ADVERTISEMENT

ഗുരു ശിഷ്യരോടു ചോദിച്ചു: ഇന്നത്തെ ഏതെങ്കിലും ഒരു പ്രവൃത്തി തിരുത്തേണ്ടതായിട്ടുണ്ട് എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഒരാൾ പറഞ്ഞു: ഒരാളെക്കുറിച്ച് എനിക്കൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ഞാനതു മറ്റൊരാളോടു പറഞ്ഞു. അത് അയാളുടെ ചെവിയിലുമെത്തി. അയാൾക്കു വിഷമമുണ്ട്. എനിക്കതു തിരുത്തണം. ഗുരു പേസ്റ്റിന്റെ ട്യൂബ് കൊണ്ടുവരാൻ ആ ശിഷ്യനോട് ആവശ്യപ്പെട്ടു. അതിൽനിന്നു കുറച്ച് പേസ്റ്റ് പുറത്തേക്കെടുക്കാൻ പറഞ്ഞു. അവൻ അപ്രകാരം ചെയ്തപ്പോൾ അടുത്ത നിർദേശം വന്നു: ഇനിയതു തിരിച്ചു ട്യൂബിലേക്കു കയറ്റുക. എത്ര ശ്രമിച്ചിട്ടും നടക്കാതെ വിഷമിച്ചു നിൽക്കുന്ന അവനോടു ഗുരു പറഞ്ഞു: എല്ലാ തെറ്റും തിരുത്താനാകില്ല. 

പറഞ്ഞതൊന്നും തിരിച്ചെടുക്കാനാകില്ല. അതു പറന്നു നടക്കും. പറഞ്ഞതെല്ലാം പിൻവലിച്ചെന്നു പറയുന്നതു സാങ്കേതികത മാത്രമാണ്. പറഞ്ഞ വാക്കുകളും അവയുണ്ടാക്കിയ അനുരണനങ്ങളും നിലനിൽക്കും. കൂടുതൽ മാനങ്ങളും വിശദീകരണങ്ങളും കൈവന്ന് അവ പടർന്നുപിടിക്കും. നന്മകൾക്കൊന്നും സ്വയം പരക്കാനുള്ള ശേഷിയില്ല. അശ്ലീലങ്ങൾക്കെല്ലാം സ്വയം പ്രജനനശേഷിയും പ്രചാരണസാധ്യതയുമുണ്ട്. വന്യമൃഗത്തെ കൂട്ടിൽനിന്നു പുറത്തുവിട്ടശേഷം, തുറന്നുവിട്ട അതേ ലാഘവത്തോടെ തിരിച്ചുകയറ്റാം എന്നു കരുതുന്നതുപോലെയാണ് പറത്തിവിടുന്ന ഓരോ പരദൂഷണവും. തിരിച്ചുകയറ്റിയാലും തിരുത്താനാകാത്ത പല ദുരന്തങ്ങളും അവ സൃഷ്ടിച്ചിട്ടുണ്ടാകും. ക്ഷമിക്കണം എന്ന വാക്ക് എല്ലായിടത്തും പരിഹാരമല്ല. യാതനകളേറ്റുവാങ്ങിയയാൾ ക്ഷമിച്ചാലും ഏൽപിച്ച മുറിവുകൾ അങ്ങനെതന്നെ അവശേഷിക്കും. 

എല്ലാ അസത്യപ്രചാരണങ്ങളുടെയും അടിസ്ഥാനം അസൂയയാണ്. തന്നെക്കാൾ താഴെയുള്ളവരെക്കുറിച്ച് ആരോപണങ്ങളുന്നയിക്കാൻ ആർക്കും താൽപര്യമില്ല. തന്റെയൊപ്പമോ തന്നെക്കാൾ മുകളിലോ ഉള്ളവരെ താഴെയിടുകയാണ് എല്ലാ കിംവദന്തികളുടെയും അടിസ്ഥാനധർമം. എല്ലാ നുണകൾക്കും ചില പൊതുസ്വഭാവങ്ങളുണ്ട്. അവ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കും. അവയ്ക്ക് ഓരോ കൈമാറ്റത്തിലും രൂപമാറ്റവും അർഥവ്യത്യാസവും സംഭവിക്കും. കേൾക്കുന്നവയുടെ സത്യാവസ്ഥ പരിശോധിക്കാൻ ക്ഷമയും താൽപര്യവും വേണം. കണ്ണുമടച്ചു വിശ്വസിക്കാൻ ഒരു പ്രയത്നവും വേണ്ട. അതാണെളുപ്പവും. പുനർനിർമിക്കാനാകാ ത്തതൊന്നും നശിപ്പിക്കരുത്, പ്രത്യേകിച്ച് സൽപേര്. എല്ലാവർക്കും ഒരു ജീവിതമേയുള്ളൂ; അതിനെ മാനിക്കാൻ പഠിക്കണം.

English Summary:

The Irreversible Power of Words: A Guru's Lesson on the Consequences of Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com