ഇന്ത്യന്‍ റെയില്‍വേ മുതല്‍ സ്‌പേസ് എക്സ് വരെ; വൈറലായി ഐഐടി എന്‍ജിനീയറുടെ ലിങ്ക്‌ഡ്‌ഇന്‍ പ്രൊഫൈല്‍
Mail This Article
സാധാരണ ഗതിയില്‍ സർക്കാർ ജോലി ലഭിക്കുന്നവര്‍ അവിടെനിന്ന് വിട്ടുപോകുന്നത് അപൂര്‍വമായിട്ടാണ്. ആവശ്യത്തിന് ലീവ്, ആനുകൂല്യങ്ങള്‍, സർക്കാർ ജോലി നല്‍കുന്ന സുരക്ഷിതത്വം, ആ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തു വരാനുള്ള വിമുഖത എന്നിവയെല്ലാമാണ് കാരണം. എന്നാല്‍, ചില മിടുമിടുക്കന്മാരുടെ കാര്യത്തില്‍ തൊഴില്‍ സുരക്ഷിതത്വത്തെക്കാള്‍ കരിയറില്‍ തങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്ന ഉയരങ്ങളാണ് പ്രധാനം. അത്തരത്തില്‍ ഒരാളാണ് 11 വര്‍ഷത്തെ ജോലിക്കു ശേഷം ഇന്ത്യന്‍ റെയില്‍വേ വിട്ട് ഒടുവില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ എത്തിയ എന്‍ജിനീയര്‍ സഞ്‌ജീവ് ശർമ.
കരിയര്‍ഗ്രാഫിലെ അസാമാന്യമായ ഈ വളര്‍ച്ചയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് സഞ്‌ജീവ് ശർമയുടെ ലിങ്ക്‌ഡ്‌ഇന്‍ പ്രൊഫൈല്‍. ഐഐടി റൂര്‍ക്കിയില്‍നിന്നു പഠനം കഴിഞ്ഞിറങ്ങിയാണ് സഞ്‌ജീവ് ഇന്ത്യന്‍ റെയില്‍വേയിലെ കരിയര്‍ ആരംഭിക്കുന്നത്. 1990 മുതല്‍ 1994 വരെ നാലു വര്‍ഷക്കാലം ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെ ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയറായി. 1994 മുതല്‍ 2001 വരെ ഈ സ്ഥാനത്തിരുന്ന ശേഷമാണ് സര്‍ക്കാര്‍ ജോലി വിടാനുള്ള നിർണായക തീരുമാനം സഞ്‌ജീവ് എടുക്കുന്നത്.
ആദ്യം കൊളറാഡോ സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം എടുത്തു. പിന്നീട് ഒരു ടെക്‌നോളജി കമ്പനിയില്‍ 9 വര്‍ഷത്തിലേറെ സീനിയര്‍ എന്‍ജിനീയറായി ജോലി ചെയ്‌തശേഷം ടെക്‌നോളജി മാനേജ്‌മെന്റിലെ മാസ്‌റ്റര്‍ പഠനത്തിനായി വീണ്ടും അമേരിക്കയിലെത്തി. ഈ രണ്ടാം ബിരുദാനന്തരബിരുദ പഠനത്തിനു ശേഷമാണ് സഞ്‌ജീവിനെ തേടി സ്‌പേസ് എക്‌സിന്റെ ആദ്യ വിളിയെത്തുന്നത്. അഞ്ചു വര്‍ഷത്തോളം സ്‌പേസ് എക്‌സില്‍ ഡൈനാമിക് എന്‍ജിനീയറായി ആദ്യം ജോലി ചെയ്‌തു. തുടര്‍ന്ന് ഒരു ഡ്രോണ്‍ കമ്പനിയില്‍ നാലു വര്‍ഷം. പിന്നീടാണ് പ്രിന്‍സിപ്പല്‍ എന്‍ജിനീയറായി സ്‌പേസ് എക്‌സില്‍ മടങ്ങിയെത്തുന്നത്.
വിവിധ മേഖലകളിലെ കമ്പനികളിലായി പരന്നു കിടക്കുന്ന സഞ്‌ജീവിന്റെ അനുഭവ പരിചയത്തിനും ദീര്‍ഘനാളത്തെ ജോലിക്കു ശേഷവും റിസ്‌ക് എടുത്ത് കമ്പനി മാറാനുള്ള മനോഭാവത്തിനും സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടിയാണു ലഭിക്കുന്നത്. സ്‌പേസ് എക്‌സില്‍നിന്നു പോലും രാജിവയ്‌ക്കാനും പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം നേടി തിരികെ വരാനും ഇക്കാലളവില്‍ സഞ്‌ജീവിനു സാധിച്ചതും കരിയറിലെ മെയ്‌വഴക്കത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.