സൂചിത്തുമ്പിൽ ആൻഡമാനിലെ കറുത്ത അജ്ഞാത വിഷം; മൃദുലയോട് അടുക്കരുതെന്നു പറഞ്ഞു; ഒടുവിൽ ആത്മഹത്യാക്കുറിപ്പിൽ മോളിന എഴുതി...

Mail This Article
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. 1947ലെ വിഭജനത്തിനുശേഷം ഈ പ്രദേശം ഈസ്റ്റ് പാക്കിസ്ഥാനായി. പിന്നീട് വിമോചനയുദ്ധത്തിനുശേഷം 1971 മുതൽ ബംഗ്ലദേശിന്റെ ഭാഗവും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. നല്ല ഉയരമുള്ള സുമുഖനായ 25കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്ന ഹേമേന്ദ്ര പരീക്ഷയ്ക്കു പോലും ഹാജരാകുമായിരുന്നില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിൽ ഈ ഒറ്റക്കാരണത്താൽത്തന്നെ കോളജിൽനിന്നു പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജിലെ ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഹേമേന്ദ്ര. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരിയുടെ താമസം. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ചുറ്റും ആജ്ഞാനുവർത്തികളായ ഭൃത്യർ. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം യാത്ര. ടെലഫോണിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്നുതന്നെ ഹേമേന്ദ്രയുടെ ബംഗ്ലാവിലും ടെലഫോണുണ്ടായിരുന്നു. സബ്‌സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.