ADVERTISEMENT

നല്ലൊരു ടീം ലീഡറായി നിങ്ങളെ കരിയര്‍ വിജയത്തിലേക്കും തൊഴില്‍ സംതൃപ്‌തിയിലേക്കും ഒക്കെ നയിക്കേണ്ട ആളാണ്‌ നിങ്ങളുടെ മേലധികാരി അഥവാ ബോസ്‌. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ എല്ലാ മേലധികാരികളും ഇത്തരത്തില്‍ നിങ്ങള്‍ക്ക്‌ ഗുണകരമായ രീതിയില്‍ ജോലി ചെയ്‌തെന്ന്‌ വരില്ല. മനുഷ്യര്‍ ഓരോരുത്തരും ഓരോ വിധമായിരിക്കുന്നത്‌ പോലെ ബോസുമാരും പല തരത്തില്‍പ്പെട്ടവരായിരിക്കും. ചിലര്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെങ്കില്‍ മറ്റ്‌ ചിലര്‍ നിങ്ങളെ ഇടിച്ചുതാഴ്‌ത്താനും നിങ്ങളൊരു കഴിവില്ലാത്തയാളാണെന്ന്‌ വരുത്തി തീര്‍ക്കാനും ശ്രമിക്കാറുണ്ട്‌. ചിലരാകട്ടെ നിങ്ങളുടെ ഓരോ പ്രവര്‍ത്തനത്തിലും ഇടപെട്ട്‌ മൈക്രോ മാനേജ്‌മെന്റിന്റെ ചക്രവാളങ്ങള്‍ നിങ്ങളെ കാട്ടിത്തരും. ചിലര്‍ക്ക്‌ നിങ്ങളെ കണ്ണിന്‌ നേരെ കാണുന്നത്‌ പോലും വെറുപ്പായിരിക്കും. ചിലര്‍ നിങ്ങളെ എപ്പോഴും ഒതുക്കി നിര്‍ത്തി അവര്‍ക്ക്‌ ഇഷ്ടമുള്ള ജീവനക്കാര്‍ക്ക്‌ എല്ലാ അഭിനന്ദനങ്ങളും ചൊരിയും. മടിയന്മാരായ ബോസുമാര്‍, നിങ്ങളെ വീട്ടിലെ ജോലിക്കാരെ പോലെ കാണുന്നവര്‍ എന്നിങ്ങനെ പലതരം മേലധികാരികളെ തൊഴിലിടങ്ങളില്‍ കാണാന്‍ സാധിക്കും. മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ മൂലം മേലധികാരിയെ കൊണ്ട്‌ നിങ്ങള്‍ പൊറുതി മുട്ടി ഇരിക്കുകയാണോ? എന്നാല്‍ ഇനി  പേടിക്കണ്ട. ഇതെല്ലാം പരിഹരിക്കാനുള്ള ചില വഴികള്‍ പറഞ്ഞു തരികയാണ്‌ കരിയര്‍ കോണ്‍ടെസ്സയില്‍ എഴുതിയ ലേഖനത്തില്‍ പേഴ്‌സണല്‍ ബ്രാന്‍ഡിങ്‌ വിദഗ്‌ധയായ മിഷേല്‍ ലാന്‍ഡോ. 

1. നിങ്ങളെ കഴിവില്ലാത്തവനായി തോന്നിപ്പിക്കുന്ന ബോസ്‌
നിങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ക്ക്‌ പോലും നിങ്ങളെ ശകാരിച്ച്‌ കഴിവില്ലാത്തയാളാണ്‌ നിങ്ങള്‍ എന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ചില മേലധികാരികളുണ്ട്‌. സെറ്റപ്പ്‌ ടു ഫെയില്‍ സിന്‍ഡ്രോം എന്നാണ്‌ ഈ പ്രവണതയെ ഹാര്‍വാര്‍ഡ്‌ ബിസിനസ്സ്‌ റിവ്യൂ വിശേഷിപ്പിക്കുന്നത്‌. കീഴ്‌ജീവനക്കാര്‍ പരാജയപ്പെടാന്‍ വേണ്ടി മനപ്പൂര്‍വം കെണിയൊരുക്കി വച്ച്‌, ഒടുക്കം പരാജയപ്പെടുമ്പോള്‍ എല്ലാം തന്റെ തെറ്റാണെന്ന്‌ ജീവനക്കാരനെ കൊണ്ട്‌ തോന്നിപ്പിക്കുന്ന രീതിയാണ്‌ ഇത്‌. നിങ്ങള്‍ക്ക്‌ പരിശീലനം ലഭിക്കാത്തതോ നിങ്ങളുടെ നിയന്ത്രണപരിധിയില്‍പ്പെടാത്തതോ ആയ ജോലികള്‍ വരുമ്പോള്‍ അത്‌ ചൂണ്ടിക്കാണിക്കാന്‍ മടികാണിക്കരുത്‌. ഇതിനെ ചൊല്ലിയുള്ള ഉപദ്രവം സഹിക്കാനാകാതെ വന്നാല്‍ ഔദ്യോഗികമായി എച്ച്‌ആറിനോട്‌ പരാതിപ്പെടാവുന്നതാണ്‌. സഹപ്രവര്‍ത്തകരോട്‌ സംസാരിച്ച്‌ പരിഹാരങ്ങള്‍  തേടാനും ശ്രമിക്കാം.

1730973721
Representative Image. Photo Credit : Ground Picture / Shutterstock.com

2. മൈക്രോമാനേജ്‌ ചെയ്യുന്ന ബോസ്‌
നിങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളും തനിക്ക്‌ കണ്ട്‌ ബോധ്യപ്പെടണമെന്ന്‌ ശാഠ്യം പിടിക്കുന്ന മൈക്രോ മാനേജര്‍മാരെയും തൊഴിലിടങ്ങളില്‍ കാണാം. എല്ലാ ഇമെയിലുകളും ഇവര്‍ക്ക്‌ സിസി വച്ചിരിക്കണമെന്നും ഒരു കാര്യവും ഇവരുടെ അനുവാദം ഇല്ലാതെ ചെയ്യരുതെന്നും കരുതുന്നവരാണ്‌ ഇത്തരം ബോസുമാര്‍. നിരന്തരം മെയിലുകളും സന്ദേശങ്ങളുമായി ഇവര്‍ നിങ്ങളുടെ സമാധാനം നശിപ്പിക്കും. ഇത്തരം മാനേജര്‍മാരുമായി കൃത്യമായ ആശയവിനിമയം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഉദ്ദേശ്യവും ചിന്ത പ്രക്രിയയും വ്യക്തതയോടെ ഇവര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുക. ജോലി സമയത്തിന്‌ ശേഷവും ഓരോ കാര്യങ്ങള്‍ക്കുമായി ഇവര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നെങ്കില്‍ തൊട്ടടുത്ത മേലധികാരിയുടെ അടുത്ത്‌ ഇതിനെ പറ്റി പരാതിപ്പെടാവുന്നതാണ്‌. 

3. നിങ്ങളെ ഇഷ്ടമില്ലാത്ത ബോസ്‌
തൊഴിലിടത്തിലെ എല്ലാവര്‍ക്കും നിങ്ങളെ ഇഷ്ടമായെന്ന്‌ വരില്ല. പ്രത്യേകിച്ച്‌ ചില മേലധികാരികള്‍ക്ക്‌. പക്ഷേ, നിങ്ങളോട്‌ അവര്‍ക്കുള്ള വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങള്‍ ജോലിയെ ബാധിക്കാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കണം. നമ്മളെ ഇഷ്ടപ്പെടാന്‍ നമുക്കൊരാളെ നിര്‍ബന്ധിക്കാനാവില്ല. നിങ്ങളുടെ മേലധികാരി നിങ്ങളോട്‌ വ്യക്തിപരമായ അനിഷ്ടം വച്ച്‌ മോശമായി പെരുമാറിയാല്‍ അത്‌ സഹിക്കേണ്ട യാതൊരു കാര്യവും നിങ്ങള്‍ക്കില്ല. അതേസമയം നിങ്ങളുടെ ഏതെങ്കിലും പ്രവര്‍ത്തികള്‍ ഈ അനിഷ്ടത്തിലേക്ക്‌ തുടര്‍ച്ചയായി സംഭാവന ചെയ്യുന്നുണ്ടോ എന്ന്‌ സ്വയം വിചിന്തനം നടത്തേണ്ടതാണ്‌. മേലധികാരിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കി നോക്കിയും കണ്ടും പെരുമാറുന്നതും നന്നായിരിക്കും.പൊതുവായി നിങ്ങള്‍ക്കുള്ള ചില താത്‌പര്യങ്ങള്‍ കണ്ടെത്തി അതിനെ പറ്റിയൊക്കെ സംസാരിക്കുന്നത്‌ നിങ്ങള്‍ക്കിടയിലെ മതിലുകള്‍ പൊളിയാന്‍ കുറച്ചൊക്കെ സഹായിക്കും. 

182250053
Representative Image. Photo Credit : Pathdoc / Shutterstock.com

4. പക്ഷപാതിയായ ബോസ്‌
ടീമിലെ ഇഷ്ടക്കാരെ മാത്രം അഭിനന്ദിക്കുകയും അവര്‍ക്ക്‌ മാത്രം അവസരങ്ങളും പ്രമോഷനും ശമ്പളവർധനയുമൊക്കെ നല്‍ക്കുന്ന ചില മേലധികാരികളുമുണ്ട്‌. ഇതില്‍ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനാകില്ല. മേലധികാരികള്‍ അവരുടെ സ്വഭാവവുമായി ചേര്‍ന്ന്‌ നില്‍ക്കുന്നവരെയാകും എപ്പോഴും ഇത്തരത്തില്‍ ഇഷ്ടക്കാരായി കൂടെക്കൂട്ടുക.  ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി തന്നെ ജോലി തുടരുകയെന്നത്‌ മാത്രമാണ്‌ വഴി. കാരണം ദീര്‍ഘകാലത്തേക്ക്‌ ഒന്നും ആര്‍ക്കും നിങ്ങളുടെ സംഭാവനകളെ മൂടിവയ്‌ക്കാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ അത്‌ അംഗീകരിക്കപ്പെടും. ബോസ്‌ അഭിനന്ദിച്ചോ ഇല്ലയോ, നിങ്ങളുടെ ജോലിയെ നിങ്ങള്‍ സ്വയം അഭിനന്ദിക്കണം. അതില്‍ അഭിമാനിക്കണം. നിങ്ങളുടെ നേട്ടങ്ങളെയും അതിനെ കുറിച്ചുള്ള ഡേറ്റയുമൊക്കെ പിന്നീട്‌ റെസ്യൂമെയില്‍  ചേര്‍ക്കാന്‍ കഴിയും വിധം എഴുതി സൂക്ഷിക്കുക. പെര്‍ഫോമന്‍സ്‌ റിവ്യൂ വരുമ്പോള്‍ നിങ്ങളുടെ നേട്ടങ്ങള്‍ കൃത്യമായി എണ്ണിയെണ്ണി പറയുക. 

5. മടിയനായ ബോസ്‌
സ്വയം ഒന്നും ചെയ്യാതെ ജോലിയെല്ലാം സഹപ്രവര്‍ത്തകരുടെയും കീഴ്‌ ജീവനക്കാരുടെയും തലയില്‍ വച്ച്‌ കെട്ടുന്ന മേലധികാരികളും ഉണ്ട്‌. സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്ത ഈ മടിയന്മാരായ ബോസുമാരാണ്‌ വലിയ തലവേദന. ഇത്തരക്കാരോട്‌ വ്യക്തിപരമായി സംസാരിച്ച്‌ അവര്‍ നല്‍കുന്ന അധിക ജോലികള്‍ നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച്‌ ചൂണ്ടിക്കാട്ടണം. ഈ നില തുടര്‍ന്നാല്‍ അവരുടെ അടുത്ത മേലധികാരികളുടെ അടുത്ത്‌ പരാതിപ്പെടുന്നതും സഹായകമാകും. 

2308031511
Representative Image. Photo Credit : Yurri Maslak / Shutterstock.com

6. പേഴ്‌സണല്‍ അസിസ്റ്റന്റായി നിങ്ങളെ കാണുന്ന ബോസ്‌
നിങ്ങള്‍ ബോസിന്റെ പേഴ്‌സണല്‍ സെക്രട്ടറിയോ അസിസ്‌റ്റന്റോ അല്ലാതിരിക്കുമ്പോള്‍ അത്തരം ജോലികള്‍ നിങ്ങളെ കൊണ്ട്‌ ചെയ്യിക്കുന്നതിന്‌ ന്യായീകരണമില്ല. ഇതിന്‌ ശ്രമിച്ചാല്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കേണ്ടതും വിനയപൂര്‍വം തന്നെ നോ പറയേണ്ടതുമാണ്‌. ഈ ഉപദ്രവം തുടരുകയും പരാതിപ്പെട്ടിട്ടും മാറ്റമില്ലാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അത്തരം സ്ഥാപനം വിട്ട്‌ ഇറങ്ങുകയാകും നല്ലത്‌. 

7. പുതിയ ബോസിന്‌ നിങ്ങളെ ശരിക്കും പിടികിട്ടാതെ വരുമ്പോള്‍
നിങ്ങള്‍ ഒരു സ്ഥലത്ത്‌ ദീര്‍ഘകാലം നല്ല രീതിയില്‍ ജോലി ചെയ്‌തു വരികയാകും. അപ്പോഴാകും നിങ്ങള്‍ക്ക്‌ പുതിയൊരു മേലധികാരി വരുന്നത്‌. നിങ്ങളെ കുറിച്ചോ നിങ്ങളുടെ ജോലി ചെയ്യുന്ന രീതിയെ കുറിച്ചോ അറിയാത്ത ഈ ബോസിന്‌ ചിലപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്ന തോന്നല്‍ ഉണ്ടാകാം. പുതിയ മേലധികാരിയുമായി പുതിയ തരത്തിലുള്ള ആശയവിനിമയം ആവശ്യമാണെന്ന്‌ മനസ്സിലാക്കുക. നിങ്ങളുടെ കഴിവുകളെ കുറിച്ചും മുന്‍ തൊഴില്‍ നേട്ടങ്ങളെ കുറിച്ചും അവര്‍ അറിഞ്ഞിരിക്കുന്നത്‌ നിങ്ങളെ കുറിച്ചുള്ള മതിപ്പ്‌ വര്‍ദ്ധിപ്പിക്കും. ഇതിന്‌ കുറച്ച്‌ സമയം ചിലപ്പോള്‍ എടുത്തെന്ന്‌ വരാം. അത്‌ വരെ നിരാശപ്പെടാതെ ആത്മാര്‍ത്ഥമായി തന്നെ ജോലി തുടരേണ്ടതാണ്‌. 

English Summary:

Toxic Boss? How to Survive and Thrive in a Challenging Workplace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com