അയച്ചത് മുന്നൂറിലധികം അപേക്ഷകളും, അഞ്ഞൂറിലധികം ഇ – മെയിലുകളും; ഒടുവില്‍ ഇന്ത്യന്‍ വംശജന് ടെസ്ലയില് ജോലി
Mail This Article
ചെറിയ പരാജയങ്ങളില്‍ മനസ്സു മടുക്കുന്നവര്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ കയ്യെത്തി പിടിക്കാനാവില്ല എന്നു പറയാറുണ്ട്. ഈ പറച്ചില്‍ ചുമ്മാതല്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി ധ്രുവ് ലോയ. മുന്നൂറിലധികം തവണ അപേക്ഷകള്‍ അയച്ചും അഞ്ഞൂറിലധികം ഇ – മെയിലുകളിലൂടെ ഫോളോ അപ്പ് ചെയ്‌തും പത്തിലധികം അഭിമുഖങ്ങള്‍ക്കിരുന്നും ധ്രുവ് നേടിയെടുത്തത് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കമ്പനിയിലെ സ്വപ്‌നതുല്യമായ ജോലിയാണ്.
ബുഫലോ സര്‍വകലാശാല വിദ്യാര്‍ഥിയായ ധ്രുവിന് ടെസ്‌ലയിൽ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷലിസ്റ്റായിട്ടാണ് ജോലി ലഭിച്ചത്. പല തിരിച്ചടികള്‍ക്കും ശേഷം ലഭിച്ച ഈ വിജയത്തിന്റെ കഥ ലിങ്ക്‌ഡ് ഇന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ധ്രുവ് ലോകത്തോടു പങ്കുവച്ചത്. മൂന്ന് ഇന്റേണ്‍ഷിപ്പുകളും നല്ല ജിപിഎയും ഒട്ടേറെ അക്കാദമികേതര നേട്ടങ്ങളുമൊക്കെ ഉണ്ടായിട്ടും അത്ര എളുപ്പമായിരുന്നില്ല ധ്രുവിന്റെ ടെസ്‍ലയിലേക്കുള്ള പാത.
അഞ്ചിലധികം മാസം നീണ്ട തൊഴിലില്ലായ്‌മക്കാലത്ത് തന്റെ ആരോഗ്യ ഇന്‍ഷുറന്‍സും വാടകക്കരാറുമെല്ലാം നഷ്ടമായെന്നും വീസയുടെ കാലാവധി ഏതു നിമിഷവും അവസാനിക്കുമെന്ന ഭയത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും ധ്രുവ് ലിങ്ക്‌ഡ് ഇന്നില്‍ കുറിച്ചു. അമേരിക്കയില്‍നിന്നു പുറത്താക്കപ്പെടുമെന്നും പേടിച്ചു. പണമില്ലാത്തതിനാല്‍ സുഹൃത്തുക്കളുടെ അപ്പാർട്മെന്റുകളില്‍ അന്തിയുറങ്ങിയും ലഭിക്കുന്ന ഓരോ ഡോളറും സൂക്ഷിച്ചുവച്ചും മാസങ്ങള്‍ തള്ളിനീക്കി. ഒടുവില്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ക്ക് ശേഷം കൊതിച്ചതു പോലെ നല്ലൊരു ജോലി കിട്ടിയതിന്റെ സന്തോഷത്തിലാണു ധ്രുവ്.
രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ തുടരേണ്ട ഒരു ദൈനംദിന പരിപാടിയാണ് ഈ തൊഴില്‍ അന്വേഷണമെന്ന് ധ്രുവ് പറയുന്നു. എന്നാല്‍, വൈകുന്നേരങ്ങളും വാരാന്ത്യങ്ങളും അല്‍പം റിലാക്‌സ് ചെയ്യാന്‍ ഉപയോഗിക്കണമെന്നും ഈ ചെറുപ്പക്കാരന്‍ ഓർമപ്പെടുത്തുന്നു. ലിങ്ക്‌ഡ് ഇന്‍, ഇന്‍ഡീഡ്, ഹാന്‍ഡ്‌ഷേക്ക്, ജോബ്‌റൈറ്റ്. എഐ പോലുള്ള പ്ലാറ്റ്‌ഫോമുകളെയാണ് ധ്രുവ് തൊഴില്‍ അന്വേഷണത്തിനായി ഉപയോഗപ്പെടുത്തിയത്.
പ്രത്യേക ലക്ഷ്യത്തോടെ കമ്പനികള്‍ക്ക് അയയ്ക്കുന്ന വ്യക്തിഗത കോള്‍ഡ് ഇ – മെയിലുകള്‍ക്കായി ഹണ്ടര്‍ ഐഒ ഉപയോഗപ്പെടുത്തിയെന്നും റെസ്യൂമെയും കവറിങ് ലെറ്ററുകളും തയാറാക്കാന്‍ ചാറ്റ് ജിപിടി സഹായകമായെന്നും ധ്രുവ് കൂട്ടിച്ചേര്‍ക്കുന്നു. കോര്‍ഹാപ്‌റ്റിക്‌സില്‍ പ്രോഡക്ട് എന്‍ജിനീയര്‍ ഇന്റേണ്‍, ബുഫലോ സര്‍വകലാശാലയില്‍ ഗവേഷണ അസിസ്‌റ്റന്റ്, സീനിയര്‍ ഐടി ടെക്‌നീഷ്യന്‍ എന്നീ ജോലികള്‍, ബോറിഞ്ചര്‍ ഇംഗല്‍ഹൈമില്‍ ക്വാളിറ്റി അഷുറന്‍സ് ഇന്റേണ്‍ എന്നിങ്ങനെ നീളുന്നു ധ്രുവിന്റെ മുന്‍ തൊഴില്‍പരിചയങ്ങള്‍.