‘ഒരു ദിവസം യോഗ മുടങ്ങിയാൽ എന്തോ വലിയ നഷ്ടം സംഭവിച്ചുവെന്ന തോന്നലാണ്’
Mail This Article
പാർലമെന്റ് അംഗമായി ഡൽഹിയിൽ താമസിക്കുമ്പോഴാണ് യോഗ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഡൽഹിയിലുള്ള സുഹൃത്താണ് എന്നെ യോഗ പഠിപ്പിച്ചത്. ഇപ്പോൾ വർഷങ്ങളായി ഞാൻ യോഗ പരിശീലിക്കുന്നു. പൊതുപ്രവർത്തനത്തിൽ സമയകൃത്യതയൊന്നും പാലിക്കാൻ കഴിയാറില്ല. പക്ഷേ എത്ര തിരക്കുണ്ടെങ്കിലും അരമണിക്കൂർ സമയം യോഗയ്ക്ക് വേണ്ടി ഞാൻ മാറ്റിവയ്ക്കും. കാരണം എത്ര ക്ഷീണിച്ചു വന്നാലും യോഗ ചെയ്തു കഴിഞ്ഞാൽ മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കും,. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ എല്ലാവരും യോഗ ചെയ്യണം.
യോഗയ്ക്ക് ജാതി, മതം, രാഷ്ട്രീയം ഒന്നുമില്ല. ആർക്കുവേണമെങ്കിലും ഇതു പരിശീലിക്കാൻ കഴിയും. വജ്രാസനവും പത്മാസനവുമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
യോഗ പരിശീലനം തുടങ്ങിയതോടെ ജീവിതം ആകെ മാറിയിട്ടുണ്ട്. എത്ര വലിയ പ്രകോപനമുണ്ടായാലും ശാന്തമായി പ്രതികരിക്കാൻ കഴിയും. എനിക്ക് കോപം നിയന്ത്രിക്കാൻ സാധിച്ചതും യോഗ പരിശീലിക്കാൻ തുടങ്ങിയതോടെയാണ്. ഒരു ദിവസം യോഗ മുടങ്ങിപ്പോയാൽ എന്തോ വലിയ നഷ്ടം സംഭവിച്ചുവെന്ന തോന്നലാണ്. യോഗയോടൊപ്പം ധ്യാനവും പരിശീലിച്ചാൽ മനസ് എപ്പോഴും ശാന്തമാകും. ഒപ്പം ഏകാഗ്രതയും ലഭിക്കും.