ആവണി റോഡിൽ താൽക്കാലിക വഴിയൊരുക്കി; ചെളിക്കുളമായ റോഡിൽ തട്ടിക്കൂട്ട് അറ്റകുറ്റപ്പണി
Mail This Article
ചങ്ങനാശേരി∙ ആവണി റോഡിലൂടെ നടക്കാം, താൽക്കാലികമായിട്ടാണെങ്കിലും. ജലഅതോറിറ്റിയുടെ പൈപ്പിടാനായി തകർത്തതിനെത്തുടർന്നു തകർന്നു ചെളിക്കുളമായ ആവണി റോഡിൽ നഗരസഭയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് മക്ക് ഇറക്കി താൽക്കാലിക വഴിയൊരുക്കി. പ്രദേശവാസികളുടെ ഭാഗത്തുനിന്നുള്ള വ്യാപകപരാതിയെത്തുടർന്നാണു നടപടി. നഗരസഭയുടെ 28, 29 വാർഡുകളിലൂടെ പോകുന്ന ആവണി റോഡ് തകർന്നതിനാൽ ഒട്ടേറെ കുടുംബങ്ങളാണ് ദുരിതത്തിലായത്. ചെറിയമഴയിൽ റോഡ് ചെളിക്കുളമാകും.
സമീപത്തെ വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിയെത്തും. തകർന്ന് ചെളിനിറഞ്ഞ റോഡിൽ വീണ് ഒട്ടേറെ ഇരുചക്രയാത്രക്കാർക്കു പരുക്കേറ്റു. ഇതിനു താൽക്കാലിക പരിഹാരമായാണു നഗരസഭാ കൗൺസിലർ പി.എ.നിസാറിന്റെ നേതൃത്വത്തിൽ താൽക്കാലികമായി റോഡ് അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പിടാനായി കുഴിച്ച റോഡുകൾ ജലഅതോറിറ്റി അടിയന്തരമായി പുനരുദ്ധാരണം ചെയ്യണമെന്ന് കൗൺസിലർ സ്മിത സുരേഷും പറഞ്ഞു.
റോഡ് ബലപ്പെടുത്തണമെന്ന് ജലഅതോറിറ്റി
പൈപ്പിടാനായി കുഴിയെടുത്ത ഭാഗത്തെ റോഡ് ബലപ്പെടുത്തണമെന്ന് ജലഅതോറിറ്റി. കുട്ടനാടൻ പ്രദേശമായതിനാൽ കുഴിയെടുത്ത ഭാഗത്തെ മണ്ണ് വലിയ രീതിയിൽ ഒലിച്ചു പോകുന്നതായി ജലഅതോറിറ്റി പറയുന്നു. റോഡ് ബലപ്പെടുത്തിയതിനു ശേഷമേ റോഡിന്റെ പുനരുദ്ധാരണം ചെയ്യാൻ സാധിക്കൂവെന്ന് നിർമാണം ഏറ്റെടുത്ത കരാറുകാരൻ അതോറിറ്റിക്ക് കത്തും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് എൻജിനീയർ റിവൈസ്ഡ് എസ്റ്റിമേറ്റ് പാസാക്കി.
ഇതുപ്രകാരം റോഡിന്റെ ഏറ്റവും അടിഭാഗത്ത് ഒരു ലെയറിലായി ക്വാറി മക്ക് നിക്ഷേപിക്കും. ആവണി റോഡിലും പെരുമ്പുഴക്കടവ് റോഡിന്റെ ചില ഭാഗങ്ങളിലും ഇത്തരത്തിൽ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാലാണു പൂർത്തിയാക്കാൻ കഴിയാത്തതെന്നു ജലഅതോറിറ്റി പറയുന്നത്. തുടർച്ചയായി മഴയില്ലാത്ത ദിവസങ്ങളാണെങ്കിൽ നിർമാണം ഉടൻ പൂർത്തിയാക്കാമെന്നും പറഞ്ഞു.