എൽഡിസി: മുൻനിര റാങ്കുറപ്പിക്കാൻ മൂന്ന് വിജയമന്ത്രങ്ങൾ, കാത്തിരിക്കുന്നത് ഗസറ്റഡ് റാങ്ക് വരെയെത്താനുള്ള അവസരം
Mail This Article
കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷ ഇങ്ങെത്തിക്കഴിഞ്ഞു. എസ്എസ്എൽസി യോഗ്യതയുള്ള പത്തു ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. 14 ജില്ലകളിലേക്കു വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകളിൽ 27നു തിരുവനന്തപുരം ജില്ലയിലേക്കാണ് ആദ്യ പരീക്ഷ. തുടർന്ന് ഒക്ടോബർ വരെയായി മറ്റു ജില്ലകളിലേക്കുള്ള പരീക്ഷകളും നടക്കും. കഴിഞ്ഞ 2 തവണയു മുണ്ടായിരുന്ന പ്രിലിമിനറി– മെയിൻസ് ഇരട്ടപ്പരീക്ഷരീതി പിഎസ്‍സി ഒഴിവാക്കി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതിനാൽ മുൻപ് പിഎസ്‍സി പഠനം ഉപേക്ഷിച്ചവർ പോലും ഇത്തവണ പരീക്ഷ എഴുതാനെത്തും. അതുകൊണ്ടുതന്നെ മത്സരവും കടുപ്പമായിരിക്കും. മുൻനിര റാങ്കുകാരായി എൽഡിസി നിയമനം ലഭിച്ചാൽ ഗസറ്റഡ് റാങ്ക് വരെയെത്തി വിരമിക്കാനുള്ള അവസരമുണ്ടെന്ന് ഓർക്കുക. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര പരിശീലനം അനിവാര്യം. കഴിഞ്ഞതവണ വരെ നടത്തിയ എൽഡിസി മെയിൻ പരീക്ഷയുടെ അതേ നിലവാരത്തിലായിരിക്കും പരീക്ഷ നടത്തുക.
പ്രധാനം റിവിഷൻ പ്ലാൻ
ഓരോ ടോപ്പിക്കിൽനിന്നും എത്ര മാർക്ക് വീതമാണെന്നു സിലബസ് നോക്കി കൃത്യമായി മനസ്സിലാക്കിയായിരിക്കുമല്ലോ കഴിഞ്ഞ 6 മാസമായി പഠനം നടത്തിയിട്ടുണ്ടാകുക. അവസാന നിമിഷം കൂടുതൽ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നതിനെക്കാൾ ഇതുവരെ പഠിച്ചതിന്റെ റിവിഷൻ നടത്തുകയാണു പ്രധാനം.
∙ പഠിച്ച നോട്ടുകൾ വീണ്ടും വായിച്ചു നോക്കുക, ഒപ്പം പരമാവധി മുൻകാല ചോദ്യപ്പേപ്പറുകൾ പരിശീലിക്കുക എന്നതാണ് ഏറ്റവും നല്ല റിവിഷൻ പ്ലാൻ. കൃത്യം സമയം നിശ്ചയിച്ച് പരമാവധി ചോദ്യപ്പേപ്പറുകൾ പരിശീലിക്കുക.
∙ 2017ലെ അസിസ്റ്റന്റ് സെയിൽസ്മാൻ ചോദ്യപ്പേപ്പർ മുതലിങ്ങോട്ട് പത്താം ക്ലാസ് യോഗ്യതയായി വന്നിട്ടുള്ള ചോദ്യപ്പേപ്പറുകൾ ഇതിനായി തിരഞ്ഞെടുക്കാം.
∙ ഇംഗ്ലിഷ്, കണക്ക്, മലയാളം എന്നിവയ്ക്കു കൂടുതൽ സമയം ചെലവാക്കുക. കാരണം റാങ്ക്‌പട്ടികയിൽ നിങ്ങളുടെ സ്ഥാനവും ജോലിയുടെ സാധ്യതയും നിർണയിക്കാൻ പോകുന്നത് ഈ ഭാഗങ്ങളിൽനിന്നുള്ള മാർക്കായിരിക്കും. 20 മാർക്കുള്ള കറന്റ് അഫയേഴ്സ് വിഭാഗവും പ്രത്യേകം ശ്രദ്ധിക്കുക. ഇന്ത്യയും കേരളവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ വരെ അറിഞ്ഞിരിക്കണം.
∙ റാങ്ക്‌പട്ടികയിൽ കയറിയതു കൊണ്ടു മാത്രം ജോലി കിട്ടണമെന്നില്ല. 300 റാങ്കിനുള്ളിലെങ്കിലും നേടിയാലേ ജോലിക്കു സാധ്യതയുള്ളൂ എന്ന തിരിച്ചറിവോടെയാകണം പഠനം.
∙ പ്രസ്താവനരൂപത്തിലുള്ള ചോദ്യങ്ങൾ പ്രത്യേകം പരിശീലിക്കണം. 2021 മുതലുള്ള ചോദ്യപ്പേപ്പറുകളിൽ ഇത്തരം ചോദ്യങ്ങൾ കൂടുതൽ കാണാം.
വേണം ടൈം മാനേജ്മെന്റ്
ടൈം മാനേജ്മെന്റാണ് പരീക്ഷയിലെ ഏറ്റവും പ്രധാന ഘടകം. പ്രസ്താവനച്ചോദ്യങ്ങൾ പരീക്ഷയിൽ കൂടുതലായി ഉൾപ്പെടുത്താൻ തുടങ്ങിയതോടെ എഴുതാൻ സമയം തികയുന്നില്ലെന്ന പരാതി കൂടി. നിങ്ങളുടെ സമയം അപഹരിക്കുകയെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതെന്ന് ഓർക്കുക. ഓരോ ചോദ്യവും അവയുടെ ഓപ്ഷനും വായിച്ചു സമയം കളഞ്ഞ് അവസാനഭാഗമെത്തുമ്പോഴേക്കും അറിയാവുന്ന ചോദ്യങ്ങൾക്കുപോലും ഉത്തരമെഴുതാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ടൈം മാനേജ്മെന്റ് സ്ട്രാറ്റജിയാണു വേണ്ടത്. എളുപ്പമുള്ള ചോദ്യങ്ങൾ കണ്ടെത്തി അവയ്ക്ക് ആദ്യം ഉത്തരമെഴുതുകയും പിന്നീടു മറ്റു ചോദ്യങ്ങളിലേക്കു വരികയും ചെയ്യുക എന്നതാണ് നല്ല രീതി. കണക്ക്, മലയാളം, ഇംഗ്ലിഷ് എന്നിവ ആദ്യം പൂർത്തിയാക്കി പിന്നീട് പൊതുവിജ്ഞാന ചോദ്യങ്ങളിലേക്കു വന്നാൽ മതിയാകും. ഇങ്ങനെ സമയം കൃത്യമായി ഉപയോഗിക്കുന്നവർക്കു മാത്രമേ നന്നായി സ്കോർ ചെയ്യാൻ സാധിക്കൂ.
വെപ്രാളം വേണ്ട, ജാഗ്രത വേണം
എക്സാം ഹാളിലെ വെപ്രാളവും ധൃതിയും മൂലം അറിയാവുന്ന ചോദ്യങ്ങൾ പോലും തെറ്റിക്കാനും നെഗറ്റീവ് മാർക്കിലേക്കു വീഴാനും സാധ്യതയുണ്ട്. ചോദ്യം വായിച്ച് രണ്ടോ മൂന്നോ സെക്കൻഡ് ആലോചിച്ചശേഷം മാത്രം ഉത്തരം കറുപ്പിക്കുക.
∙ ഉത്തരമെന്നു തെറ്റിദ്ധാരണയുണ്ടാക്കുന്ന ഓപ്ഷൻ ‘എ’ ആയിത്തന്നെ കൊടുത്തിട്ടുണ്ടാകും. ചോദ്യം വായിച്ച് ആവേശത്തോടെ ‘എ’ കറുപ്പിച്ചുകഴിഞ്ഞാകും കൂടുതൽ ശരിയായ ഉത്തരം ‘ഡി’ ആണെന്നു തിരിച്ചറിയുക. അപ്പോഴേക്കും നെഗറ്റീവ് മാർക്ക് വീണിട്ടുണ്ടാകും.
∙ എത്ര നന്നായി പഠിച്ച ഉദ്യോഗാർഥിക്കും അറിയാത്ത ചില ചോദ്യങ്ങളുണ്ടാകും. വായിച്ചു വായിച്ചു സമയം കളയുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്. അത്തരം ചോദ്യങ്ങൾ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള പരിശീലനം കൂടി വേണം.
∙ കൂട്ടത്തിൽ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്താവനയാണോ ശരിയായ പ്രസ്താവനയാണോ കണ്ടെത്താൻ പറഞ്ഞിരിക്കുന്നതെന്നു കൃത്യമായി നോക്കിയിട്ടുവേണം ഉത്തരമെഴുതാൻ. ചതിക്കുഴികളിലൊന്നും വീഴാതെ ഒന്നേകാൽ മണിക്കൂറിനുള്ളിൽത്തന്നെ പരീക്ഷ എഴുതി നല്ല സ്കോർ നേടാൻ ശ്രമിക്കുക. ട്രാഫിക് ബ്ലോക്കിലൊന്നും കുടുങ്ങാതെ പരീക്ഷാകേന്ദ്രത്തിൽ നേരത്തേ എത്താനും ഹാൾ ടിക്കറ്റ്, ഐഡന്റിറ്റി പ്രൂഫ് അടക്കമുള്ള കാര്യങ്ങൾ കൈവശം വയ്ക്കാനും കൂടി ഓർക്കുമല്ലോ.