പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഗൃഹനാഥനു ദാരുണാന്ത്യം
![kannur-accident-death സി.ഡി.കുര്യാക്കോസ്](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2020/10/6/kannur-electric-shock-death.jpg?w=1120&h=583)
Mail This Article
ഇരിട്ടി∙ കാക്കയങ്ങാട് പാലപ്പുഴയിൽ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി ഗൃഹനാഥനു ദാരുണാന്ത്യം. ചെരുവിൽ സി.ഡി.കുര്യാക്കോസാണ് (69) മരിച്ചത്. പുരയിടത്തിലെ കാടു വെട്ടിതെളിക്കുന്നതിനിടയിൽ ഇന്നലെ 12 മണിയോടെയാണ് അപകടം. നേരത്തെ പൊട്ടി വീണു കിടന്നിരുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടുകയായിരുന്നെന്നു കരുതുന്നു.
ഷോക്കേറ്റു തെറിച്ചു വീണ കുര്യാക്കോസിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി ലൈൻ പൊട്ടി വീണു കിടന്നിരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ കെഎസ്ഇബി അധികൃതരും അറിഞ്ഞിരുന്നില്ല. അപകടത്തെ തുടർന്നു പൊലീസ് നിർദേശ പ്രകാരം കമ്പികൾ മാറ്റിക്കെട്ടി. ഭാര്യ:മേരി. മക്കൾ: ബീന, രമ്യ, ബിനോയ്, സ്മിത.