നീറ്റ്–യുജി: ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ വന്നേക്കും
Mail This Article
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) നിർദിഷ്ട സമയം ലഭിക്കാത്തതിനു ഗ്രേസ് മാർക്ക് അനുവദിച്ച 1563 വിദ്യാർഥികൾക്കു വീണ്ടും പരീക്ഷ നടത്തിയേക്കും. 6 സെന്ററുകളിലെ വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് അനുവദിച്ചതു പരിശോധിക്കാൻ യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർക്കു വീണ്ടും പരീക്ഷ നടത്തുകയോ ഗ്രേസ് മാർക്ക് ഇല്ലാത്ത മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് നിർണയിക്കുകയോ ചെയ്യുന്നതാണു സമിതിയുടെ പരിഗണനയിലുള്ളതെന്നാണു വിവരം. സമിതിയുടെ അന്തിമ റിപ്പോർട്ട് ഇന്നോ നാളെയോ കൈമാറും.
മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തിയ ശേഷം വ്യത്യസ്ത മാർക്കുകൾ നൽകിയതിനാലാണു ചിലർക്ക് 718, 719 മാർക്ക് വരെ ലഭിച്ചതെന്നാണു എൻടിഎയുടെ വിശദീകരണം. പരാതി ഉയർന്ന ഹരിയാന സെന്ററിലെ 6 വിദ്യാർഥികൾക്ക് ഒന്നാം റാങ്കും ലഭിച്ചിരുന്നു.
ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ച ആദ്യ ഉത്തരസൂചികയെക്കുറിച്ച് 27,020 പേരാണ് പരാതികൾ ഉന്നയിച്ചത്. ഇതിൽ 13,373 േപർ ഫിസിക്സിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടാണു പരാതി ഉയർത്തിയതെന്നും പരിശോധനയിൽ 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്കു നൽകേണ്ടി വന്നുവെന്നും എൻടിഎ വ്യക്തമാക്കി.
ഒരേ മാർക്കു വന്നാൽ റാങ്ക് നിർണയിക്കുന്നതിനുള്ള കഴിഞ്ഞ തവണത്തെ മാനദണ്ഡങ്ങൾ തന്നെയാണ് ഇത്തവണയും തുടർന്നത്. കട്ട് ഓഫ് മാർക്ക് വർധിച്ചുവെങ്കിലും വിദ്യാർഥികളുടെ മാർക്ക് നിലവാരം ഉയർന്നതു റാങ്കിനെ സ്വാധീനിച്ചു. പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളുടെ ശരാശരി മാർക്ക് കഴിഞ്ഞ വർഷം 279.41 ആയിരുന്നെങ്കിൽ ഇക്കുറി അതു 323.55 ആണ്. സിലബസ് കുറച്ചതും പരീക്ഷയുടെ കാഠിന്യം കുറഞ്ഞതും പരീക്ഷാർഥികളുടെ എണ്ണം വർധിച്ചതുമെല്ലാം ഇതിനു കാരണമായി. എല്ലാ സെന്ററുകളിലും സിസിടിവിയുണ്ടെന്നും പരീക്ഷാസമയത്തും അതിനു ശേഷവും ദൃശ്യങ്ങൾ വിലയിരുത്തി ക്രമക്കേടുണ്ടായിട്ടില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും എൻടിഎ പറയുന്നു.
ഗ്രേസ് മാർക്ക് ചോദ്യംചെയ്ത് ഹർജി
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചതു ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ ഹർജി. എഡ്ടെക് കമ്പനിയായ ഫിസിക്സ്‌വാല സിഇഒ ആലക് പാണ്ഡെയാണ് കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് എൻടിഎയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, നീറ്റ് പരീക്ഷയ്ക്കു സെന്റർ അനുവദിച്ചതിലും പൊരുത്തക്കേടുകളു ണ്ടെന്നു സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിദ്യാർഥികൾ ആരോപിക്കുന്നു. ഒഡീഷ, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഗുജറാത്ത് ഗോധ്‍രയിലെ സെന്റർ തിരഞ്ഞെടുത്തതു സംശയമുയർത്തുന്നുവെന്നാണു പരാതി.
പരീക്ഷയുടെ തലേന്നു ചില ടെലിഗ്രാം ചാനലുകളിൽ ചോദ്യക്കടലാസ് ലഭിച്ചിരുന്നുവെന്നും ബിഹാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നീറ്റ് ചോദ്യക്കടലാസ് വിഷയത്തിൽ കേസുണ്ടെങ്കിലും എൻടിഎ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുക യാണെന്നും ഹർജിയിൽ പറയുന്നു.