ജനസംഖ്യ ഒരു പഠനവിഷയമാണ്; ലോക ബാങ്കിൽ വരെ കരിയർ സാധ്യത
Mail This Article
Q പോപ്പുലേഷൻ സ്റ്റഡീസിൽ പഠന വിധേയമാക്കുന്നതെന്തെല്ലാമാണ് ? പ്രധാന സ്ഥാപനങ്ങളും തൊഴിലവസരങ്ങളും വിശദീകരിക്കാമോ ?
A വിവിധ സമൂഹങ്ങളിലെ ജനസംഖ്യയുടെ വളർച്ച, ഘടന, കാലക്രമേണയുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠനശാഖയാണ് പോപ്പുലേഷൻ സ്റ്റഡീസ്. സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രവണതകൾ, ജനന-മരണ നിരക്കുകൾ, കുടിയേറ്റം, പ്രായവിഭജനം എന്നിവയും പഠിക്കും. സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, പൊതുജനാരോഗ്യം, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ സമന്വയിപ്പിക്കുന്ന ഇന്റർഡിസിപ്ലിനറി മേഖലയാണിത്. പരിമിതമായ പഠനാവസരങ്ങളേ ഇന്ത്യയിലുള്ളൂ. മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസാണ് പ്രധാന സ്ഥാപനം. എംഎ / എംഎസ്‌സി പോപ്പുലേഷൻ സ്റ്റഡീസ്, എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്സ് & ഡെമോഗ്രഫി, മാസ്‌റ്റർ ഓഫ് പോപ്പുലേഷൻ സ്‌റ്റഡീസ് എന്നീ പിജി പ്രോഗ്രാമുകളും ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളും ഇവിടെയുണ്ട്. എംഎസ്‌സി ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ് & ഡെമോഗ്രഫിക്കുള്ള അപേക്ഷകർ ഡിഗ്രിക്ക് മാത്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ബയോസ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലൊന്നിൽ രണ്ടു പേപ്പറുകളെങ്കിലും പഠിച്ചിരിക്കണം. പ്രവേശനപരീക്ഷയുണ്ട്.
മറ്റു ചില പ്രോഗ്രാമുകൾ:
ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്, പുണെ: എംഎസ്‌സി ഇക്കണോമിക്സ് (പോപ്പുലേഷൻ സ്റ്റഡീസ് & ഹെൽത്ത് ഇക്കണോമിക്സ്)
ഇഗ്‌നോ: എംഎ പോപ്പുലേഷൻ ആൻഡ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്
കേരള വെറ്ററിനറി യൂണിവേഴ്സിറ്റി: എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്സ് (ഡെമോഗ്രഫി ഒരു വിഷയമായി പഠിക്കാം)
പ്രധാന പിഎച്ച്ഡി കേന്ദ്രങ്ങൾ:
പോപ്പുലേഷൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഐഎസ്ഐ കൊൽക്കത്ത
സെന്റർ ഫോർ പോപ്പുലേഷൻ, ഹെൽത്ത് ആൻഡ് ഡവലപ്മെന്റ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS), മുംബൈ
സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് റീജനൽ ഡവലപ്‌മെന്റ്, ജെഎൻയു, ന്യൂഡൽഹി.
ഗവേഷണ, അധ്യാപന അവസരങ്ങൾക്കു പുറമേ നയരൂപീകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, ലോക ബാങ്ക് പോലെയുള്ള രാജ്യാന്തര സ്ഥാപനങ്ങൾ എന്നിവയിലും കരിയർ സാധ്യതകളുണ്ട്.