വേഗത്തില്‍ പ്രമോഷന് ചിലർക്കു മാത്രം എന്തുകൊണ്ട്? വേണം സ്മാർട് സ്കിൽ
Mail This Article
രണ്ട് തരം കഴിവുകള്‍ അഥവാ നൈപുണ്യ ശേഷികളാണ് ഒരു കരിയര്‍ വിജയത്തിന് ആവശ്യമുള്ളത്. ഒന്ന് ഹാര്‍ഡ് സ്കില്‍സ് അഥവാ സാങ്കേതിക വിജ്ഞാനം. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട സവിശേഷജ്ഞാനമാണ് ഇത്. ഉദാഹരണത്തിന് നിങ്ങളുടെ കോഡിങ് ശേഷി, ഡേറ്റ അനലറ്റിക്കല്‍ ശേഷി, സെയില്‍സ് മികവ്, വിദേശ ഭാഷകളിലെ അറിവ്, എഴുതാനുള്ള കഴിവ്, പഠിപ്പിക്കാനുള്ള കഴിവ്, എന്‍ജിനീയറിങ് ശേഷി, അക്കൗണ്ടിങ് ശേഷി. ഇവയെല്ലാം ഹാര്‍ഡ് സ്കില്ലുകളാണ്. ഇനിയൊന്ന് സോഫ്ട് സ്കില്‍സ്. തൊഴിലിടത്തില്‍ നിങ്ങള്‍ പ്രകടിപ്പിക്കേണ്ട ചില കഴിവുകളെയാണ് സോഫ്ട് സ്കില്‍ എന്ന് വിളിക്കുന്നത്.
ഉദാഹരണത്തിന് മറ്റുള്ളവരുമായി ഇടപെടാനുള്ള കഴിവ്, പ്രശ്ന പരിഹാര ശേഷി, സമയനിഷ്ഠ, ഡെഡ്ലൈനിനുള്ളില്‍ ജോലികള്‍ തീര്‍ക്കാനുള്ള കഴിവ്, സത്യസന്ധത, സര്‍ഗാത്മകത, ഏത് സാഹചര്യത്തിനനുസരിച്ചും ജോലി ചെയ്യാനുള്ള വഴക്കം, തുറന്ന മനസ്ഥിതി, സൂക്ഷ്മാംശങ്ങളിലുള്ള ശ്രദ്ധ, വഴക്കുകള്‍ രമ്യമായി പരിഹരിക്കാനുള്ള ശേഷി എന്നിവയെല്ലാം സോഫ്ട് സ്കില്ലുകളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഹാര്‍ഡ് സ്കില്ലിനൊപ്പം സോഫ്ട് സ്കില്‍ കൂടിയുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തില്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതായി ലിങ്ക്ഡ് ഇന്‍ പഠന ഡേറ്റ ചൂണ്ടിക്കാണിക്കുന്നു.
ഹാര്‍ഡ് സ്കില്‍ മാത്രമുള്ളവരെ അപേക്ഷിച്ച് സോഫ്ട് സ്കില്ലുകള്‍ കൂടിയുള്ളവര്‍ക്ക് 8 ശതമാനം കൂടുതല്‍ വേഗത്തില്‍ പ്രമോഷന് ലഭിക്കുന്നതായാണ് കണക്ക്. സ്ഥാപനവുമായി ബന്ധപ്പെട്ട ഓര്ഗനൈസേഷന് കഴിവ്, ടീംവര്‍ക്ക്, പ്രശ്നപരിഹാര ശേഷി, ആശയവിനിമയ ശേഷി എന്നിവ 11 ശതമാനം വേഗത്തില്‍ സ്ഥാനക്കയറ്റം സാധ്യമാക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നേതൃശേഷിയുള്ളവര്ക്ക് 10 ശതമാനം വേഗത്തില്‍ പ്രമോഷന് ലഭിക്കും. ജോലിയിരിക്കേ സോഫ്ട് സ്കില്‍ ഉള്‍പ്പെടെയുള്ള നൈപുണ്യ ശേഷികള്‍ നിരന്തരം വികസിപ്പിക്കേണ്ട ആവശ്യകതയും ലിങ്ക്ഡ് ഇന്‍ പഠന ഡേറ്റ അടിവരയിടുന്നു.