പ്ലസ്ടു കഴിഞ്ഞോ?; ആശങ്ക വേണ്ട, വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന രീതികളെപ്പറ്റി വിശദമായറിയാം
Mail This Article
പ്ലസ്ടു ഫലമറിഞ്ഞ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി മനസ്സിനിണങ്ങിയ കോഴ്സുകളിൽ ചേരാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ. ശരിയായ കോഴ്സ് ആണോ തിരഞ്ഞെടുക്കുന്നത്, മികച്ച ജോലിസാധ്യതകൾ പ്രസ്തുത കോഴ്സിനുണ്ടോയെന്നൊക്കെയുള്ള ആശങ്ക പലപ്പോഴും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ അലട്ടാറുണ്ട്.
മികച്ച ജോലി സാധ്യതയുള്ള ഡിസൈൻ, ഫാഷൻ ടെക്‌നോളജി, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ നടത്തിയ പ്രവേശന പരീക്ഷകളെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. സിയുഇടി പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയുള്ള ബിരുദ കോഴ്സുകൾക്കുള്ള കൗൺസിലിങ് പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. കോഴ്‌സുകളെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് കൗൺസിലിങ്ങിന് അപേക്ഷിക്കാം.
ബി.ടെക്, ഇൻ്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകൾക്കുള്ള ഇന്ത്യയിലെ എൻഐടികൾ, ഐഐഐടികൾ, ഐഐടികൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി ജൂലൈ ആദ്യവാരത്തോടെ ജോസയുടെ ജോയിൻ്റ് സീറ്റ് അലോക്കേഷൻ പ്രക്രിയ നടക്കും. ബി.ടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി, മറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കുസാറ്റ് ക്യാറ്റ് ഫലം കൊച്ചി സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാല പ്രസിദ്ധീകരിച്ചു. ജൂൺ മൂന്നാം വാരം മുതൽ കൗൺസിലിങ് നടപടികൾ ആരംഭിക്കും.
എംബിബിഎസ്, ബിഡിഎസ്, അലൈഡ് ഹെൽത്ത്(AYUSH), അഗ്രികൾച്ചർ, വെറ്ററിനറി സയൻസസ്, ഫോറസ്ട്രി, ഫിഷറീസ്, മറ്റ് അഗ്രികൾച്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് യുജി 24 ഫലം പ്രസിദ്ധീകരിച്ചു. ജൂലൈ ആദ്യവാരം കൗൺസിലിങ് പ്രക്രിയ നടക്കും.
കേരളത്തിൽ നീറ്റിന് കീഴിൽ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ താൽപര്യമുള്ള വിദ്യാർഥികൾ അവരുടെ നീറ്റ് സ്‌കോറും റാങ്കും www cee kera.gov.in വഴി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഫാർമസി കോഴ്‌സുകളിൽ താൽപര്യമുള്ള വിദ്യാർഥികൾ കീമിന്റെ ഒന്നാം പേപ്പർ എഴുതിയിരുന്നു. ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കുന്ന KEAM ഫാർമസി റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ആർക്കിടെക്ചറിൽ ബി.ആർക്ക് ചേരാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ NATA/JEE മെയിൻ രണ്ടാം പേപ്പർ ഫലത്തെ അടിസ്ഥാനമാക്കി പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. ബി.പ്ലാനിങ് പ്രവേശനം ജെഇഇ മെയിൻ മൂന്നാം പേപ്പർ സ്‌കോറിനെ അടിസ്ഥാനമാക്കിയാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ടുകൾ, എയിംസ്, എഎഫ്എംസി, JIPMER എന്നിവിടങ്ങളിലെ ബിഎസ്‌സി നഴ്‌സിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്‌കോറുകളിലൂടെയാണ്. എന്നാൽ കേരളത്തിൽ ബിഎസ്‌സി നഴ്സിങ് പ്രവേശനം പ്ലസ് ടു മാർക്കിലൂടെയാണ്.
അഖിലേന്ത്യാ ക്വാട്ടയ്ക്ക് കീഴിലുള്ള അഗ്രികൾച്ചർ സീറ്റുകളിലേക്കുള്ള പ്രവേശനം CUET-UG റാങ്കുകളിലൂടെയാണ്, അതേസമയം വെറ്ററിനറി സയൻസ് യുജി പ്രോഗ്രാമിനുള്ള ഓൾ ഇന്ത്യ ക്വാട്ടയിൽ 15 ശതമാനം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ നികത്തും. ഇതിനായി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കും. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ബിവിഎസ്‌സി, എഎച്ച് എന്നിവയിലേക്കുള്ള പ്രവേശനം - റിവർ, പുതുച്ചേരി എൻആർഐ, മറ്റ് സംസ്ഥാന ക്വാട്ട എന്നിവയ്ക്ക് കീഴിൽ നീറ്റ് റാങ്കുകളുടെ അടിസ്ഥാനത്തിൽ CENTAC-സെൻ്റക്കാണ് നടത്തുന്നത്.
ബിഎസ്‌സി പാരാമെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. കേരളത്തിലെ എൽബിഎസ് സെന്റർ വഴിയാണ് പ്രവേശനം നടക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ, സ്വകാര്യ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിഎ, ബിഎസ്‌സി, ബി, കോം, ബിബിഎ പ്രോഗ്രാമു കളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിനെ അടിസ്ഥാനമാക്കിയാണ്. പ്രവേശനം പുരോഗമിക്കുകയാണ്.ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെൻ്റ്, പാചക കലകൾ എന്നിവയിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയുടെ-JEE അടിസ്ഥാനത്തിലാണ് പ്രവേശനം.
സംസ്ഥാനത്ത് സംയോജിത(Integrated) നിയമ പ്രോഗ്രാമുകളിലേക്കു സംസ്ഥാന സർക്കാർ KLEE നടത്തും. 26 ദേശീയ നിയമ സർവകലാശാലകളിലെ സംയോജിത(integrated) നിയമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്-ക്ലാറ്റ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അത് ഡിസംബർ 24 ന് നടക്കും. ചൈന, റഷ്യ, ജോർജിയ, പോളണ്ട്, നെതർലാൻഡ്‌സ്, ഫിലിപ്പീൻസ്, നേപ്പാൾ, കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ബൾഗേറിയ തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് നീറ്റ് കട്ട് ഓഫ് മാർക്കിലൂടെയാണ് പ്രവേശനം.
വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് താൽപര്യമുള്ള വിദ്യാർഥികൾ പ്രത്യേകിച്ച് യുഎസ്എ, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ SAT, TOEFL/IELTS സ്‌കോറുകൾ അടിസ്ഥാനമാക്കിയുള്ളതാണ്. മാതാപിതാക്കളും വിദ്യാർഥികളും കൗൺസിലിങ്ങിനും പ്രവേശനത്തിനുമുള്ള പ്രക്രിയകൾ മനസ്സിലാക്കുകയും അവരുടെ താൽപര്യം, അഭിരുചി, ലക്ഷ്യം, പ്രോഗ്രാമിന്റെ പ്രസക്തി എന്നിവയെ അടിസ്ഥാനമാക്കി പ്രവേശനത്തിന് ഉചിതമായ തീരുമാനമെടുക്കുകയും വേണം.