ADVERTISEMENT

അബുദാബി ∙ യുഎഇയിലെ പ്രമുഖ കമ്പനിയുടെ സിഇഒ എന്ന വ്യാജേന ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു തട്ടിപ്പ് വ്യാപകം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടു. പുതിയ പ്രോജക്ടിന്റെ മീറ്റിങ്ങിലാണെന്നും പദ്ധതി ആക്ടിവേറ്റ് ചെയ്യാൻ അടിയന്തരമായി 5000 ദിർഹം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ജീവനക്കാരെ സമീപിക്കുന്നത്. 

ഐട്യൂൺസ് ഗിഫ്റ്റ് കാർഡ് വഴി 500ന്റെ ഗുണിതങ്ങളായി അയക്കണമെന്നാണ് ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ പണം അയച്ചുകൊടുത്തവർ ഏറെ. ചെറിയ തുക ആവശ്യപ്പെട്ടാണ് തുടക്കം. ഇതു ലഭിച്ച ഉടൻ മറുപടി അയയ്ക്കും. 10,000 ദിർഹം കൂടി ആവശ്യമുണ്ടായിരുന്നെന്നും രണ്ടും കൂടി ചേർത്ത് വൈകിട്ടോടെ തിരിച്ചുതരാമെന്നും പറയും. 

ഓരോ ജീവനക്കാരന്റെയും സാമ്പത്തികശേഷി അനുസരിച്ച് 2000 ദിർഹം മുതലാണ് ചോദിക്കുന്നത്. ദുബായിലെ ഐടി കമ്പനിയിൽ കംപ്യൂട്ടർ എൻജിനീയറായി  ജോലിക്കു ചേർന്ന കണ്ണൂർ സ്വദേശിനിയും വഞ്ചിക്കപ്പെട്ടവരിൽ ഉൾപ്പെടും. സിഇഒയുടെ ഓഫിസ് അസിസ്റ്റന്റ് അവധിയിലായതിനാൽ തന്നോട് ചോദിച്ചതാകുമെന്ന് കരുതിയാണ് 5000 ദിർഹം (ലക്ഷത്തിലേറെ രൂപ) അയച്ചുകൊടുത്തത്. ഇങ്ങനെ  ഒട്ടേറെ പേർക്ക് വൻ തുക നഷ്ടമായി.  

 ∙  ബ്ലാക്ക് മാർക്കറ്റ്
തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന ഐ ട്യൂൺസ് ഗിഫ്റ്റ് കാർഡ് ബ്ലാക്ക് മാർക്കറ്റിൽ കുറഞ്ഞ തുകയ്ക്ക് വിറ്റ് പണം സമ്പാദിക്കുന്നതാണ് ഇവരുടെ രീതി. ആപ് സ്റ്റോറിൽനിന്ന് പ്രത്യേക പേരുവിവരമൊന്നും നൽകാതെ ആർക്കും കാർഡ് വാങ്ങാമെന്നതിനാൽ തട്ടിപ്പുകാരെ കണ്ടെത്താനോ നിയമ നടപടി സ്വീകരിക്കാനോ സാധിക്കില്ല.

നിർമിത ബുദ്ധി ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്ന കാലമായതിനാൽ ഇടപാട് നടത്തുന്നതിന് മുൻപ് അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ പറയുന്നു. സംശയകരമായഫോൺ വിളികൾക്കും എസ്എംഎസിനും ഇമെയിലും  മറുപടി നൽകരുത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ, എമിറേറ്റ്സ് ഐഡി ഡേറ്റകൾ നൽകുകയോ അരുത്. സംശയാസ്പദമായ ലിങ്കുകളിൽ നിന്നോ വിശ്വാസ യോഗ്യമല്ലാത്ത മൂന്നാം കക്ഷി സേവന ദാതാക്കളിൽനിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും സൈബർ വിദഗ്ധൻ ഇല്യാസ് കൂളിയങ്കാൽ പറഞ്ഞു.

സുരക്ഷിതമല്ലാത്ത വെബ്സൈറ്റ് ഉപയോഗിക്കുന്നതും തെറ്റായ ആശയവിനിമയ മാർഗങ്ങൾ സ്വീകരിക്കുന്നതും അപരിചിതരുമായി ചാറ്റ് ചെയ്യുന്നതുമെല്ലാം സൈബർ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂട്ടും. ഇതുമൂലം വിലപ്പെട്ട വിവരങ്ങളും രേഖകളും പണവും നഷ്ടമാകും. വിലക്കുറവ്, വ്യാജ സമ്മാന വാഗ്ദാനം, വിവാഹ തട്ടിപ്പ്, ഷിപ്പിങ് തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ സൈബർ തട്ടിപ്പുകാർ സമീപിക്കും. വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിൽ പരാതിപ്പെടണമെന്നും ഓർമപ്പെടുത്തി.

 ∙  ബാക്ക് ടു സ്കൂളിന്റെ മറവിലും തട്ടിപ്പ്; വിലക്കുറവ് കണ്ട് ‘വീഴരുത്’
ഓൺലൈനിൽ കുറഞ്ഞ വിലയ്ക്ക് പഠനസാമഗ്രികൾ വാഗ്ദാനം ചെയ്യുന്നവരുടെ കെണിയിൽ വീഴരുതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വിലക്കുറവ് തേടി ഓൺലൈൻ ഷോപ്പിങ്ങിനിറങ്ങുന്നവർക്കാണ് മുന്നറിയിപ്പ്. ബാക് ടു സ്കൂൾ പ്രമോഷന്റെ മറവിലാണ് തട്ടിപ്പ്. വ്യാജ സൈറ്റുകൾ നിർമിച്ച് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാഗ്ദാനം ചെയ്യുന്നവർ ഇടപാടുകാരുടെ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ചോർത്തി പണം തട്ടുകയാണ് ചെയ്യുന്നത്.

വെബ്സൈറ്റ് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഓൺലൈൻ ഇടപാട് നടത്താവൂ എന്നും ഓർമിപ്പിച്ചു. വിലക്കുറവ് പരസ്യം കണ്ട് ചാടിവീഴുന്നതിനു മുൻപ് സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കിൽ പണം നഷ്ടപ്പെടാം. സൈബർ ആക്രമണങ്ങളിൽ 35 ശതമാനവും ഇമെയിൽ വഴിയാണെന്നും ഏറ്റവും പുതിയ ആന്റിവൈറസ് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ശക്തമായ പാസ്‌വേർഡ് ഉപയോഗിക്കുകയും ഇടയ്ക്കിടെ മാറ്റുകയും വേണമെന്നും ഓർമിപ്പിച്ചു.

English Summary:

UAE Cyber Security Council Warns Against Online Fraudsters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com