സ്പിന്നർമാരെ ആക്രമിക്കാൻ പോകരുതെന്ന് അർഷ്ദീപിനോടു പറഞ്ഞതാണ്, പകരം ആർച്ചറിനെ ലക്ഷ്യമിടാനും: വെളിപ്പെടുത്തി തിലക് വർമ

Mail This Article
ചെന്നൈ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ കടുത്ത സമ്മർദ്ദം അനുഭവപ്പെട്ടിരുന്നുവെന്നും, അതിനെ അതിജീവിച്ചാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതെന്നും വെളിപ്പെടുത്തി തിലക് വർമ. അവസാന ഘട്ടത്തിൽ ക്രീസിൽ കൂട്ടിനുണ്ടായിരുന്ന അർഷ്ദീപിന് സ്പിന്നർമാരെ ആക്രമിക്കാൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പു നൽകിയിരുന്നതായി തിലക് വർമ വെളിപ്പെടുത്തി. അടിക്കാനാണ് തീരുമാനമെങ്കിൽ ആർച്ചറെ ലക്ഷ്യമിടാനാണ് താൻ നിർദ്ദേശിച്ചതെന്നും തിലക് വർമ പറഞ്ഞു. ഒടുവിൽ ആദിൽ റഷീദിനെതിരെ സിക്സർ നേടാനുള്ള ശ്രമത്തിലാണ് അർഷ്ദീപ് സിങ് പുറത്തായത്. മത്സരത്തിൽ രവി ബിഷ്ണോയി നേടിയ രണ്ടു ഫോറുകൾ നിർണായകമായെന്നും തിലക് വർമ പറഞ്ഞു.
‘‘ഞാൻ അടിക്കുമെന്ന് അർഷ്ദീപ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അടിക്കും, ഞാൻ അടിക്കും, എനിക്കു സിംഗിൾ വേണം എന്നെല്ലാം അർഷ്ദീപ് പറഞ്ഞു. എന്തായാലും ഈ പിച്ചിൽ ആർച്ചറിന് വിക്കറ്റെടുക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ, ആദിൽ റഷീദിന്റെ കാര്യം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ പന്തിന് നല്ല മൂവ്മെന്റ് ലഭിച്ചിരുന്നതിനാൽ വിക്കറ്റ് നഷ്ടമാകാൻ സാധ്യതയുണ്ടായിരുന്നു.’’
‘‘അർഷ്ദീപ് സ്പിന്നർമാർക്കെതിരെ വമ്പൻ ഷോട്ടിനു ശ്രമിക്കുമെന്ന് എനിക്കു തോന്നി. അതു ചെയ്യരുതെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അടിക്കണമെന്ന് നിർബന്ധമാണെങ്കിൽ ആർച്ചറിനെതിരെ ശ്രമിക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, ആർച്ചറിനെതിരെ കളിക്കാനാകില്ലെന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ ഞാൻ ആർച്ചറിനെ നേരിട്ടോളാമെന്ന് പറയുകയും ചെയ്തു.’’
‘‘ശ്രദ്ധയോടെ പ്രതിരോധിക്കാൻ ഞാൻ അർഷ്ദീപിനോട് ആവശ്യപ്പെട്ടു. ബൗൺസർ എറിഞ്ഞാലും ഇല്ലെങ്കിലും ശക്തമായി പ്രതിരോധിക്കണമെന്ന് ഞാൻ പറഞ്ഞു. പന്ത് ഉയർന്നുവരുന്നതു കണ്ടാൽ കുനിഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടു. ബൗൺസർ വന്നാലും അടിക്കാൻ ശ്രമിക്കുമെന്നായിരുന്നു അർഷ്ദീപിന്റെ പ്രതികരണം. അർഷ്ദീപ് ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു. എന്തൊക്കെ സംഭവിച്ചാലും, അദ്ദേഹം ആർച്ചറിനെതിരെ നേടിയ ബൗണ്ടറിയിൽ സന്തോഷമുണ്ട്.’’
‘‘രവി ബിഷ്ണോയിയയുടെ ബാറ്റിങ്ങാണ് ശ്രദ്ധേയമായ മറ്റൊന്ന്. നെറ്റ്സിൽ അതീവ താൽപര്യത്തോടെ ബാറ്റിങ് പരിശീലിക്കുന്നയാളാണ് ബിഷ്ണോയ്. വരുൺ ചക്രവർത്തിയും ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ഇരുവർക്കും ബാറ്റിങ്ങിൽ തിളങ്ങാനാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.’’
‘‘അടിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഗ്യാപ്പ് നോക്കി കളിക്കാൻ ഞാൻ അവരോടു പറഞ്ഞു. സിംഗിളെടുത്താലും പ്രശ്നമില്ല. ബൗൺസറിനെതിരെ കുനിഞ്ഞുകൊടുക്കണമെന്നുണ്ടെങ്കിൽ ടെസ്റ്റ് കളിക്കുന്നതുപോലെ കളിക്കണം. എന്തായാലും ബിഷ്ണോയ് നന്നായി കളിച്ചു. രണ്ടു ബൗണ്ടറിയും നേടി. ഈ വിജയത്തിൽ ബിഷ്ണോയിയുടെ പങ്ക് വലുതാണ്. ആ രണ്ടു ഫോറും വളരെ നിർണായകമായി’ – തിലക് വർമ പറഞ്ഞു.