പ്രിയപ്പെട്ട കല്യാണി...; പേബാധ ഉറപ്പിച്ചതോടെ കുടുങ്ങിയത് മെഴുവേലിക്കാർ: വാക്സീനെടുത്തത് 60 പേർ
Mail This Article
ഇലവുംതിട്ട ∙ നാട്ടുകാരുടെ പ്രിയങ്കരിയായ തെരുവുനായ കല്യാണി ചത്തതോടെ പൊല്ലാപ്പിലായി മെഴുവേലി ജനങ്ങൾ. തിരുവല്ല മഞ്ഞാടിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ആധിയിലായത് കല്യാണിക്ക് ഭക്ഷണം കൊടുത്തവരും താലോലിച്ചവരും. പരിശോധനയിൽ പേ വിഷബാധയാണെന്ന് അറിഞ്ഞതോടെ ഇവരെല്ലാം പ്രതിരോധ കുത്തിവയ്പിനായി ആശുപത്രിയിൽ കയറിയിറങ്ങേണ്ടി വരികയാണ്.
കല്യാണിയുടെ മാന്തലും കടിയും ഏറ്റവരും ഉൾപ്പെടെ 60 പേർക്കാണു വാക്സീൻ എടുക്കേണ്ടിവന്നത്. ഇതുകൂടാതെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ദേഹത്തു പ്രത്യേക നിറവുമായെത്തിയ നായ്ക്കളെ കണ്ടതോടെ എന്താണെന്ന ആശങ്കയിലായി ജനങ്ങൾ. പിന്നീടാണു ജനങ്ങൾ അറിയുന്നത് മെഴുവേലി ഹയർസെക്കൻഡറി സ്കൂൾ ജംക്ഷനിൽ തമ്പടിച്ചിരുന്ന നാട്ടുകാരുടെ പ്രിയങ്കരിയായ കല്യാണിയെന്ന തെരുവുനായ പേ വിഷബാധയേറ്റ് ചത്ത കാര്യം.
ഇതോടെ മൃഗസംരക്ഷവകുപ്പ് പഞ്ചായത്തിലുള്ള തെരുവ് നായ്ക്കളെ ഓടിച്ചിട്ടു പിടിച്ചു പ്രതിരോധ വാക്സീൻ നൽകിയിരുന്നു. ഇവയെ തിരിച്ചറിയാനാണു ദേഹത്തു നിറം നൽകിയത്. മെഴുവേലി സ്കൂളിലെ മൈതാനത്തു കുട്ടികൾ പന്ത് കളിക്കാൻ ഇറങ്ങുമ്പോൾ ഇവരോടൊപ്പം പന്ത് തട്ടാൻ കല്യാണി മൈതാനത്ത് കാണുമായിരുന്നു. സ്കൂൾ ഉള്ള സമയങ്ങളിൽ വിദ്യാർഥികളാണു ഭക്ഷണം നൽകിയിരുന്നത്. ജംക്‌ഷനിലെ ഡ്രൈവർമാരുടെ ഉറ്റ ചങ്ങാതിയായിരുന്നു. ഇവർ നൽകുന്ന ഭക്ഷണവും കഴിച്ചുസ്നേഹ പ്രകടനവും നടത്തിയാണു പോകാറുള്ളത്. കല്യാണി ചത്തതോടെ മെഴുവേലി പഞ്ചായത്തിലെ 223 തെരുവ്നായക്കൾക്കാണു വാക്സീൻ എടുത്തത്.