പ്ലസ്‌ടു മികച്ച രീതിയിപാസായവരാണോ?; നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാം
Mail This Article
ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂരിലെ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ പഠിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ജവാഹർലാൽ നെഹ്‍റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം സൗജന്യമായി നേടാം.
10+2 കെഡറ്റ് (ബിടെക്) എൻട്രി സ്‌കീമിൽ ഇങ്ങനെ കടന്നെത്തുന്നവർക്കു നേവിയിൽ സ്ഥിരം കമ്മിഷൻഡ് ഓഫിസർ നിയമനം ലഭിക്കും.ആകെയുള്ള 40 സീറ്റ്, എക്സിക്യൂട്ടീവ് / ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ) ബ്രാഞ്ചുകളിലായി ആവശ്യാനുസരണം വിഭജിക്കും. ഓരോ കെഡറ്റും ഏതു ബ്രാഞ്ചിലേക്കെന്ന് അക്കാദമി തീരുമാനിക്കും.
അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺകുട്ടികൾക്കു പരമാവധി 8 സീറ്റുവരെ നൽകും. ജനനം 2005 ജൂലൈ രണ്ടിനു ശേഷവും 2008 ജനുവരി ഒന്നിനു മുൻപും ആയിരിക്കണം. യോഗ്യത: മാത്‌സ് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70% എങ്കിലും മാർക്കോടെ പ്ലസ്‌ടു. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും.
പ്രാഥമിക സിലക്‌ഷൻ 2024 ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ കോമൺ റാങ്ക് ലിസ്റ്റ് (CRL) പരിഗണിച്ചു മാത്രം. കട്ട്ഓഫ് മാർക്ക് തീരുമാനിച്ച്, മികവുള്ളവരെ 5 ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും. ഓൺലൈൻ അപേക്ഷ ഈമാസം 6 മുതൽ 20 വരെ. www.joinindiannavy.gov.in