ലബനനിലെ യുഎഇ എംബസി വീണ്ടും തുറന്നു

Mail This Article
അബുദാബി ∙ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ യുഎഇ എംബസിയുടെ പ്രവർത്തനം മൂന്നുവർഷത്തിനു ശേഷം പുനരാരംഭിച്ചു. യുഎഇയും ലബനനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യെമൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് യുഎഇയും സൗദി അറേബ്യയുമാണെന്ന മുൻ ലബനൻ ഇൻഫർമേഷൻ മന്ത്രി ജോർജ് കർദാഹി നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് 2021 ഒക്ടോബറിലാണ് യുഎഇ എംബസി അടച്ചുപൂട്ടിയത്. തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ബെയ്റൂട്ടിലെ എംബസികൾ അടച്ചിരുന്നു. ഈ മാസം ആദ്യം യുഎഇയുടെ ഉന്നതതല സംഘം ബെയ്റൂട്ടിൽ എത്തി നടത്തിയ ചർച്ചയാണ് പ്രശ്നപരിഹാരത്തിനു വഴിതുറന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചിരുന്നു.