വാർത്ത എത്തിയത് ക്ഷേത്ര ദർശനത്തിനിടെ; 18 വർഷം അലഞ്ഞതിന് ‘ദൈവത്തിന്റെ’ മറുപടി
Mail This Article
കൊല്ലം∙ മകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയവരെ 18 വർഷങ്ങൾക്കു ശേഷം കണ്ടെത്തിയതിൽ ദൈവത്തോട് നന്ദി പറഞ്ഞത് ശാന്തമ്മ. ‘‘കണ്ണടയുന്നതിന് മുൻപേ അവരെ പിടികൂടണമെന്ന എന്റെ പ്രാർഥന ദൈവം കേട്ടു. അവരെ പിടികൂടാനായി നിരന്തരം പ്രയത്നിച്ച പൊലീസ് ഉദ്യോഗസ്ഥരോട് എനിക്ക് നന്ദിയും കടപ്പാടുമുണ്ട്. കടുത്ത ശിക്ഷ തന്നെ നൽകണം. കേസ് ഇനി നീട്ടിക്കൊണ്ടു പോകരുതെന്ന അഭ്യർഥന മാത്രം. എനിക്കും എന്റെ മൂത്ത മകൾക്കും കുടുംബത്തിനും ഇപ്പോഴും ഭയമാണ്.
ദിവിൽകുമാറും രാജേഷും ഞങ്ങളെയും വകവരുത്തുമോ എന്ന ഭയത്തിലാണു കഴിയുന്നത്. സംഭവം നടന്ന അന്ന് മുതൽ പ്രാർഥനയും കണ്ണീരുമായി കഴിയുകയായിരുന്നു. വെള്ളി വൈകിട്ട് കൊല്ലം പുതിയകാവ് ദേവി ക്ഷേത്രത്തിൽ തൊഴുതു നിന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഷാനവാസ് സാറിന്റെ വിളി വന്നത്. അമ്മേ അമ്മയുടെ കണ്ണീരിന് ഫലം കണ്ടു. അവൻമാരെ ഞങ്ങൾ പിടിച്ചിട്ടുണ്ട്. ആദ്യം എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഹൃദയം നുറുങ്ങുന്ന വേദനയുമായി 18 വർഷം എന്തിനു വേണ്ടിയാണോ അലഞ്ഞത് അതിനുള്ള മറുപടിയാണ് ഇന്നലെ ലഭിച്ചത്. വാവിട്ടു കരയുകയായിരുന്നു ഞാൻ. ഷാനവാസ് സാർ എന്നെ ഒരുപാട് ആശ്വസിപ്പിച്ചു. ഈ കേസിൽ ഇവർ രണ്ടു പേർ മാത്രമല്ല പ്രതികൾ. അതേപ്പറ്റിയും അന്വേഷണം വേണം.’’– ശാന്തമ്മ പറഞ്ഞു. എന്റെ കുടുംബവും ദിവിൽ കുമാറിന്റെ കുടുംബവും അടുത്തടുത്താണ് താമസിച്ചിരുന്നത്. ഒരാളുടെ പേരിലുള്ള വസ്തു ഞങ്ങൾ രണ്ട് കുടുംബക്കാരും വാങ്ങുകയായിരുന്നു.
ദിവിൽ കുമാർ ഞങ്ങളുടെ വീടുമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ രണ്ട് പെൺമക്കളും ദിവിൽ കുമാറിനെ സഹോദരനെപ്പോലെയാണ് കണ്ടിരുന്നത്. എന്റെ മൂത്തമകളുടെ വിവാഹത്തിനു ശേഷമാണ് രഞ്ജിനിയുമായി ദിവിൽ കൂടുതൽ അടുക്കുന്നത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് അടുത്തു കൂടി. രഞ്ജിനി ഗർഭിണി ആണെന്ന് അറിഞ്ഞതോടെ അവന്റെ സ്വഭാവം മാറി. അവൻ എന്റെ മകളെ ചതിക്കുകയായിരുന്നു. ദിവിൽ കുമാറിന്റെ വീട്ടുകാർക്കും വിവാഹത്തിന് താൽപര്യമില്ലാതായി.
പ്രസവം കഴിഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ രഞ്ജിനിയെയും കുഞ്ഞുങ്ങളെയും നോക്കാനായാണ് ദിവിൽകുമാർ സുഹൃത്തായ കണ്ണൂർ സ്വദേശി രാജേഷിനെ ഞങ്ങൾക്കു പരിചയപ്പെടുത്തുന്നത്. എന്നാൽ മകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് സൗഹൃദം സ്ഥാപിച്ചതെന്ന് മനസ്സിലാക്കാനായില്ല. സംഭവ ദിവസം വീട്ടിലെത്തിയ രാജേഷ് എന്നെ വീട്ടിൽ നിന്നു മാറ്റാനായി കള്ളം പറഞ്ഞ് പഞ്ചായത്ത് ഒാഫിസിലേക്ക് വിടുകയായിരുന്നു – ശാന്തമ്മ ഓർക്കുന്നു.
കേസിന്റെ നാൾ വഴിയിലൂടെ...
∙ 2006 ഫെബ്രുവരി 10 ന് രഞ്ജിനിയെയും ഇരട്ടകളായ പിഞ്ചുകുഞ്ഞുങ്ങളെയും ഏറത്തെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
∙ പൊലീസ് അന്വേഷണത്തിൽ പ്രതികൾ സൈനികരായ ദിവിൽകുമാർ, രാജേഷ് എന്നിവരാണെന്നു തിരിച്ചറിഞ്ഞു.
∙ പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനു രഞ്ജിനിയുടെ മാതാവ് ശാന്തമ്മ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
∙ അന്വേഷണം നടന്നെങ്കിലും പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞില്ല.
∙ രഞ്ജിനിയുടെ മാതാവ് ശാന്തമ്മ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം 2010ൽ കേസ് സിബിഐക്കു കൈമാറി.
∙ സിബിഐയുടെ വിശദമായ അന്വേഷണത്തിൽ ഇരുവരും രാജ്യം വിട്ടതായി കണ്ടെത്തി.
∙ കൊലപാതകം നടന്നു 19 വർഷത്തിനു ശേഷം പ്രതികൾ പോണ്ടിച്ചേരിയിൽ ഉള്ളതായി സിബിഐ കണ്ടെത്തുന്നു.
∙ തുടർന്ന് കഴിഞ്ഞ ദിവസം പ്രതികളായ ദിവിൽകുമാർ, രാജേഷ് എന്നിവരെ സിബിഐ സംഘം അറസ്റ്റ് ചെയ്തു.
ആശ്വാസത്തിൽ നാട്
അഞ്ചൽ ∙ നാടിനെ നടുക്കിയ അരുംകൊലയ്ക്കു 19 വർഷത്തിനു ശേഷം ഉത്തരം കിട്ടിയതിന്റെ ആശ്വാസത്തിലാണ് അഞ്ചൽ നിവാസികൾ. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ കഴിയാതിരുന്നതിന്റെ രോഷത്തിലായിരുന്നു നാട്ടുകാർ. ഏറെ പ്രതിഷേധങ്ങളും ഉണ്ടായി. കോടതി നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തതോടെ പ്രതികളെ കണ്ടെത്തുമെന്നുള്ള പ്രതീക്ഷയായി. സിബിഐയുടെ വിശദമായ അന്വേഷണത്തിൽ പ്രതികൾ രാജ്യം വിട്ടതായി കണ്ടെത്തിയിരുന്നു.
ദിവിൽകുമാറിന്റെ കുഞ്ഞുങ്ങളെ രജനി പ്രസവിക്കാൻ ഇടയായതോടെ ദിവിൽകുമാറിന്റെ നിർദേശപ്രകാരം രാജേഷ് കൊലപാതകം നടത്തിയെന്നാണു സിബിഐ നിഗമനം. കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലിയുള്ള കേസ് അന്നു വനിത കമ്മിഷന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. പഞ്ചാബിൽ സൈന്യത്തിൽ ജോലി ചെയ്തിരുന്ന ദിവിൽകുമാറും രാജേഷും സുഹൃത്തുക്കളായിരുന്നു. രാജേഷിന്റെ വിവരങ്ങളും ചിത്രവും പൊലീസിനു ലഭിച്ചതോടെയാണ് സൈനികനാണെന്നും ദിവിൽകുമാറിന്റെ സുഹൃത്താണെന്നും കണ്ടെത്തുന്നത്.