കീച്ചേരിവാൽക്കടവിൽ ഗ്രാമോത്സവം
Mail This Article
കടപ്ര ∙ പമ്പാ, മണിമല നദീസംഗമത്തിലെ കീച്ചേരിവാൽക്കടവ് ഗ്രാമോത്സവത്തിന് ഇന്നു തുടക്കം. ഇന്ന് 2 ന് സൈക്കിൾ മുക്കിൽ നിന്നു തുടങ്ങുന്ന വിളംബര ജാഥയ്ക്ക് പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ഇ.ഡി.ബിജു കൊടിവീശും. ജനചേതന സാംസ്കാരിക വേദി, പഞ്ചായത്ത്, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാമോത്സവം.
നാളെ 9ന് സാംസ്കാരികവേദി പ്രസിഡന്റ് പി.ആർ.മഹേഷ്കുമാർ പതാക ഉയർത്തും. 3 ന് ആലംതുരുത്തി പാലം ജംക്‌ഷനിൽ നിന്നു ജനകീയ ഘോഷയാത്ര തുടങ്ങും. 5.30ന് ഗ്രാമോത്സവ വേദിയിൽ മെഗാ തിരുവാതിര നടക്കും. 6ന് ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ കെ.വി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. 7 ന് കലാസന്ധ്യ ചലച്ചിത്രതാരം എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം റോബിൻ പരുമല അധ്യക്ഷത വഹിക്കും. തുടർന്ന് ഗാനമേള.
15ന് 9 ന് ബാലസംഗമം തിരുവല്ല എഇഒ വി.കെ.മിനികുമാരി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം പി.രാജേശ്വരി അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികളുമായി സംവാദം, 10ന് ചിത്രരചന, കഥ, കവിതാ രചന, ക്വിസ് മത്സരങ്ങൾ, 2ന് വിവിധ പരിശീലന ക്ലാസുകൾ, 4.30ന് കവിയരങ്ങ് കടമ്മനിട്ട വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്യും. മോഹൻ മത്തായി അധ്യക്ഷത വഹിക്കും. 7ന് നാടൻപാട്ട്. 16നു 9ന് വനിതാസംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം വി.അഞ്ജുഷ അധ്യക്ഷത വഹിക്കും.
താലൂക്ക് വ്യവസായ ഓഫിസർ സ്വപ്നദാസ് പ്രഭാഷണം നടത്തും. 12ന് ഉൽപന്ന നിർമാണ പരിശീലനം, 2ന് കുടുംബശ്രീ കലാമേള ബ്ലോക്ക് പഞ്ചായത്തംഗം വിജി നൈനാൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം മിനി ജോസ് അധ്യക്ഷത വഹിക്കും. 5.30ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കീച്ചേരിവാൽക്കടവ് ടൂറിസം സാധ്യതകൾ പ്രബന്ധം ഡോ.വർഗീസ് മാത്യു അവതരിപ്പിക്കും. 7.30ന് നാടകം.
ഗ്രാമോത്സവത്തോടനുബന്ധിച്ച് വ്യാപാര വിപണനമേള, അലങ്കാര മത്സ്യപ്രദർശനം, ഫുഡ് കോർട്ട്, പുഷ്പ, ഫല ചെടികളുടെയും കുടുംബശ്രീ ഉത്പന്നങ്ങളുടെയും വിൽപന, വ്യവസായ വകുപ്പിന്റെ സ്റ്റാൾ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ ജോസഫ് തോമസ്, കൺവീനർ വിപിൻ കാർത്തിക് എന്നിവർ അറിയിച്ചു.
വേദിക്കു പിന്നിൽ ഒരു കഥയുണ്ട്
പമ്പാ മണിമല നദീതടങ്ങളിൽ കരിമ്പുകൃഷിയുടെ സുവർണകാലം. പുളിക്കീഴിലെ പഞ്ചസാര നിർമാണ ഫാക്ടറിയിലേക്ക് കരിമ്പ് എത്തിച്ചിരുന്നത് കൂടുതലും ജലമാർഗമായിരുന്നു. കീച്ചേരിവാൽക്കടവിലെ നദീസംഗമത്തിൽ നിന്നു ഫാക്ടറിയിലേക്ക് കരിമ്പു വള്ളങ്ങൾക്ക് പോകാൻ അന്ന് സർക്കാർ ഒരു ആറ് നിർമിച്ചു. പുത്തനാറെന്നാണ് ഇതറിയപ്പെടുന്നത്. പിന്നീട് കരിമ്പു കൃഷി ഇല്ലാതായി. ഫാക്ടറി പഞ്ചസാരയിൽ നിന്നു മദ്യനിർമാണത്തിലേക്കു മാറി. ഏറെ വള്ളങ്ങളും കരിമ്പും പോയവഴി ഇന്ന് പുല്ലു വളർന്നു കിടക്കുന്നു. നദീസംഗമ സ്ഥലത്തോടു ചേർന്ന ഭാഗം നികന്ന് കരഭൂമിയായി. അവിടമാണിപ്പോൾ പഞ്ചായത്തിലെ ആദ്യത്തെ ഗ്രാമോത്സവത്തിനു വേദിയാകുന്നത്.