ADVERTISEMENT

യുജിസി നെറ്റിന്റെ  ആദ്യ പേപ്പർ എല്ലാവർക്കും ഒരുപോലെ. ഇതിൽ സ്കോർ ചെയ്യാൻ സ്വന്തം വിഷയം മാത്രം  അറിഞ്ഞാൽ പോരാ

യുജിസി നെറ്റിന്റെ ഡിസംബർ സെഷനിലേക്ക് അപേക്ഷിക്കേണ്ട സമയമാണിത്. മാനവിക വിഷയങ്ങളിലും മറ്റും പിജി കഴിഞ്ഞ് കോളജ് അധ്യാപനവും ഗവേഷണവും ലക്ഷ്യമിടുന്നവർക്കുള്ള യോഗ്യതാപരീക്ഷയായ നെറ്റ് വിജയിക്കുക അത്ര എളുപ്പമല്ല. ചിട്ടയായ പഠനവും ആസൂത്രണവുമുണ്ടെങ്കിൽ ലക്ഷ്യം നേടുകയും ചെയ്യാം.

രണ്ടു പേപ്പറുകളിലായി മൂന്നു മണിക്കൂറിന്റെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് യുജിസി നെറ്റ്. നെഗറ്റീവ് മാർക്കില്ല.

പേപ്പർ 1: അധ്യാപന / ഗവേഷണ അഭിരുചിയും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനധാരണകളും മറ്റും പരിശോധിക്കുന്ന ഈ പേപ്പർ എല്ലാവർക്കും ഒരുപോലെ. 50 ചോദ്യം, 100 മാർക്ക്.

പേപ്പർ 2: സ്വന്തം വിഷയം. 100 ചോദ്യം, 200 മാർക്ക്.

സ്വന്തം വിഷയത്തിൽ മികച്ച ധാരണയുള്ളവരും ഒന്നാം പേപ്പറിൽ തപ്പിത്തടഞ്ഞുപോകുന്നതു കാണാറുണ്ട്. അതുണ്ടാകാതിരിക്കാൻ ഈ പേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവിധ ടോപ്പിക്കുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:

∙ ടീച്ചിങ് / റിസർച് ആപ്റ്റിറ്റ്യൂഡ്: സാങ്കൽപിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, അവയോടുള്ള പ്രതികരണം വിലയിരുത്തുന്ന ആപ്റ്റിറ്റ്യൂഡ് ബേസ്ഡ് ചോദ്യങ്ങളുണ്ടാകും. മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി ഇവ പരിശീലിക്കണം. തിയറി ബേസ്ഡ് ചോദ്യങ്ങളിൽ പുസ്തകങ്ങളെയും യുട്യൂബ് വിഡിയോകളെയും ആശ്രയിക്കാം. ലേണിങ് തിയറീസ് ഒരു ചാർട്ടായി തയാറാക്കിനോക്കൂ. റിവിഷൻ എളുപ്പമാകും. ടീച്ചിങ് മെഥേഡ്സിൽ ഓരോന്നിന്റെയും പ്രത്യേകതകൾ താരതമ്യം ചെയ്തു പഠിക്കുന്നതും നല്ലതാണ്. വിവിധ ഗവേഷണ രീതികളും അവയുടെ പ്രത്യേകതകളും അറിഞ്ഞിരിക്കണം.

ടീച്ചിങ് ആപ്റ്റിറ്റ്യൂഡിൽ ശ്രദ്ധിക്കേണ്ട ടോപ്പിക്കുകൾ: Key and helpful behaviour of effective teaching, levels of teaching, Bloom's Taxonomy, Gagne hierarchy of learning, Howard Gardener multiple intelligence, theories of learning, methods of teaching, testing, assessment & evaluation 

റിസർച് ആപ്റ്റിറ്റ്യൂഡിൽ ശ്രദ്ധിക്കേണ്ട ടോപ്പിക്കുകൾ: Types of validity, types of reliability, process of research, types of research, scales of measurement, sampling methods, research ethics, ICT in research, positivism and post positivism, citation, reference, and bibliography.

∙ കമ്യൂണിക്കേഷൻ: ക്ലാസ് മുറിയിലെ കമ്യൂണിക്കേഷൻ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച സന്ദർഭാധിഷ്ഠിത ചോദ്യങ്ങൾ പ്രതീക്ഷിക്കാം. കമ്യൂണിക്കേഷൻ തിയറിയും കമ്യൂണിക്കേഷൻ മോഡലുകളും ശ്രദ്ധിക്കുക. സാങ്കേതികവിദ്യ (പ്രത്യേകിച്ചും ഐസിടി) ക്ലാസിൽ എങ്ങനെ ഉപയോഗിക്കാമെന്നും അറിഞ്ഞിരിക്കണം.

∙ ഐസിടി (ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി): ആദ്യമേ കംപ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന കോൺസെപ്റ്റുകൾ ഉറപ്പിക്കണം. കംപ്യൂട്ടർ മെമ്മറി, നമ്പർ സിസ്റ്റം എന്നിവയ്ക്ക് ഊന്നൽ കൊടുക്കുക. SWAYAM, SWAYAMPRABHA തുടങ്ങിയ സർക്കാർ സംരംഭങ്ങൾ, മൂക് (MOOC) പഠനസാധ്യതകൾ തുടങ്ങിയവ സംബന്ധിച്ച് സ്ഥിരമായി ചോദിക്കാറുണ്ട്.

∙ പീപ്പിൾ & എൻവയൺമെന്റ്: സിലബസിൽ ഒതുങ്ങാതെ സമകാലിക കാര്യങ്ങളും ശ്രദ്ധിക്കുക. സുസ്ഥിര വികസനലക്ഷ്യങ്ങൾ (SDGs), സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ (MDGs), ഇന്ത്യയിലെ ഊർജ സ്രോതസ്സുകൾ, പരിസ്ഥിതി പ്രശ്നങ്ങൾ, ഗ്രീൻ ഹൗസ് ഇഫക്ടും ആഗോള താപനവും, ഓസോൺ പാളി ശോഷണം, ദേശീയ / ആഗോള പരിസ്ഥിതി സംരക്ഷണ ചട്ടക്കൂടുകൾ, ദുരന്ത നിവാരണം എന്നിവ സംബന്ധിച്ചു ചോദ്യങ്ങൾ വരാറുണ്ട്.

∙  ഹയർ എജ്യുക്കേഷൻ: കൂടുതൽ പ്രാധാന്യം നൽകേണ്ട ടോപ്പിക് NEP (ദേശീയവിദ്യാഭ്യാസ നയം) 2020 ആണ്. പ്രാചീന ഇന്ത്യൻ, ബ്രിട്ടിഷ്, സ്വാതന്ത്ര്യപൂർവ, സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പഠിക്കാൻ റിവിഷൻ നോട്സ് തയാറാക്കുന്നതു നല്ലതാണ്. പരിസ്ഥിതി / നൈപുണ്യ / മൂല്യ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിവിധ റഗുലേറ്ററി ഫ്രെയിംവർക്കുകൾ എന്നിവയും ശ്രദ്ധിക്കണം.

∙  റീസണിങ് & ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ്, ഡേറ്റ ഇന്റർപ്രറ്റേഷൻ: മുൻവർഷ ചോദ്യപ്പേപ്പറുകൾ ചെയ്തു പരിശീലിക്കുക. 

(തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)

ഇക്കാര്യങ്ങളും ശ്രദ്ധിക്കാം

∙ 2022 മുതലുള്ള ചോദ്യപ്പേപ്പറുകൾക്കു കൂടുതൽ പ്രാധാന്യം നൽകുക.

∙ പാഠഭാഗങ്ങൾ പഠിച്ചു പോകുമ്പോൾ തന്നെ മോക്ക് ടെസ്റ്റുകൾ ചെയ്തു പരിശീലിക്കണം. തുടക്കത്തിൽ ഓരോ ടോപ്പിക് അനുസരിച്ചും, പരീക്ഷ അടുക്കുമ്പോൾ മുഴുവൻ ഭാഗങ്ങളും ഉൾക്കൊള്ളിച്ചുമുള്ള മാതൃകാ പരീക്ഷകൾ എഴുതി നോക്കുക.

∙ മൂന്നു മണിക്കൂറിൽ 150 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. നെഗറ്റീവ് മാർക്ക് ഇല്ലാത്തതിനാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ശ്രദ്ധിക്കുക.

Content Summary : Crack the UGC NET Exam with These Essential Tips and Tricks

Content Summary:

Crack the UGC NET Exam with These Essential Tips and Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com