പെര്‍ഫോമന്‍സ് റിവ്യൂവിൽ ടോപ് സ്കോറർ ആകണോ, 'ഈറ്റ് ദ് ഫ്രോഗ്'
Mail This Article
കഷ്ടപ്പെട്ട് ജോലി ചെയ്യാറുണ്ട്. പക്ഷേ, പെര്‍ഫോമന്‍സ് റിവ്യൂ വരുമ്പോള്‍ തീരെ സ്‌കോര്‍ ഇല്ല. പെര്‍ഫോമന്‍സ് സ്‌കോര്‍ കുറയുന്നതുകൊണ്ട് പ്രമോഷനുമില്ല, ശമ്പളവർധനയുമില്ല. പലരും തൊഴിലിടത്തില്‍ നേരിടുന്ന ഒരു പ്രശ്‌നമാണിത്. നിങ്ങളുടെ ജോലിയുടെ പ്രൊഡക്ടിവിറ്റി അഥവാ ഉൽപാദനക്ഷമതയുടെ കുറവാണ് ഇവിടെ വില്ലനാകുന്നത്. ജോലിസ്ഥലത്തെ ഉൽപാദനക്ഷമത വർധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ടെക്‌നിക്കാണ് ‘ഈറ്റ് ദ് ഫ്രോഗ്’
ഓ, ഇനി പ്രമോഷന്‍ കിട്ടാന്‍ വേണ്ടി പാടത്ത് ചാടി നടക്കുന്ന തവളയെ ഓടിച്ചിട്ടു പിടിച്ച് വിഴുങ്ങണമെന്നാണോ ഉപദേശം എന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ. തവളയെ വിഴുങ്ങല്‍ വെറുമൊരു രൂപകം മാത്രമാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ആദ്യം തീര്‍ത്തു കഴിഞ്ഞാല്‍ ശേഷിക്കുന്ന ദിവസത്തെ പണിയെല്ലാം വളരെ എളുപ്പമായിത്തീരുമെന്ന ആശയമാണ് ഈറ്റ് ദ് ഫ്രോഗിനു പിന്നിലുള്ളത്. എഴുത്തുകാരന്‍ ബ്രിയാന്‍ ട്രേസിയാണ് ഈ ആശയത്തിന് പ്രചാരം നല്‍കിയത്.
വഴുവഴുപ്പുള്ള വൃത്തിയില്ലാത്ത ജീവികളായാണ് പലരും തവളയെ കാണാറുള്ളത്. ചൊറിത്തവള എന്നെല്ലാം വിളിച്ച് പലരും ദേഷ്യത്തില്‍ അധിക്ഷേപിക്കുന്നതും കാണാം. അങ്ങനെയാണെങ്കില്‍ ഈ തവളയെ തിന്നുക എന്നത് തീര്‍ച്ചയായും സുഖകരമായ ഒരു ഏര്‍പ്പാടാകില്ലല്ലോ. എന്നാല്‍, ആദ്യം ഈ തവളയെ അങ്ങ് വിഴുങ്ങിക്കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നിങ്ങള്‍ തുടക്കത്തില്‍ തന്നെ പൂര്‍ത്തിയാക്കി കഴിയുമെന്നും പിന്നീടെന്തും നിങ്ങള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നുമാണ് ‘ഈറ്റ് ദ് ഫ്രോഗ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്.
ബുദ്ധിമുട്ടുള്ള വെല്ലുവിളി നിറഞ്ഞ ജോലികളും ഈ തവളയെപ്പോലെയാണ്. ചെയ്‌തു തുടങ്ങാന്‍ തന്നെ പലര്‍ക്കും മടി. പലരും അത് ഒഴിവാക്കാന്‍ കഴിയുന്നത്ര നോക്കും. എന്നാല്‍, ഈ ജോലി ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ അങ്ങ് ചെയ്‌ത് നോക്കിയാട്ടേ. പിന്നീട് ആ ദിവസം വരുന്ന മറ്റു കാര്യങ്ങളെല്ലാം ഒറ്റ കൈ കൊണ്ട് ചെയ്യാവുന്നത്ര എളുപ്പമുള്ള കാര്യങ്ങളായി നിങ്ങള്‍ക്കു തോന്നുമെന്ന് ഈറ്റ് ദ് ഫ്രോഗ് ആശയത്തിന്റെ വക്താക്കള്‍ പറയുന്നു.
ബുദ്ധിമുട്ടുള്ള ജോലി തീര്‍ക്കുമ്പോള്‍ ലഭിക്കുന്ന ആ വിജയീഭാവം ആ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊർജം പകരും. ബുദ്ധിമുട്ടേറിയ ജോലിയെ ഓര്‍ത്തുള്ള സമ്മർദവും ഉത്‌കണ്‌ഠയും അകലുന്നതോടെ സ്വതന്ത്രമായ മനസ്സോടെ ജോലി ചെയ്യാനും സാധിക്കും. പ്രധാനപ്പെട്ട ജോലിചെയ്‌തു കൊണ്ട് ദിവസം ആരംഭിക്കുമ്പോള്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, ഫോക്കസോടെ ഇരിക്കാനും കഴിയും. പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങളുടെ സമയത്തിനു മുന്‍ഗണന നല്‍കുന്നത് മെച്ചപ്പെട്ട സമയനിര്‍വഹണത്തിലേക്കും നയിക്കും. അനാവശ്യകാര്യങ്ങള്‍ക്കായി സമയം കളയാതിരിക്കാനും ഇതു വഴി കഴിയും.
ഈറ്റ് ദ് ഫ്രോഗ് ടെക്‌നിക് നിങ്ങളുടെ ജോലിസ്ഥലത്ത് നടപ്പാക്കാനായി ആദ്യം ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ ജോലികള്‍ കണ്ടെത്തുക. കണ്ടെത്തിക്കഴിഞ്ഞാല്‍ ദിനാരംഭത്തില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് ഈ ജോലിയാണെന്ന് ഉറപ്പിക്കുക. ഈ വലിയ ദൗത്യത്തെ മാനേജ് ചെയ്യാവുന്ന ചെറിയ ചെറിയ ഘട്ടങ്ങളായി തിരിച്ച് ജോലി ആരംഭിക്കാം. തുടങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ വിചാരിച്ച മാതിരി ഇതൊരു ബാലികേറാ മലയല്ലെന്ന് ബോധ്യമാകും. ഇത്തരത്തില്‍ ദിവസവും ‘തവളകളെ തിന്ന്’ തുടങ്ങിയാല്‍ ജോലിസ്ഥലത്ത് കൂടുതല്‍ ചിട്ടയായി പ്രവര്‍ത്തിക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും നിങ്ങൾക്കു സാധിക്കും. പ്രമോഷനും ശമ്പള വർധനയുമൊക്കെ പിന്നാലെ എത്തുമെന്ന് ഉറപ്പ്.