ADVERTISEMENT

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസുള്ള വരുടെ കുട്ടികൾക്കായി ഇഎസ്ഐസി മെഡിക്കൽ/ ഡെന്റൽ / നഴ്സിങ് കോളജുകളിലും ചില ഗവ.കോളജുകളിലും എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് കോഴ്സുകളിൽ വകയിരുത്തിയിട്ടുള്ള സീറ്റുകളിലെ (ഐപി ക്വോട്ട) പ്രവേശനം സംബന്ധിച്ച വ്യവസ്ഥകൾ www.esic.gov.in/admissions സൈറ്റിൽ നിന്ന് അറിയാം. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ദേശീയതലത്തിൽ നടത്തുന്ന അലോട്മെന്റ് വിവരങ്ങൾ https://mcc.nic.in എന്ന സൈറ്റിൽ ലഭിക്കും. ഇഎസ്ഐസി സീറ്റുകളും ഇതിൽപെടും.

കൊല്ലത്ത് 38 എംബിബിഎസ് സീറ്റ്
കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലെ 38 അടക്കം ദേശീയതലത്തിൽ 466 എംബിബിഎസ് സീറ്റുകളുണ്ട്. ഫരീദാബാദ് (43), കൊൽക്കത്ത (65), ചെന്നൈ (30), ബെംഗളൂരു (68), ഗുൽബർഗ (68), ഹൈദരാബാദ് (43), അൾവാർ (20), പട്ന (35), കോയമ്പത്തൂർ (20), ഹിമാചൽ (36) എന്നിങ്ങനെയാണ് മറ്റു സീറ്റുകൾ. ബിഡിഎസ്: ഗുൽബർഗ (28) ബിഎസ്‌സി നഴ്സിങ്: ബെംഗളൂരു (30), ഗുൽബർഗ (30).


ഈ വർഷത്തെ നീറ്റ്–യുജിയിൽ യോഗ്യത നേടിയിരിക്കണം. 15% ഓൾ ഇന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട എന്നിവയ്ക്കു പുറമേയുള്ള പ്രവേശനത്തിന്റെ കാര്യമാണിത്. ദേശീയതലത്തിൽ പൊതുവായ പൂളിലായിരിക്കും ഇഎസ്ഐസി ക്വോട്ട. പ്രവേശനാർഹതയ്ക്ക് MCC/NTA/NEET/NMC/DCI/INC നിബന്ധനകളെല്ലാം പാലിക്കണം. കോഴ്സുകൾ സംബന്ധിച്ച് ബന്ധപ്പെട്ട സർവകലാശാലകളുടെ വ്യവസ്ഥകളും പാലിക്കണം. 2023 സെപ്റ്റംബർ 30 അടിസ്ഥാനമാക്കിയാണ് ഇൻഷ്വേഡ് പഴ്സന്റെ അർഹത തീരുമാനിക്കുന്നത്. 2024 ഏപ്രിൽ 10ന് വിദ്യാർഥിയുടെ പ്രായം 21 കവിയരുത്. പെൺകുട്ടികൾക്ക് ഈ നിബന്ധനയില്ല. കേന്ദ്രസർക്കാരിലെ സംവരണക്രമമനുസരിച്ച് സീറ്റുകൾ വിഭജിക്കും.

ഐപി സർട്ടിഫിക്കറ്റ്
ഇഎസ്ഐസി ക്വോട്ടയിലേക്കുള്ള ‘വാർഡ് ഓഫ് ഇൻഷ്വേഡ് പഴ്സൻ സർട്ടിഫിക്കറ്റ്’ കിട്ടാനുള്ള അപേക്ഷ 29ന് അകം സമർപ്പിക്കണം. അപേക്ഷിക്കാനുള്ള നടപടിക്രമം ഇഎസ്ഐസി പ്രോസ്പെക്ടസിലുണ്ട്. ഐപി സർട്ടിഫിക്കറ്റ് www.esic.gov.in എന്ന സൈറ്റിൽ ജൂൺ ഒന്നിനകം ലഭ്യമാകും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് അലോട്മെന്റ് നടത്തുക. ഒഴിവു വരുന്ന സീറ്റുകളിലേക്ക് മോപ്–അപ് കൗൺസലിങ് രീതിയുമുണ്ട്.

മറ്റു വിവരങ്ങൾ
എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്ക് വാർഷിക ട്യൂഷൻ ഫീസ് 24,000 രൂപ. ഇത് പ്രോസ്പെക്ടസിലെ നിർദേശാനുസരണം ബാങ്ക് ഡ്രാഫ്റ്റായി പ്രവേശനസമയത്ത് കോളജിൽ സമർപ്പിക്കണം. നഴ്സിങ്ങിന് 10,000 രൂപയുടെ ഡ്രാഫ്റ്റ്. എംബിബിഎസ് നാലര വർഷത്തെ കോഴ്സായതിനാൽ അഞ്ചാം വർഷം 12,000 രൂപയടച്ചാൽ മതി. മറ്റു ഫീസും ഹോസ്റ്റൽ ചെലവും പുറമേ. എംബിബിഎസ്, ബിഡിഎസ് അപേക്ഷകർ 5 ലക്ഷം രൂപയുടെ സേവനകരാർ ഒപ്പിടണം.

കൊല്ലം, മണ്ഡി (ഹിമാചൽ പ്രദേശ്) കോളജുകളിലെ ഫീസ് അതതു കോളജുകൾ നിർദേശിക്കുന്ന രീതിയിലാണ് അടയ്ക്കേണ്ടത്. വനിതകൾ അവിവാഹിതരും ഇൻഷുർ ചെയ്ത പിതാവിനെ / മാതാവിനെ ആശ്രയിച്ചു കഴിയുന്നവരും ആയിരിക്കണം. വിദ്യാർഥിനിയും രക്ഷിതാവും വെവ്വേറെ സത്യവാങ്മൂലം സമർപ്പിക്കണം (അനുബന്ധം 4 & 5). എംസിസി സൈറ്റിൽ ഇഎസ്ഐസി ക്വോട്ടയിൽ റജിസ്റ്റർ ചെയ്യുന്നതും പ്രധാനം. ബിഎസ്‌സി നഴ്സിങ് ഐപി ക്വോട്ട പ്രവേശനത്തിന് ഏതു ദേശീയപരീക്ഷയിലാണു പങ്കെടുക്കേണ്ടതെന്ന ഇഎസ്ഐസി നിർദേശം പാലിക്കണം. നഴ്സിങ് സംബന്ധിച്ച് പ്രോസ്പെക്ടസിൽ സവിശേഷ വ്യവസ്ഥകളുണ്ട്.

English Summary:

Exclusive ESIC Quota Guide: Secure Your Future with MBBS, BDS, BSc Nursing Seats Across ESIC Medical Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com