ജീവിതം മാറ്റിമറിച്ചവർ, ഇരുട്ടിൽ ദീപമായവർ; ആരാവണം അധ്യാപകൻ?
Mail This Article
അർത്ഥവത്തായ അധ്യാപക ജീവിതത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലോടെയാണ് ഓരോ സെപ്റ്റംബർ അഞ്ചും കടന്നുവരുന്നത്.ഡോ.എസ്.രാധാകൃഷ്ണന്‍ രാഷ്ട്രപതിയായപ്പോള്‍ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് രാഷ്ട്രപതിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു. “നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ അഞ്ച് എന്റെ ജന്മദിനമായി കൊണ്ടാടുന്നതിന് പകരം അധ്യാപകദിനമായി ആഘോഷിക്കുന്നത് ആലോചിക്കാം.ആ കൂടിക്കാഴ്ചയിൽ നിന്നാണ് ജീവിത യാത്രയിൽ വഴികാട്ടികളായ അധ്യാപകരുടെ സേവനങ്ങൾ ഓര്‍മിക്കാന്‍ ഒരു ദിനം പിറവി കൊണ്ടത്.
ശ്രീനാരായണ ഗുരു പ്രകാശത്തെ കുറിച്ച് നടത്തിയ പ്രസ്താവന അധ്യാപകരുമായി ചേർത്ത് വായിക്കുന്നത് നന്നാവും.എത്രയോ കാലമായി അടച്ചിട്ടതും കൂരിരുട്ട് നിറഞ്ഞതുമായ മുറിയിൽ ഒരു കൊച്ചു ദീപം കൊളുത്തിവെച്ചാൽ അവിടമാകെ വെളിച്ചമാകും. ഇതേ വിധം ഇരുളടഞ്ഞ മനസ്സിൽ നിറ ദീപം കൊളുത്തിവെക്കുന്നവരാണ് ഗുരുനാഥന്മാർ.മാതാ പിതാ ഗുരു ദൈവം എന്ന സ്ഥാനത്ത് നിന്നും സാങ്കേതിക വിദ്യയുടെ വികാസം മൂലം ഗൂഗിൾ മതിയാവും എന്ന മിഥ്യാധാരണയിലാണ് പലരും.അറിവുകൾ പകരാൻ ഗൂഗിളിന് കഴിയും.സ്നേഹവും സഹിഷ്ണതയും ക്ഷമയും കാരുണ്യവും ആർദ്രതയും വിട്ടുവീഴ്ചയും പഠിപ്പിക്കാൻ ഗൂഗിളിനാവില്ല.പുസ്തകത്തിലെ അറിവുകൾ മാത്രം പകരുന്നവരല്ല മറിച്ച് ജീവിത പാഠങ്ങൾ കൂടി പഠിപ്പിക്കുന്നവരാണ് അദ്ധ്യാപകർ.കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർക്ക് ഏറെ സ്വാധീനം ചെലുത്താനാവും. വളർന്നു വരുന്ന കുട്ടിക്ക് ഏറ്റവും നല്ല അധ്യാപകനെ കിട്ടിയാൽ അത് സമൂഹത്തിനു തന്നെ മുതൽ കൂട്ടായി മാറും. ലോകത്തിന്റെ ഭാവി ക്ലാസ് മുറികളിൽ എന്നത് കേവലം ഭംഗി വാക്കല്ല. നാളത്തെ രാഷ്ട്ര തന്ത്രജ്ഞരും ഭരണാധികാരികളും കളക്ടറും എഞ്ചിനീയറും ഡോക്ടറും ശാസ്ത്രജ്ഞരും നിയമപാലകരും ന്യായാധിപന്മാരും സാഹിത്യകാരന്മാരും കലാകാരന്മാരും കായിക താരങ്ങളും തുടങ്ങി എല്ലാവരും വളരുന്നത് ക്ലാസ് മുറികളിലാണ്. അവരിൽ നല്ല മാനുഷിക മൂല്യങ്ങളും മതേതര ചിന്തകളും വളർത്തിയെടുക്കാൻ അധ്യാപകന് കഴിയണം.ഓരോ വിദ്യാർത്ഥിയും വീട്ടിലും മാതാപിതാക്കൾക്കൊപ്പവും കഴിച്ചു കൂട്ടുന്നതിനേക്കാൾ കൂടുതൽ സമയം സ്കൂളിലും അധ്യാപകരുടെ കൂടെയുമാണ് ചിലവഴിക്കാറുള്ളത്. തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ അഭിരുചിയും ബലഹീനതകളും എന്താണെന്ന് തിരിച്ചറിയാനും അവർക്ക് ആവശ്യമായ വഴികൾ പറഞ്ഞു കൊടുക്കാനും ഗുരുനാഥന് കഴിയണം.
നല്ല വാക്കുകൾ കൊണ്ടും മഹത്തായ മാതൃകകൾ കൊണ്ടും അദ്ധ്യാപകർ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നവരാവണം.മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകൻ ബിൽഗേറ്റ്സ് തന്റെ ജീവിതം മാറ്റി മറിച്ച അധ്യാപകനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കൊച്ചു ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠികളുടെ അവഗണന ഏറ്റു വാങ്ങിയ വിദ്യാർഥിയായിരുന്നു ബിൽഗേറ്റ്സ്. അവന്റെ ഇഷ്ടവിനോദമായ പുസ്തക വായനയെയും കഴിവുകളെയും തലോടിയ ബ്ലാൻകെ കഫീർ എന്ന അധ്യാപികയുടെ പ്രോത്സാഹനമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അങ്ങിനെയുള്ള അധ്യാപകർ സ്ഥലം മാറിപോകുമ്പോൾ സ്നേഹം കൊണ്ട് പൊതിയുന്ന കുട്ടികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. തമിഴ്നാട്ടിൽ ഭഗവാൻ എന്ന് പേരുള്ള ഒരു അധ്യാപകന് മറ്റൊരു സ്കൂളിലേക്ക് സ്ഥലമാറ്റം കിട്ടിയപ്പോൾ പ്രിയപെട്ട ഗുരുനാഥനെ വിട്ടുതരാൻ കഴിയില്ലെന്ന് പറഞ്ഞു കുരുന്നുകൾ സമരം ചെയ്തതും അവസാനം കുട്ടികളുടെ അഭ്യർത്ഥന മാനിക്കാൻ തൽക്കാലം സർക്കാർ തയ്യാറായതും വലിയ വാർത്തയായിരുന്നു. കുട്ടികൾ സ്വപ്നം കാണുന്നവരായി മാറണം എന്ന് എല്ലാവരും പറയാറുണ്ട്. ആകാശത്തോളം ഉയരത്തിൽ പറക്കാനുള്ള സ്വപ്ന ചിറകുകൾ സമ്മാനിക്കുന്നതും അധ്യാപകരാണ്.
വയനാട്ടിൽ നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും 500 ഓളം മനുഷ്യരെ മലവെള്ളപാച്ചിൽ തട്ടിയെടുത്തപ്പോൾ എന്റെ സ്കൂൾ ഒലിച്ച് പോയെന്നും എന്റെ കുട്ടികൾ മരിച്ചെന്നും പറഞ്ഞ് പൊട്ടികരഞ്ഞ ഉണ്ണിമാഷിന്റെ മുഖം മലയാളിക്ക് അത്ര വേഗം മറക്കാനാവില്ല. കയറിന്റെയും കായലിന്റെയും നാടായ ആലപ്പുഴയിൽ നിന്നും ചുരം കയറിയ അധ്യാപകൻ സ്വന്തം മക്കളെ പോലെയാണ് സ്കൂളിലെ കുട്ടികളെ ചേർത്തു പിടിച്ചത്. ചൂരൽമലക്ക് അപ്പുറം ലോകമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് കൊണ്ടാണ് ആ മാഷിന്റെ സാനിധ്യം പോലും വേദനയിൽ ആശ്വാസത്തിന്റെ ലേപനമായി മാറുന്നത്. മുന്നിലിരിക്കുന്നത് സ്വന്തം കുഞ്ഞുങ്ങൾ അല്ലന്ന് തോന്നുന്ന നിമിഷം നിങ്ങൾ വിദ്യാലയത്തിന്റെ പടിയിറങ്ങണമെന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകൾ ഓരോ അധ്യാപകരോടും തങ്ങളുടെ അറിവുകൾ രാകിമിനുക്കാനുള്ള ആഹ്വാനം കൂടിയാണ്. വിദ്യാർത്ഥി മനസ് അണയാതെ സൂക്ഷിക്കാനും തങ്ങൾക്ക് പറ്റുന്ന ഓരോ പിഴവും സമൂഹത്തെയാകെ ഗ്രസിക്കുമെന്നുള്ള ബോധ്യവും അധ്യാപകർക്കുണ്ടാവണം.