്ടിഞ്ച് വ്യാസമുള്ള ഈ മണി മ്യാൻമറിലെ മാൻഡലേയിൽ സ്ഥിതി ചെയ്യുന്നു. 1782-1819ൽ ബർമ ഭരിച്ച ബോധവ്പായ രാജാവാണ് ഈ മണി പണികഴിപ്പിച്ചത്. മ്യാൻമറിൽ തന്നെയുള്ള മറ്റൊരു പ്രശസ്തമായ മണിയായിരുന്നു ധമ്മസേഡി ഗ്രേറ്റ് ബെൽ.വെങ്കലത്തിൽ നിർമിച്ച ഈ മണി 1484ൽ ബർമീസ് രാജാവായ ധമ്മസേഡിയാണു പണികഴിപ്പിച്ചത്. മൂന്നു ലക്ഷം കിലോയോളം ഭാരമുണ്ടായിരുന്ന ഇത് ബർമയിലെ പ്രധാനനഗരമായ യാംഗോണിലെ ഡാഗോണിൽ സ്ഥിതി ചെയ്യുന്ന ശ്വേഡഗോൺ പഗോഡയിലേക്കു നൽകപ്പെട്ടു. വെങ്കലത്തിനു പുറമേ സ്വർണം, വെള്ളി എന്നിവയും ഇതിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ ബർമയിലെത്തിയ പോർച്ചുഗീസുകാർ ഈ മണി അഴിച്ചുമാറ്റി. ഇതു ചങ്ങാടത്തിലേറ്റി ഒരു തുറമുഖത്തേക്കു കൊണ്ടുപോയി. ഇതുരുക്കി പീരങ്കിയുണ്ടാക്കാനായിരുന്നു തീരുമാനം. എന്നാൽ പോയവഴിക്ക് ചങ്ങാടം തകർന്ന് മണി മുങ്ങിപ്പോയി. ഇന്നും കണ്ടെത്തിയിട്ടില്ല. യുഎസിലെ വേൾഡ് പീസ് ബെൽ, ബ്രിട്ടനിലെ ഗ്രേറ്റ് പോൾ, ഗ്രേറ്റ് ജോർജ്, ബിഗ് ബെൻ തുടങ്ങിയവയൊക്കെ ലോകത്തെ പ്രശസ്തമായ മണികളാണ്.

English Summary:

World's Largest Bell: A 200-Ton Colossus & the Mystery of the Lost 300-Ton Giant!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com