25 മിനിറ്റ് ജോലി, അഞ്ചു മിനിറ്റ് ബ്രേക്ക്; ഇലോണ്‍ മസ്ക് പിന്തുടരുന്നത് ‘പൊമൊഡോറോ ടെക്‌നിക്’
Mail This Article
കരിയറിലാണെങ്കിലും പഠനത്തിലാണെങ്കിലും ലഭിച്ച സമയത്തിനുള്ളില്‍ മുന്നിലുള്ള ജോലികള്‍ ചെയ്‌തു തീര്‍ക്കുകയെന്നത് അതിപ്രധാനമാണ്. സമയം പാഴാക്കാതെ മുന്നിലുള്ള ജോലികള്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് പൊമൊഡോറോ ടെക്‌നിക്. സ്‌പേസ് എക്‌സ്, ടെസ്‌ല സിഇഒ ഇലോൺ മസ്ക് അടക്കം പലരും പരീക്ഷിച്ച് വിജയിച്ച ഈ മാർഗം ഏറ്റവും ഫലപ്രദമാണെന്ന് ടൈം മാനേജ്‌മെന്റ് രംഗത്തെ പുപ്പുലികള്‍ വരെ സാക്ഷ്യപ്പെടുത്തുന്നു.
തക്കാളിയില്‍ തിരിയുന്ന ടൈം മാനേജ്‌മെന്റ്
പൊമൊഡോറോ എന്നാല്‍ ഇറ്റാലിയന്‍ ഭാഷയില്‍ തക്കാളി എന്നർഥം. അടുക്കളകളിലൊക്കെ ഉപയോഗിക്കുന്ന തക്കാളിയുടെ രൂപത്തിലുള്ള കിച്ചന്‍ ടൈമര്‍ ഉപയോഗിച്ച് എഴുത്തുകാരനും കോംബിനന്റ് ഡൈനാമിക്‌സ് എന്ന സോഫ്‌ട്‌വെയര്‍ വികസന കേന്ദ്രത്തിന്റെ സിഇഒയുമായ ഫ്രാന്‍സെസ്‌കോ സിറില്ലോ ആണ് ഈ ടെക്‌നിക് വികസിപ്പിച്ചത്.
ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും ശ്രദ്ധ വ്യതിചലിക്കാതെ ഇരുന്ന് അതു പൂര്‍ത്തീകരിക്കാന്‍ പൊമൊഡോറോ ടെക്‌നിക് സഹായിക്കും. സംഗതി വളരെ സിംപിളാണ്. നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലി ഏതെന്നു തിരഞ്ഞെടുക്കുക. ഒരു ടൈമര്‍ സെറ്റ് ചെയ്‌ത് 25 മിനിറ്റ് നേരത്തേക്ക് തുടര്‍ച്ചയായി ആ ജോലിയില്‍ മുഴുകുക. 25 മിനിറ്റ് കഴിയുമ്പോള്‍ കൃത്യം അഞ്ചു മിനിട്ടിറ്റിന്റെ ഒരു ബ്രേക്ക് എടുക്കുക. ഈ 25 മിനിറ്റ് ജോലി-അഞ്ചു മിനിറ്റ് ബ്രേക്ക് റൗണ്ട് നാല് തവണ ആവര്‍ത്തിക്കുക. തുടര്‍ന്ന് അര മണിക്കൂര്‍ നീളുന്ന വലിയൊരു ഇടവേള എടുക്കുക. ഇതാണ് പൊമൊഡോറോ ടെക്‌നിക്. ജോലിയില്‍നിന്ന് ശ്രദ്ധ അകറ്റുന്ന മൊബൈല്‍ ഫോണുകള്‍ മാറ്റിവയ്‌ക്കാനോ ഫ്ലൈറ്റ് മോഡില്‍ ഇടാനോ ഈ സമയം പ്രത്യേകം ശ്രദ്ധിക്കണം.
1980കളില്‍ ഫ്രാന്‍സെസ്‌കോ സിറില്ലോ സര്‍വകലാശാല വിദ്യാര്‍ഥി ആയിരിക്കുന്ന സമയത്താണ് പഠനത്തിലെ വിരസത ഒഴിവാക്കി, രസകരമാക്കാന്‍ ഈ ടെക്‌നിക് കണ്ടെത്തിയത്. അന്ന് സമയം നോക്കാന്‍ ഫ്രാന്‍സെസ്‌കോയുടെ കയ്യില്‍ കിട്ടിയത് തക്കാളിയുടെ രൂപത്തിലെ കിച്ചന്‍ ടൈമര്‍ ആയിരുന്നു. 25 മിനിറ്റ് പഠന സെഷനുകളെ ഫ്രാന്‍സെസ്‌കോ, തക്കാളികള്‍ എന്നർഥം വരുന്ന പൊമൊഡോറോ എന്നു വിളിച്ചു. രാവിലെ ഏഴു മണിക്ക് എഴുന്നേറ്റാലുടന്‍ വ്യായാമത്തിനും ബ്രേക്ഫാസ്റ്റിനുമൊക്കെ മുന്‍പ് പൊമൊഡോറോ ടെക്‌നിക് ഉപയോഗിച്ച് താന്‍ ജോലി ആരംഭിക്കുമെന്നാണ് ഇലോണ്‍ മസ്‌ക് ഇൗയിടെ ഒരു പോഡ്‌കാസ്‌റ്റ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.