ADVERTISEMENT

ജനപ്രതിനിധിയായതിനാലും എപ്പോഴും ജനങ്ങളുമായി ഇടപഴകുന്നതു കൊണ്ടും ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും എന്നെയും പലവിധത്തിൽ ബാധിക്കാറുണ്ട്. നിരവധിയായ പ്രശ്നങ്ങളെയാണ് ഒരു ദിവസം അഭിമുഖീകരിക്കുന്നത്. ഓരോ പ്രശ്നങ്ങളും കേൾക്കുമ്പോൾ അതെല്ലാം നമ്മുടെ പ്രശ്നങ്ങളായി തന്നെ തോന്നും. സന്തോഷവും സങ്കടങ്ങളുമെല്ലാം ജനങ്ങൾ നമ്മളോട് പങ്കുവയ്ക്കും. ചിലർ വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കും. പൊതുപ്രവർത്തകരെ സംബന്ധിച്ചടുത്തോളം കോപം നിയന്ത്രിക്കുക വളരെ പ്രധാനമാണ്. മുപ്പത് വയസുവരെ എനിക്ക് കോപം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. പൊതുപ്രവർത്തനത്തിന്റെ ആദ്യനാളുകളിൽ എന്തു കേട്ടാലും എനിക്ക് ദേഷ്യം വരില്ലായിരുന്നു. നാൽപത് കടന്നതോടെ പക്ഷേ കോപം നിയന്ത്രിക്കാൻ കഴിയാതെയായി. 

പി. ശ്രീരാമകൃഷ്ണൻ നിയമസഭാ സ്പീക്കറായിരിക്കുമ്പോഴാണ് എംഎൽഎമാർക്കായി യോഗ ക്ലാസ് സംഘടിപ്പിക്കുന്നത്. മുപ്പതോളം എംഎൽഎമാർ ആദ്യ ബാച്ചിൽ പങ്കെടുത്തിരുന്നു. രാവിലെ 5.30ന് തുടങ്ങുന്ന ക്ലാസിന്റെ ആദ്യ ദിനം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമായിരുന്നു. ക്ലാസ് ഒരാഴ്ച പിന്നിട്ടതോടെ ദേഷ്യം നിയന്ത്രിക്കാൻ ഞാൻ ശീലിച്ചു. പിന്നീട് യോഗ ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമായി. മന:ശാന്തിയും ഏകാഗ്രതയും നേടാൻ യോഗ സഹായിക്കുമെന്ന് മനസ്സിലായി. എത്ര വലിയ പ്രശ്നങ്ങളും സമചിത്തതയോടെ നേരിടാൻ ശീലിച്ചു. എത്ര തിരക്കുണ്ടെങ്കിലും മുപ്പത് മിനിറ്റ് യോഗയ്ക്കായി മാറ്റിവയ്ക്കുന്നത് പതിവായി. ശരീരത്തിൽ വരുന്ന ഹോർമോൺ വ്യതിയാനങ്ങൾ നമ്മുടെ സ്വഭാവത്തെയും ബാധിക്കും. അടുത്തകാലത്ത് ധ്യാനത്തിന് കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ ജീവിതം കൂടുതൽ സന്തോഷകരമായി. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും യോഗ പ്രേരിപ്പിക്കും. 

U-Prathibha-topics
യു. പ്രതിഭ. ചിത്രം∙മനോരമ

നിയമസഭയിലും പുറത്തും പ്രതിപക്ഷവുമായി വാക്കുതർക്കം ഉണ്ടാകുമ്പോഴും എന്റെ ശബ്ദം ഇപ്പോൾ വല്ലാതെ ഉയരില്ല. അപൂർവമായി മാത്രമാണ് ഞാൻ ദേഷ്യത്തോടെ സംസാരിച്ചിട്ടുള്ളത്. ഇടയ്ക്ക് മാധ്യമപ്രവർത്തകരെ ചീത്ത വിളിച്ചു എന്നൊരു വിവാദമുണ്ടായിരുന്നു. പക്ഷേ ഞാൻ മാധ്യമപ്രവർത്തകരെയല്ല ചീത്ത വിളിച്ചത്. പാർട്ടിയിലെ പ്രശ്നങ്ങൾ ചോർത്തിക്കൊടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്. 

യോഗ ഏതെങ്കിലുമൊരു പാർട്ടിയുടെയോ മതത്തിന്റെയോ ഭാഗമല്ല. നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്നത് മാനസിക സൗഖ്യത്തിനാണല്ലോ. ഒരുകാലത്ത് അമ്പലത്തിൽ പോകുന്നവർ ഏതെങ്കിലുമൊരു പാർട്ടിയില്‍ പെട്ടവരായിരുന്നില്ല. അവിടെ എല്ലാവരും പോകുമായിരുന്നു. ഞാനും പോകുമായിരുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ ഓരോ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാൻ തുടങ്ങിയിരിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം. ക്ഷേത്രം എന്നു പറയുന്നത് ബിജെപി അല്ലെങ്കിൽ ആർഎസ്എസുകാരുടെ മാത്രം സ്ഥലമാണെന്ന് ആരൊക്കെയോ പറഞ്ഞു തുടങ്ങിയിരിക്കുന്നു. 

അശാന്തിയുടെ കാലഘട്ടത്തിലൂടെയാണ് നമ്മുടെ കുഞ്ഞുങ്ങൾ കടന്നു പോകുന്നത്. നമ്മൾ കുഞ്ഞുന്നാളിൽ പഠിച്ചതും കേട്ടതുമൊന്നുമല്ലല്ലോ അവർ കേൾക്കുന്നത്. അങ്ങനെയുള്ള ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് വേണ്ടത് യോഗയും മെഡിറ്റേഷനുമൊക്കെയാണ്. ഇതെല്ലാം സ്കൂളുകളിൽ നിർബന്ധമാക്കണമെന്ന് എന്റെ അഭിപ്രായം. 

English Summary:

MLA U Prathibha shares her Yoga experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com