നാടിന് ‘കണക്ഷൻ’ നൽകി മേൽപാതകൾ, അടിപ്പാതകൾ; എവിടെയെല്ലാം?
Mail This Article
പൊന്നാനി ∙ ഉറൂബ് നഗറിൽ അടിപ്പാതയില്ല. പുതുപൊന്നാനിയിൽ പാലത്തിന് 40 മീറ്റർ അടുത്ത് പുതിയ അടിപ്പാത വരും. എംഐ ഗേൾസ് ഹൈസ്കൂളിനു മുൻപിൽ ലിഫ്റ്റ് സൗകര്യമോ എസ്കലേറ്റർ സംവിധാനമോ ഉള്ള നടപ്പാലം നിർമിക്കും. പുതുപൊന്നാനി പാലത്തിനടുത്ത് രണ്ടര മീറ്റർ ഉയരവും 5 മീറ്റർ വീതിയുമുള്ള അടിപ്പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഉറൂബ് നഗറിൽ ഇരുഭാഗത്തുമായി 4 സെന്റ് ഭൂമി നഗരസഭ ലഭ്യമാക്കിയാൽ ലിഫ്റ്റ് സൗകര്യമോ എസ്കലേറ്റർ സംവിധാനമോ ഉള്ള നടപ്പാലം നിർമിക്കാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്.
മിനി പമ്പയ്ക്കടുത്ത് വൺവേ മേൽപാലം
പൊന്നാനി ബൈപാസ് റോഡ് അവസാനിക്കുന്നിടത്തുനിന്ന് തൃശൂർ റോഡിലേക്കു കയറുന്നതിന് മിനിപമ്പയ്ക്കു സമീപം വൺവേ മേൽപാലം നിർമിക്കും. പൊന്നാനി ബൈപാസ് സർവീസ് റോഡും തൃശൂർ റോഡും ബന്ധിപ്പിച്ചുകൊണ്ട് 90 മീറ്റർ നീളത്തിലാണ് ഇൗ മേൽപാലം നിർമിക്കുക. പൊന്നാനി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് തൃശൂർ റോഡിലേക്കു കടക്കാൻ വേണ്ടി മാത്രമാണ് ഇൗ പാലം. കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് പഴയ കുറ്റിപ്പുറം പാലം വഴി നിലവിലെ റൂട്ടിലൂടെ തന്നെ തൃശൂർ റോഡിലേക്കു കയറുന്നതിന് മറ്റു തടസ്സങ്ങളൊന്നുമുണ്ടാകില്ല. ഇൗ ഭാഗത്ത് ഭാരതപ്പുഴയിലെ ആറുവരിപ്പാലത്തിനു പുറമേയാണ് സർവീസ് റോഡിൽ നിന്നൊരു മേൽപാലം തൃശൂർ റോഡിലേക്കായി നിർമിക്കുന്നത്. ആറുവരിപ്പാലത്തിന്റെ പണികൾ കഴിഞ്ഞാലുടൻ തൃശൂർ റോഡിലേക്കുള്ള മേൽപാലത്തിന്റെ പണികൾ തുടങ്ങും.
38 ബസ് സ്റ്റോപ്പുകൾ
രാമനാട്ടുകര മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ 38 സ്ഥലങ്ങളിലാണ് ബസ് സ്റ്റോപ്പുകൾ നിർമിക്കുന്നത്. അൽപം ദൂരവ്യത്യാസത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ബസ് സ്റ്റോപ്പുകൾ ഉണ്ടാകും. ഇരു ഭാഗങ്ങളിലേക്കുമായി ആകെ 76 ബസ് സ്റ്റോപ്പുകൾ നിർമിക്കും. ബസ് സ്റ്റോപ്പുകളുള്ളിടത്ത് വേഗനിയന്ത്രണം ഏർപ്പെടുത്തും. ഇൗ ഭാഗങ്ങളിൽ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉറപ്പാക്കും.
അടിപ്പാതകൾ, മേൽപാലങ്ങൾ
ജില്ലയിൽ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ 27 അടിപ്പാതകളാണ് (അണ്ടർപാസ്) നിർമിക്കുന്നത്. വളാഞ്ചേരി വരെയുള്ള ഭാഗത്ത് 14 എണ്ണവും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള ഭാഗത്ത് പുതുപൊന്നായിൽ പുതുതായി വിഭാവനം ചെയ്ത അടിപ്പാതയടക്കം 13 എണ്ണവുമാണ് നിർമിക്കുന്നത്. ജില്ലയിൽ 19 മേൽപാതകൾ (ഓവർപാസ്) നിർമിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മേൽപാത വേണ്ടിവരുന്നത് രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള ഭാഗങ്ങളിലാണ്. 16 മേൽപാതകളാണ് ഇൗ ഭാഗത്ത് നിർമിക്കുന്നത്. 2 റീച്ചുകളിലുമായി 4 മേൽപാലങ്ങളും നിർമിക്കുന്നുണ്ട്.
അടിപ്പാതകൾ എവിടെയെല്ലാം
ഇടിമുഴിക്കൽ, പാണമ്പ്ര, താഴേ ചേളാരി, പടിക്കൽ, പാലയ്ക്കൽ, തലപ്പാറ, അരീത്തോട്, വി.കെ.പടി, കൂരിയാട്, കരുമ്പിൽ, വെന്നിയൂർ, പൂക്കിപ്പറമ്പ്, കോട്ടയ്ക്കൽ ബൈപാസ്, രണ്ടത്താണി (മൂച്ചിക്കൽ), കഞ്ഞിപ്പുര, മൂടാൽ, കാട്ടിപ്പരുത്തി, പാണ്ടികശാല, അയിങ്കലം, പന്തേപ്പാലം, നരിപ്പറമ്പ്, ഇൗശ്വരമംഗലം, പള്ളപ്രം, ആനപ്പടി, പുതുപൊന്നാനി, പാലപ്പെട്ടി, വെളിയങ്കോട്.
മേൽപാതകൾ ഇവിടെ
സ്പിന്നിങ് മിൽ, കാക്കഞ്ചേരി (കിൻഫ്ര), ചെട്ട്യാർമാട്, യൂണിവേഴ്സിറ്റി, മേലേ ചേളാരി, വെളിമുക്ക്, കൊളപ്പുറം, കക്കാട്, കോഴിച്ചെന, മഞ്ഞിലാസ് പടി, കോട്ടയ്ക്കൽ ബൈപാസ്, ചെനയ്ക്കൽ, പൂവഞ്ചിന, അതിരുമട, പുത്തനത്താണി, കരിപ്പോൾ, മുക്കിലപീടിക, മൂടാൽ, കുറ്റിപ്പുറം ഗവ. ആശുപത്രി.
പണി എത്രയായി?
സംസ്ഥാനത്ത് ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന പ്രധാന ഭാഗങ്ങൾ, ആകെ കിലോമീറ്റർ, അനുവദിച്ച തുക, എത്ര ശതമാനം പണി പൂർത്തിയായി, പൂർത്തീകരണത്തിനായി നിർദേശിച്ച സമയം എന്ന ക്രമത്തിൽ
∙തലപ്പാടി – ചെങ്ങല – 39 കി.മീ – 1704.1 കോടി – 53% – 2024 മേയ് 15.
∙ ചെങ്ങല – നീലേശ്വരം – 37.268 കി.മീ – 1799 കോടി – 43.25% – 2024 ഏപ്രിൽ 11
∙ നീലേശ്വരം – തളിപ്പറമ്പ് – 40.11 കി.മീ – 2251 കോടി – 29.6% – 2024 ഏപ്രിൽ 11
∙ തളിപ്പറമ്പ് – മുഴുപ്പിലങ്ങാട് – 29.948 കി.മീ – 2038 കോടി – 35.12% – 2025 ഓഗസ്റ്റ് 31
∙ മുഴുപ്പിലങ്ങാട് – രാമനാട്ടുകര – 89.9 കി.മീ – 7292.83 കോടി – 33% മുതൽ 96.37% വരെ (4 റീച്ചുകൾ) – 2025 മേയ് 13
∙ രാമനാട്ടുകര – വളാഞ്ചേരി – 39.68 കി.മീ – 2367.5 കോടി – 46.21%, 2024 ജൂലൈ 19.
∙ വളാഞ്ചേരി – കാപ്പിരിക്കാട് – 37.35 കി.മീ – 2140
കോടി – 52%, 2024 ജൂലൈ 19.
∙ കാപ്പിരിക്കാട് – തളിക്കുളം – 33.165 കി.മീ – 1258 കോടി – 2025 ഫെബ്രുവരി 26.
∙ തളിക്കുളം – കൊടുങ്ങല്ലൂർ – 28.735 കി.മീ – 1420 കോടി – 2025 മാർച്ച് 14
∙ കൊടുങ്ങല്ലൂർ – ഇടപ്പള്ളി – 26.03 കി.മീ – 1617 കോടി – 2024 ഒക്ടോബർ 25
∙ അരൂർ – കൊട്ടുകുളങ്ങര – 89.135 കി.മീ – 5113.88 കോടി – 4.35% മുതൽ 15.1% വരെ – 2026 ജനുവരി 31
∙ കൊട്ടുകുളങ്ങര – കൊല്ലം – 31.50 കി.മീ – 3351.23 കോടി – 27% – 2024 ഒക്ടോബർ 8
∙ കൊല്ലം – കടമ്പാട്ടുകോണം – 31.25 കി.മീ – 3023.78 കോടി – 24% – 2025 ഫെബ്രുവരി 28
∙ കടമ്പാട്ടുകോണം – കഴക്കൂട്ടം – 29.83 കി.മീ – 3451 കോടി – 16.7% – 2025 ജനുവരി 1